---
title: "ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ, വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച മൃതദേഹം; 48കാരിയായ സ്കൂൾ പ്രിൻസിപ്പൽ കൊല്ലപ്പെട്ട നിലയിൽ"
english_title: "Telangana School Principal Kallu Roopa Reddy Found Murdered With 27 Stab Wounds"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378424/telangana-nalgonda-school-principal-murdered"
published_at: "2026-08-14T07:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e77fb84d52_telangana-nalgonda-school-principal-murdered.jpg"
keywords: ["School Principal Murder", "Murder Case", "Telangana Crime"]
---

# ശരീരത്തിൽ 27 കുത്തേറ്റ മുറിവുകൾ, വീട്ടിനുള്ളിൽ രക്തത്തിൽ കുളിച്ച മൃതദേഹം; 48കാരിയായ സ്കൂൾ പ്രിൻസിപ്പൽ കൊല്ലപ്പെട്ട നിലയിൽ

> **Lead Summary:** **ഹൈദരാബാദ്: **തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ സ്വന്തം വസതിയിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ 48 വയസ്സുള്ള കല്ലു രൂപ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.

## Article Content

**ഹൈദരാബാദ്: **തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിൽ സ്വകാര്യ സ്കൂൾ പ്രിൻസിപ്പലിനെ സ്വന്തം വസതിയിൽ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂൾ പ്രിൻസിപ്പലും ഡയറക്ടറുമായ 48 വയസ്സുള്ള കല്ലു രൂപ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.

പൊലീസ് പറയുന്നതനുസരിച്ച്, രൂപ റെഡ്ഡിയുടെ ശരീരത്തിൽ ഇരുപത്തിയേഴ് കുത്തേറ്റ മുറിവുകളുണ്ടായിരുന്നു. ജെബി കോളനിയിലെ വീട്ടിൽ ഭർത്താവ് രാജേന്ദർ റെഡ്ഡിക്കൊപ്പമാണ് രൂപ താമസിച്ചിരുന്നത്. ദമ്പതികൾക്ക് ഹൈദരാബാദിലും സ്വന്തമായി വീടുണ്ട്. ഇവരുടെ മകൻ അഭിനവ് റെഡ്ഡി ഹൈദരാബാദിൽ എൻജിനീയറിങ് വിദ്യാർഥിയാണ്.

മൂന്ന് ദിവസത്തെ അവധി പ്രമാണിച്ച് രൂപയും ഭർത്താവും ഹൈദരാബാദിലേക്ക് പോയിരുന്നു. എന്നാൽ ജോലി ആവശ്യങ്ങൾക്കായി ഭർത്താവ് അവിടെ തുടർന്നപ്പോൾ, ചൊവ്വാഴ്ച രൂപ ഒറ്റയ്ക്ക് കൊണ്ടമല്ലേപ്പള്ളിയിലേക്ക് മടങ്ങിയെത്തി. പകൽ സമയത്ത് സ്കൂളിലെത്തിയ അവർ വൈകിട്ട് ആറര വരെ അവിടെ ഉണ്ടായിരുന്നു. അതിനുശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്.

ബുധനാഴ്ച രാവിലെ ഭർത്താവ് രാജേന്ദർ റെഡ്ഡി ഫോണിൽ വിളിച്ചപ്പോൾ രൂപയെ കിട്ടാതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫോൺ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് ഇതേ കെട്ടിടത്തിൽ താമസിക്കുന്ന വാടകക്കാരെ വിളിച്ച് അന്വേഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും പ്രതികരണമില്ലാതെ വന്നതോടെ വാടകക്കാർ വിവരം രാജേന്ദറിനെ അറിയിച്ചു.

തുടർന്ന് അദ്ദേഹം വീട്ടിനടുത്ത് താമസിക്കുന്ന ചിന്തപള്ളി സബ് ഇൻസ്പെക്ടർ രാമമൂർത്തിയെ ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. എസ്ഐയും അയൽക്കാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് രൂപയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

കൊലപാതകത്തിനു പിന്നിലെ ലക്ഷ്യമോ പ്രതിയെയോ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. എല്ലാ സാധ്യതകളും പരിശോധിച്ചു വരികയാണെന്നും അന്വേഷണത്തിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു. കൊലയാളി രൂപയ്ക്ക് പരിചയമുള്ളയാളാണോ എന്നും അയാൾ എങ്ങനെ വീട്ടിനുള്ളിൽ പ്രവേശിച്ചു എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ വിവരങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

**English Summary:**

Kallu Roopa Reddy, 48, principal and director of Nagarjuna Public School in Kondamallepally, Nalgonda district, Telangana, was found murdered at her residence. According to police, she had 27 stab wounds. Reddy lived with husband Rajender Reddy and had returned alone on Tuesday after a holiday in Hyderabad. Her husband found her unreachable on Wednesday and alerted local SI Ramamurthy. Police said the motive and accused are yet to be identified and the investigation is focusing on CCTV footage and call records.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378424/telangana-nalgonda-school-principal-murdered)