---
title: "സംസാരിക്കാനായി വിളിച്ചുവരുത്തി ക്രൂരത; ആറു വർഷത്തെ പ്രണയം ഒടുങ്ങിയത് അരുംകൊലയിൽ, 24 കാരിയുടെ കൊലപാതകത്തിൽ ഞെട്ടി നാട് "
english_title: "24 Year Old Woman Stabbed To Death By Lover In North Paravur Over Breakup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378337/north-paravur-woman-stabbed-to-death-lover-arrested"
published_at: "2026-08-13T15:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d9989294f9_north-paravur-woman-stabbed-to-death-lover-arrested.jpg"
keywords: ["Suramya Murder", "North Paravur", "Murder", "Love Affair"]
---

# സംസാരിക്കാനായി വിളിച്ചുവരുത്തി ക്രൂരത; ആറു വർഷത്തെ പ്രണയം ഒടുങ്ങിയത് അരുംകൊലയിൽ, 24 കാരിയുടെ കൊലപാതകത്തിൽ ഞെട്ടി നാട് 

> **Lead Summary:** **കൊച്ചി: ** ആറു വർഷക്കാലം മനസ്സിൽ കൊണ്ടുനടന്ന സ്നേഹബന്ധത്തിൽ നിന്ന് അവൾ പിന്മാറിയപ്പോൾ ആ ബന്ധത്തിന്റെ ചരട് അറുത്തെറിയാൻ ആ യുവാവ് തിരഞ്ഞെടുത്തത് ഒരു ജീവനാണ്. വടക്കൻ പറവൂരിലെ തുരുത്തിപ്പുറത്ത് പ്രണയനൈരാശ്യത്തിന്റെ പേരിൽ ഒരു യുവതി ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോൾ ഒരു നാട് മുഴുവനും.

## Article Content

**കൊച്ചി: ** ആറു വർഷക്കാലം മനസ്സിൽ കൊണ്ടുനടന്ന സ്നേഹബന്ധത്തിൽ നിന്ന് അവൾ പിന്മാറിയപ്പോൾ ആ ബന്ധത്തിന്റെ ചരട് അറുത്തെറിയാൻ ആ യുവാവ് തിരഞ്ഞെടുത്തത് ഒരു ജീവനാണ്. വടക്കൻ പറവൂരിലെ തുരുത്തിപ്പുറത്ത് പ്രണയനൈരാശ്യത്തിന്റെ പേരിൽ ഒരു യുവതി ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണ് ഇപ്പോൾ ഒരു നാട് മുഴുവനും.

ചൂണ്ടി സ്വദേശിനിയായ ഇരുപത്തിനാലുകാരി സുരമ്യയാണ് ആൺസുഹൃത്തിന്റെ കത്തിക്കിരയായി ദാരുണമായി കൊല്ലപ്പെട്ടത്. ആറു വർഷക്കാലം നീണ്ട പ്രണയമായിരുന്നു ഇവരുടേത്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ സുരമ്യ ആഗ്രഹിച്ചിരുന്നു.

ഈ അകൽച്ചയും അഭിപ്രായവ്യത്യാസങ്ങളും ഇരുവരും തമ്മിൽ നിരന്തരമായ തർക്കങ്ങൾക്ക് കാരണമാവുകയും ചെയ്തു. ഇതിനെക്കുറിച്ച് അവസാനമായി സംസാരിച്ച് ഒടുവിൽ ഒരു തീരുമാനത്തിൽ എത്തുന്നതിനായാണ് സുരമ്യ ഇന്ന് രാവിലെ പത്ത് മണിയോടെ തുരുത്തിപ്പുറത്തെ ഷിബിന്റെ വീട്ടിലെത്തിയത്.

എന്നാൽ സംസാരിക്കുന്നതിനിടയിലുണ്ടായ വാക്കുതർക്കം ഒരു കൊടുംക്രൂരതയിലേക്ക് വഴിമാറുകയായിരുന്നു. പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ ദേഷ്യത്തിൽ, വീട്ടിലുണ്ടായിരുന്ന കറിക്കത്തി എടുത്ത് ഷിബിൻ സുരമ്യയെ കുത്തിവീഴ്ത്തുകയായിരുന്നു. യുവതിയുടെ നിലവിളി കേട്ട് വീട്ടുകാരും ഓടിയെത്തിയെങ്കിലും രക്തത്തിൽ കുളിച്ചു കിടക്കുന്ന സുരമ്യയെയാണ് അവർ കണ്ടത്.

ഉടൻ തന്നെ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് കടന്നുകളയാൻ ശ്രമിച്ച പ്രതി ഷിബിനെ പൊലീസ് ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വടക്കേക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിവരുന്നു.  

English Summary:

In North Paravur, a 24-year-old woman Suramya from Chondi was stabbed to death by her boyfriend Shibin. The couple had a 6-year relationship and Suramya had decided to end it. She went to his house this morning to talk, where an argument turned violent and she was stabbed with a kitchen knife. She died at Paravur Taluk Hospital. The accused has been taken into custody by Vadakkekara Police.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378337/north-paravur-woman-stabbed-to-death-lover-arrested)