---
title: "'അടിയന്റെ പേര് പറയാൻ തയ്യാറായില്ല, എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും'; സുരേഷ് ഗോപിയെ വിമർശിച്ച് ശ്രീകുമാരൻ തമ്പി"
english_title: "Sreekumaran Thampi Slams Suresh Gopi For Not Mentioning His Name After Singing Keralam Song"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378418/sreekumaran-thampi-criticizes-suresh-gopi-keralam-song"
published_at: "2026-08-14T06:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e676e61f40_sreekumaran-thampi-criticizes-suresh-gopi-keralam-song.jpg"
keywords: ["reekumaran Thampi", "Suresh Gopi", "Keralam Song", "Parliament"]
---

# 'അടിയന്റെ പേര് പറയാൻ തയ്യാറായില്ല, എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും'; സുരേഷ് ഗോപിയെ വിമർശിച്ച് ശ്രീകുമാരൻ തമ്പി

> **Lead Summary:** **തിരുവനന്തപുരം: **കേരളം, കേരളം എന്ന ഗാനം ലോക്‌സഭയില്‍ പാടിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. കേരളം എന്ന പേര് ഔദ്യോ​ഗികമാക്കിയ ബിൽ പാസായതിൽ കേരളം കേരളം എന്ന പാട്ടുപാടിയാണ് സുരേഷ് ഗോപി സഭയില്‍ സന്തോഷം പ്രകടിപ്പിച്ചത്, എന്നാല്‍ ആ പാട്ടു രചിച്ച തന്റെ പേര് പരാമര്‍ശിക്കാതിരുന്നതിലാണ് ശ്രീകുമാരന്‍ തമ്പി അതൃപ്തി രേഖപ്പെടുത്തിയത്.

## Article Content

**തിരുവനന്തപുരം: **കേരളം, കേരളം എന്ന ഗാനം ലോക്‌സഭയില്‍ പാടിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ വിമര്‍ശിച്ച് ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി. കേരളം എന്ന പേര് ഔദ്യോ​ഗികമാക്കിയ ബിൽ പാസായതിൽ കേരളം കേരളം എന്ന പാട്ടുപാടിയാണ് സുരേഷ് ഗോപി സഭയില്‍ സന്തോഷം പ്രകടിപ്പിച്ചത്, എന്നാല്‍ ആ പാട്ടു രചിച്ച തന്റെ പേര് പരാമര്‍ശിക്കാതിരുന്നതിലാണ് ശ്രീകുമാരന്‍ തമ്പി അതൃപ്തി രേഖപ്പെടുത്തിയത്.

ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം അതൃപ്തി വ്യക്തമാക്കിയത്. തന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങില്ലായിരിക്കുമെന്ന് പറഞ്ഞ ശ്രീകുമാരന്‍ തമ്പി 'ഒരു മഹാകവി'എന്ന ലേബലില്‍ സുരേഷ് ഗോപി തന്നെ ഒതുക്കിയെന്നും തുറന്നടിച്ചു.

ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് പാര്‍ലമെന്റില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പൂര്‍ണമായി അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിനിടയില്‍ 'കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം..' എന്ന ഗാനം പാടി അഭിമാനപുളകിതനായി.

എം ടി വാസുദേവന്‍ നായര്‍, ജോണ്‍സണ്‍, വയലാര്‍, ജി. ദേവരാജന്‍ തുടങ്ങിയ മലയാളികളായ പ്രഗത്ഭരെ അനുസ്മരിച്ച് സാഹിത്യത്തിലും സംഗീതത്തിലുമുള്ള തന്റെ താല്പര്യം അദ്ദേഹം വെളിവാക്കുകയും ചെയ്തു. എന്നാല്‍ അദ്ദേഹം പാടിയ 'കേരളം… കേരളം' എന്ന പാട്ട് എഴുതിയ ശ്രീകുമാരന്‍ തമ്പി എന്ന അടിയന്റെ പേര് പറയാന്‍ തയ്യാറായില്ല. ഒരു പക്ഷെ എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും. പകരം 'ഒരു മഹാകവി' എന്ന ലേബലില്‍ എന്നെ ഒതുക്കി' എന്നാണ് അദ്ദേഹം പറഞ്ഞത്.

