---
title: "പണിവാങ്ങിച്ച് കൂട്ടേണ്ട സൂക്ഷിച്ചോ ...! വാട്സ്ആപ്പിലും ടെലിഗ്രാമിലും വരുന്ന ലിങ്കുകളിൽ വീഴരുത്; മലയാളികൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്"
english_title: "Kerala Police Alert On NTL Fake App Online Investment Scam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378390/kerala-police-alert-ntl-fake-app-investment-scam"
published_at: "2026-08-13T20:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7ddd5236abf_kerala-police-alert-ntl-fake-app-investment-scam.jpg"
keywords: ["NTL App", "Online Scam", "Kerala Police", "Cyber Fraud", "Investment Fraud"]
---

# പണിവാങ്ങിച്ച് കൂട്ടേണ്ട സൂക്ഷിച്ചോ ...! വാട്സ്ആപ്പിലും ടെലിഗ്രാമിലും വരുന്ന ലിങ്കുകളിൽ വീഴരുത്; മലയാളികൾക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്

> **Lead Summary:** **തിരുവനന്തപുരം: **'എൻടിഎൽ' എന്ന പേരിലുള്ള വ്യാജ ആപ്പ് വഴി സംസ്ഥാനത്ത് വൻ ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസ് അറിയിച്ചു. വീട്ടിലിരുന്ന് ഉയർന്ന വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്.

## Article Content

**തിരുവനന്തപുരം: **'എൻടിഎൽ' എന്ന പേരിലുള്ള വ്യാജ ആപ്പ് വഴി സംസ്ഥാനത്ത് വൻ ഓൺലൈൻ നിക്ഷേപ തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസ് അറിയിച്ചു. വീട്ടിലിരുന്ന് ഉയർന്ന വരുമാനം നേടാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്.

പൊലീസ് പറയുന്നതനുസരിച്ച്, വാട്സ്ആപ്പ്, ടെലിഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇരകളെ തട്ടിപ്പുകാർ ആദ്യം കണ്ടെത്തുന്നത്. പിന്നീട് വ്യാജ ലിങ്കുകൾ അയച്ചുനൽകി 'എൻടിഎൽ' എന്ന ആപ്പ് ഡൗൺലോഡ് ചെയ്യിപ്പിക്കുകയാണ് രീതി. ആപ്പ് ഡൗൺലോഡ് ചെയ്ത് നിക്ഷേപം തുടങ്ങുന്നവർക്ക് തുടക്കത്തിൽ ചെറിയ തുക കമ്മീഷനായി പിൻവലിക്കാൻ അനുവദിച്ചുനൽകും.

ഇതിലൂടെ ആപ്പിന്റെ വിശ്വാസ്യത ജനങ്ങൾക്ക് ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിൽ വിശ്വസിച്ച് വലിയ തുക നിക്ഷേപിച്ചാൽ പിന്നീട് പണം പിൻവലിക്കാനാകാത്ത വിധത്തിൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യും. അതിനുശേഷം നിക്ഷേപിച്ച തുക പിൻവലിക്കാൻ പ്രൊസസിംഗ് ഫീസും നികുതിയും ആവശ്യപ്പെട്ട് വീണ്ടും പണം തട്ടുകയാണ് തട്ടിപ്പുകാരുടെ രീതിയെന്ന് പൊലീസ് പറയുന്നു.

ഇത്തരത്തിലുള്ള തട്ടിപ്പ് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്ന് കേരള പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ബാങ്ക് വിവരങ്ങൾ, ഒ.ടി.പി, യു.പി.ഐ പിൻ എന്നിവ ആർക്കും പങ്കുവയ്ക്കരുതെന്നും പൊലീസ് നിർദേശിച്ചു. അപരിചിതരിൽ നിന്ന് വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതിനും ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന സ്കീമുകളിൽ നിക്ഷേപിക്കുന്നതിനും മുമ്പ് ജാഗ്രത പാലിക്കണം.

തട്ടിപ്പിന് ഇരയായാൽ പരിഭ്രാന്തരാകാതെ ഉടൻ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പ് സംബന്ധിച്ച് വിവരം ലഭിക്കുന്ന പക്ഷം അടുത്തുള്ള സൈബർ പൊലീസ് സ്റ്റേഷനിലും പരാതി നൽകാം. ഓൺലൈൻ നിക്ഷേപത്തിന്റെ പേരിൽ സംസ്ഥാനത്ത് സമാന തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് ആവശ്യപ്പെട്ടു.

**English Summary:**

Kerala Police has warned about a major online investment scam being run through a fake app named 'NTL'. Scammers are contacting people via WhatsApp and Telegram, promising high income from home. They first send fake links to download the app and allow small commission withdrawals to gain trust. Once a large amount is invested, accounts are blocked and processing fees are demanded. Police have advised not to download such apps or share bank details, OTP and UPI PIN. Victims should immediately call 1930 cyber helpline.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378390/kerala-police-alert-ntl-fake-app-investment-scam)