---
title: "മിന്നൽപ്രളയം; ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ 16 തൊഴിലാളികളെ രക്ഷിച്ചു, മൂന്നുപേർ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം തുടരുന്നു"
english_title: "Uttarakhand Flash Flood: 16 Workers Rescued From Tunnel In Chamoli, 2-3 Still Trapped"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378410/uttarakhand-chamoli-tunnel-flash-flood-16-rescued"
published_at: "2026-08-13T23:11:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7e0203d2d94_uttarakhand-chamoli-tunnel-flash-flood-16-rescued.jpg"
keywords: ["Uttarakhand Flood", "Chamoli Flash Flood", "THDC", "Tunnel Rescue"]
---

# മിന്നൽപ്രളയം; ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ 16 തൊഴിലാളികളെ രക്ഷിച്ചു, മൂന്നുപേർ കുടുങ്ങിയതായി സംശയം, രക്ഷാപ്രവർത്തനം തുടരുന്നു

> **Lead Summary:** **ഡെറാഢൂൺ: ** ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മിന്നൽപ്രളയത്തെ തുടർന്ന് നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ 16 തൊഴിലാളികളെ രക്ഷിച്ചു. പിപൽകോട്ടിയിലെ ടിഎച്ച്ഡിസി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്.

## Article Content

**ഡെറാഢൂൺ: ** ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മിന്നൽപ്രളയത്തെ തുടർന്ന് നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ കുടുങ്ങിയ 16 തൊഴിലാളികളെ രക്ഷിച്ചു. പിപൽകോട്ടിയിലെ ടിഎച്ച്ഡിസി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്.

തുരങ്കത്തിനുള്ളിൽ രണ്ടോ മൂന്നോ തൊഴിലാളികൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അപകടസമയത്ത് ഇരുപതോളം തൊഴിലാളികൾ തുരങ്കത്തിലുണ്ടായിരുന്നതായാണ് റിപ്പോർട്ട്. തെഹ്രി ഹൈഡ്രോ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (ടിഎച്ച്ഡിസി) ജലവൈദ്യുത പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം. പ്രദേശത്ത് മിന്നൽപ്രളയം ഉണ്ടായതിനെ തുടർന്ന് വലിയതോതിൽ മണ്ണും വെള്ളവും തുരങ്കത്തിലേക്ക് ഇരച്ചെത്തിയെന്നാണ് റിപ്പോർട്ട്. വിവരമറിഞ്ഞയുടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളും സ്ഥലത്തെത്തി. തുടർന്നുള്ള ശ്രമത്തിൽ തുരങ്കത്തിൽ കുടുങ്ങിയ 16 തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിഞ്ഞു.

> രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ സൈന്യവും ഇന്തോ ടിബറ്റൻ ബോർഡർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. "ഏതാനും മണിക്കൂറുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ബാക്കി തൊഴിലാളികളെയും പുറത്തെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ" എന്ന് ചമോലി ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് കുമാർ പറഞ്ഞു.

അപകടത്തെ തുടർന്ന് പദ്ധതി പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാപ്രവർത്തനത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും സംഘങ്ങൾ തുടർച്ചയായി പ്രവർത്തിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്. ഇതാണ് മിന്നൽപ്രളയത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

**English Summary:**

A flash flood in Chamoli district, Uttarakhand trapped workers in a THDC tunnel at Pipalkoti. Around 20 workers were inside when mud and water gushed in around 7 PM on Thursday. 16 workers have been rescued so far by NDRF, SDRF, Army and ITBP teams. According to Chamoli District Magistrate Gaurav Kumar, 2-3 workers are still trapped and rescue efforts are ongoing. Authorities expect to bring them out within a few hours.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378410/uttarakhand-chamoli-tunnel-flash-flood-16-rescued)