'പാട്ട് പാടുന്നതിനു മുന്‍പ് വയലാര്‍, ദേവരാജന്‍ എന്നീ പേരുകള്‍ പറഞ്ഞതില്‍ നിന്ന് ഈ ഗാനവും വയലാര്‍ എഴുതിയത് എന്ന് ജനങ്ങള്‍ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയന്‍ വിചാരിച്ചുകാണും. കേരളത്തെക്കുറിച്ചുള്ള ഒരു മികച്ച ഗാനമായി എല്ലാ മലയാളികളും അംഗീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചയിതാവായ എന്റെ പേര് ആ നല്ല അവസരത്തില്‍ പറയാതിരിക്കാന്‍ സുരേഷ് ഗോപിക്ക് രണ്ടു മൂന്നു കാരണങ്ങള്‍ ഉണ്ടെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

**ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം**

> ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് പാർലമെന്റിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പൂർണ്ണമായി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടയിൽ "കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം.. എന്ന ഗാനം പാടി അഭിമാനപുളകിതനായി. എം ടി വാസുദേവൻ നായർ , ജോൺസൺ, വയലാർ , ജി. ദേവരാജൻ തുടങ്ങിയ മലയാളികളായ പ്രഗത്ഭരെ അനുസ്മരിച്ച് സാഹിത്യത്തിലും സംഗീതത്തിലുമുള്ള തന്റെ താല്പര്യം അദ്ദേഹം വെളിവാക്കുകയും ചെയ്തു.

> എന്നാൽ അദ്ദേഹം പാടിയ "കേരളം... കേരളം" എന്ന പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി എന്ന അടിയന്റെ പേര് പറയാൻ തയ്യാറായില്ല. ഒരു പക്ഷെ എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും. പകരം 'ഒരു മഹാകവി' എന്ന ലേബലിൽ എന്നെ ഒതുക്കി. പാട്ട് പാടുന്നതിനു മുൻപ് വയലാർ, ദേവരാജൻ എന്നീ പേരുകൾ പറഞ്ഞതിൽ നിന്ന് ഈ ഗാനവും വയലാർ എഴുതിയത് എന്ന് ജനങ്ങൾ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയൻ വിചാരിച്ചുകാണും.

കേരളത്തെക്കുറിച്ചുള്ള ഒരു മികച്ച ഗാനമായി എല്ലാ മലയാളികളും അംഗീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചയിതാവായ എന്റെ പേര് ആ നല്ല അവസരത്തിൽ പറയാതിരിക്കാൻ സുരേഷ് ഗോപിക്ക് രണ്ടു മൂന്നു കാരണങ്ങൾ ഉണ്ട്. മോഹൻലാലിനെ നായകനാക്കി ഞാൻ സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്ത 'യുവജനോത്സവം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ ഞാൻ പ്രധാന വില്ലനാക്കി.

നായകനാകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി ഐ വി ശശി സംവിധാനം ചെയ്ത 'അക്ഷരത്തെറ്റ്' എന്ന ചിത്രത്തിൽ സുരേഷ് ഗോപിയെ നായകനാക്കണമെന്ന് ഞാൻ നിർബന്ധമായി ശശിയോട് പറഞ്ഞു. സുരേഷ് ഗോപി ആദ്യമായി നായകനായി വന്നത് 'അക്ഷരത്തെറ്റ്' എന്ന ചിത്രത്തിൽ ആണ്. അന്ന് ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു പ്രശസ്തനായ ഒരു യുവനായകനായിരുന്നു ഐ വി ശശിയുടെ മനസ്സിൽ.

എന്നാൽ എന്റെ അഭ്യർത്ഥന മാനിച്ച് ശശി സുരേഷ് ഗോപിയെ തന്നെ നായകനാക്കി. 'അക്ഷരത്തെറ്റ്' റിലീസ് ആയ ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ ഒരു തീയേറ്ററിൽ സിനിമ കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിച്ച് ആ കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കണ്ട എന്ന സത്യവും എനിക്കറിയാം. കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി ഇതൊക്കെ മറന്നു കാണും. പക്ഷെ ഈ എൺപത്താറാം വയസ്സിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

> "ബന്ധുവാര് ശത്രുവാര്... ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ ..." ഇതും എന്റെ വരികളാണ്. എന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്.

**English Summary:**

Lyricist Sreekumaran Thampi criticized Union Minister Suresh Gopi for singing his song 'Keralam Keralam' in Lok Sabha without mentioning his name. After the bill officially naming the state 'Kerala' was passed, Gopi sang the song and recalled names like MT, Johnson and Vayalar. In a Facebook post, Thampi said he was sidelined with the label 'a great poet'. He also recalled giving Gopi key roles in films 'Yuvajanolsavam' and 'Aksharathet'.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378418/sreekumaran-thampi-criticizes-suresh-gopi-keralam-song)