---
title: " മിന്നൽപ്രളയത്തിൽ നടുങ്ങി ഉത്തരാഖണ്ഡ്; തുരങ്കത്തിൽ വെള്ളവും മണ്ണും ഇരച്ചുകയറി, ആറ് തൊഴിലാളികൾ മരിച്ചു, രണ്ട് പേരെ കാണാനില്ല"
english_title: "Uttarakhand Tunnel Flash Flood Kills 6 Workers, 2 Missing In Chamoli"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378421/uttarakhand-chamoli-tunnel-flash-flood-6-dead"
published_at: "2026-08-14T06:56:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e6f2c6c182_uttarakhand-chamoli-tunnel-flash-flood-6-dead.jpg"
keywords: ["Uttarakhand Flood", "Chamoli Flash Flood", "Tunnel Accident", "THDC"]
---

#  മിന്നൽപ്രളയത്തിൽ നടുങ്ങി ഉത്തരാഖണ്ഡ്; തുരങ്കത്തിൽ വെള്ളവും മണ്ണും ഇരച്ചുകയറി, ആറ് തൊഴിലാളികൾ മരിച്ചു, രണ്ട് പേരെ കാണാനില്ല

> **Lead Summary:** **ഡെറാഡൂൺ: ** ഉത്തരാഖണ്ഡിലെ ചമൗളി ജില്ലയിൽ മിന്നൽപ്രളയത്തെ തുടർന്ന് നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചെത്തിയുണ്ടായ അപകടത്തിൽ 6 തൊഴിലാളികൾ മരിച്ചു. തുരങ്കത്തിൽ കുടുങ്ങിയ 22 തൊഴിലാളികളിൽ 14 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. ബാക്കിയുള്ള 2 പേരുടെ വിവരം ഇപ്പോൾ ലഭ്യമല്ല.

## Article Content

**ഡെറാഡൂൺ: ** ഉത്തരാഖണ്ഡിലെ ചമൗളി ജില്ലയിൽ മിന്നൽപ്രളയത്തെ തുടർന്ന് നിർമാണത്തിലിരിക്കുന്ന തുരങ്കത്തിലേക്ക് വെള്ളവും മണ്ണും ഇരച്ചെത്തിയുണ്ടായ അപകടത്തിൽ 6 തൊഴിലാളികൾ മരിച്ചു. തുരങ്കത്തിൽ കുടുങ്ങിയ 22 തൊഴിലാളികളിൽ 14 പേരെ ചെറിയ പരിക്കുകളോടെ രക്ഷപ്പെടുത്തി. ബാക്കിയുള്ള 2 പേരുടെ വിവരം ഇപ്പോൾ ലഭ്യമല്ല.

ചമൗളി ജില്ലയിലെ പീപ്പൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. വിഷ്ണുഗഡ്-പീപ്പൽക്കോട്ടി ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിലിരിക്കുന്ന 2 കിലോമീറ്റർ നീളമുള്ള തുരങ്കത്തിലാണ് ദുരന്തമുണ്ടായതെന്ന് അധികൃതർ അറിയിച്ചു.

ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.വ്യാഴാഴ്ച വൈകുന്നേരം 6:30 ഓടെയാണ് തുരങ്കത്തിനുള്ളിലേക്ക് വലിയ തോതിൽ വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറിയത്. ശക്തമായ ഒഴുക്കിന്റെ ആഘാതത്തിൽ പല തൊഴിലാളികളും തുരങ്കത്തിന്റെ പ്രവേശന കവാട ഭാഗത്തേക്ക് തെറിച്ചു വീഴുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ സേന, ദേശീയ ദുരന്ത നിവാരണ സേന, സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തുരങ്കത്തിനുള്ളിലെ ശക്തമായ ഒഴുക്കും അവശിഷ്ടങ്ങളും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

അപകടത്തെ തുടർന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താൻ നിർദ്ദേശം നൽകി. ആശുപത്രിയിൽ ചികിത്സയിലുള്ള തൊഴിലാളികളെ ഫോണിൽ വിളിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പദ്ധതി പ്രദേശങ്ങളിൽ അധിക സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാണാതായ രണ്ട് തൊഴിലാളികൾക്കായി തെരച്ചിൽ തുടരുകയാണ്.

**English Summary:**

Six workers died after a flash flood and mud rush into a tunnel under construction at Pipalkoti in Uttarakhand's Chamoli district. Of 22 workers trapped in the THDC's Vishnugad-Pipalkoti hydro project tunnel, 14 were rescued with minor injuries. Two remain missing. The incident occurred around 6:30 PM on Thursday during the 2 PM to 10 PM shift. SDRF, NDRF, CISF, police and district administration are conducting rescue operations. Chief Minister Pushkar Singh Dhami has ordered war-footing rescue efforts and spoke to hospitalized workers.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378421/uttarakhand-chamoli-tunnel-flash-flood-6-dead)