---
title: "'നിങ്ങളുടെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടെന്ന് ഓർക്കണം...'; പൊലീസിനെതിരെ പരസ്യഭീഷണി, സിപിഎം നേതാവ് കെ.പി ഉദയഭാനുവിനെതിരെ കേസ്"
english_title: "Case Against CPM Leader KP Udayabhanu For Threatening Police In Mallappally"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378409/case-against-cpm-leader-kp-udayabhanu-police-threat"
published_at: "2026-08-13T22:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bc91655e09_arjun-ayanki-police-custody-cpm-leader-kp-udayabhanu-threatens-police.jpg"
keywords: ["KP Udayabhanu", "CPM", "Police Threat Case", "Arjun Ayanki"]
---

# 'നിങ്ങളുടെ വീട്ടിലും അമ്മയും പെങ്ങന്മാരും ഉണ്ടെന്ന് ഓർക്കണം...'; പൊലീസിനെതിരെ പരസ്യഭീഷണി, സിപിഎം നേതാവ് കെ.പി ഉദയഭാനുവിനെതിരെ കേസ്

> **Lead Summary:** **പത്തനംതിട്ട: **പൊലീസിന് നേരെ പരസ്യഭീഷണി മുഴക്കിയ സംഭവത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനുവിനെതിരെ പൊലീസ് കേസെടുത്തു. മല്ലപ്പള്ളിയിൽ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെ പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

## Article Content

**പത്തനംതിട്ട: **പൊലീസിന് നേരെ പരസ്യഭീഷണി മുഴക്കിയ സംഭവത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി ഉദയഭാനുവിനെതിരെ പൊലീസ് കേസെടുത്തു. മല്ലപ്പള്ളിയിൽ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെ പൊലീസുകാരെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സംഭവത്തിൽ കീഴ്വായ്പൂർ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിയെ തിരഞ്ഞ് മല്ലപ്പള്ളി കാട്ടാമലയിലെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ പൊലീസ് രാത്രി പരിശോധന നടത്തിയതിനെ തുടർന്നാണ് സിപിഎം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.

ഇതിന്റെ ഭാഗമായി കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം മാർച്ചും ധർണയും സംഘടിപ്പിച്ചിരുന്നു. ഈ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് കെ.പി ഉദയഭാനു വിവാദ പരാമർശങ്ങൾ നടത്തിയതെന്ന് പൊലീസ് പറയുന്നു.

> "പൊലീസുകാർക്കും വീടുകളിൽ അമ്മയും പെങ്ങന്മാരും ഉണ്ടെന്ന കാര്യം ഓർക്കണമെന്നും, ഞങ്ങളുടെ വീടുകളിൽ കയറി രാത്രി പരിശോധന നടത്തിയാൽ തിരിച്ചും ഞങ്ങൾ വീടുകളിൽ കയറുമെന്നും" ഉദയഭാനു പ്രസംഗത്തിൽ പറഞ്ഞതായാണ് എഫ്ഐആറിൽ പറയുന്നത്.

പാർട്ടി പ്രവർത്തകരുടെ വീടുകളിൽ കയറി പൊലീസിന്റെ ഭീഷണി അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയതായി പൊലീസ് രേഖപ്പെടുത്തി. നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കാനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്താനും ലക്ഷ്യമിട്ടുള്ളതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് കീഴ്വായ്പൂർ പൊലീസ് വ്യക്തമാക്കി.

പ്രദേശത്തെ ക്രമസമാധാന നില തകരാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

**English Summary:**

A case has been registered against CPM State Committee member KP Udayabhanu for allegedly making threatening remarks against police during a protest in Mallappally, Pathanamthitta. Keeravaypur Police filed the FIR suo motu after his speech targeting police personnel and their families. The protest was held against night raids at party workers' homes in connection with gold smuggling accused Arjun Ayangy. Police said the speech aimed to disrupt public peace and obstruct official duty.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378409/case-against-cpm-leader-kp-udayabhanu-police-threat)