---
title: "പണത്തിന് വേണ്ടി എന്തും ചെയ്യുമോ...? കടം വീട്ടാൻ അമ്മയുടെ കഴുത്തിൽ നിന്ന് താലിമാല പൊട്ടിച്ചെടുത്തു; മകനും സഹായിയും പിടിയിൽ "
english_title: "Son Arrested In Kottayam For Snatching Mother's Thali, Pledging It For Debt"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378379/kottayam-son-arrested-for-snatching-mother-thali-chain"
published_at: "2026-08-13T19:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7dc98fb21d5_kottayam-son-arrested-for-snatching-mother-thali-chain.jpg"
keywords: ["Gold Chain Theft", "Theft Case", "Robbery Case", "Kottayam Theft"]
---

# പണത്തിന് വേണ്ടി എന്തും ചെയ്യുമോ...? കടം വീട്ടാൻ അമ്മയുടെ കഴുത്തിൽ നിന്ന് താലിമാല പൊട്ടിച്ചെടുത്തു; മകനും സഹായിയും പിടിയിൽ 

> **Lead Summary:** **കോട്ടയം: **വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള താലിമാല കടം വീട്ടുന്നതിനായി പൊട്ടിച്ചെടുത്ത കേസിൽ മകനെയും വിൽക്കാൻ സഹായിച്ചയാളെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ , അരുവിത്തറ ചേലപീരുപറമ്പിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് എന്നിവരാണ് പിടിയിലായത്.

## Article Content

**കോട്ടയം: **വീട്ടമ്മയുടെ രണ്ടു പവൻ തൂക്കമുള്ള താലിമാല കടം വീട്ടുന്നതിനായി പൊട്ടിച്ചെടുത്ത കേസിൽ മകനെയും വിൽക്കാൻ സഹായിച്ചയാളെയും കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. തീക്കോയി മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ , അരുവിത്തറ ചേലപീരുപറമ്പിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് എന്നിവരാണ് പിടിയിലായത്.

ഓഗസ്റ്റ് 12ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവമെന്ന് പൊലീസ് പറയുന്നു. വീട്ടിനകത്തുവച്ച് അമ്മയുടെ കഴുത്തിൽ കിടന്ന മാല ടോജൻ കുര്യൻ പൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മുഹമ്മദ് ഷംഷാദ് അൽത്താഫിന്റെ സഹായത്തോടെ ഈരാറ്റുപേട്ടയിലുള്ള ഒരു ധനകാര്യ സ്ഥാപനത്തിൽ മാല പണയം വച്ച് പണം കൈപ്പറ്റി.

കിട്ടിയ പണം ഉപയോഗിച്ച് പുതിയ മൊബൈൽ ഫോൺ വാങ്ങിയതായും ബാക്കി തുക കടം വീട്ടാനുള്ളവർക്ക് നൽകിയതായും പൊലീസിന്റെ കണ്ടെത്തലാണ്. കൂട്ടുകാരുമൊത്ത് മദ്യപിക്കാനും പണം ചെലവാക്കിയെന്നും പൊലീസ് പറയുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് മുൻപും ടോജൻ വീട്ടുകാരെ ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ എടുത്തുകൊണ്ടുപോയി വിറ്റിട്ടുണ്ടെന്ന വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു.

മുഹമ്മദ് ഷംഷാദ് അൽത്താഫ് നിരവധി മോഷണക്കേസുകളിൽ ജയിലിൽ കിടന്നിട്ടുള്ള ആളാണെന്നും പൊലീസിന്റെ നിലപാടാണ്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പണയം വച്ച മാല കണ്ടെടുക്കുന്നതിനുള്ള നടപടികളും പൊലീസ് സ്വീകരിച്ചിട്ടുണ്ട്.

പണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി വീട്ടിൽ നിന്ന് ആഭരണങ്ങൾ കവർന്ന് പണയം വയ്ക്കുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

**English Summary:**

Kanjirappally Police in Kottayam arrested two people for snatching a woman's two-sovereign thali chain. The accused are her son Tojan Kurian, 26, from Theekoy, and his associate Mohammed Shamshad Altaf, 41, from Aruvithara. Police said the incident occurred on August 12 at 3 PM. Tojan snatched the chain from his mother at home, pledged it at a finance firm in Erattupetta with Altaf's help, and used the money to buy a mobile phone and repay debts. Police also stated Tojan had earlier threatened family members for gold and Altaf has prior theft cases.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378379/kottayam-son-arrested-for-snatching-mother-thali-chain)