---
title: "മകനെ തിരിച്ചുവരൂ...: 'ഞാൻ കാശിക്ക് പോകുന്നു’ എന്ന് കത്തെഴുതിവെച്ചു പോയ  17കാരൻ എവിടെ? കാണാതായിട്ട് അഞ്ച് ദിവസം; അന്വേഷണം ഊർജിതം "
english_title: "17 Year Old Student Goes Missing From Panur, Special Squad Launched For Search"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378315/panur-missing-student-shivasurya-search-on"
published_at: "2026-08-13T14:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d86743f364_panur-missing-student-shivasurya-search-on.jpg"
keywords: ["Missing Student", "Police Search", "Peringathur Student Missing"]
---

# മകനെ തിരിച്ചുവരൂ...: 'ഞാൻ കാശിക്ക് പോകുന്നു’ എന്ന് കത്തെഴുതിവെച്ചു പോയ  17കാരൻ എവിടെ? കാണാതായിട്ട് അഞ്ച് ദിവസം; അന്വേഷണം ഊർജിതം 

> **Lead Summary:** **കണ്ണൂർ : ** ‘ഞാൻ കാശിക്ക് പോകുന്നു’ എന്ന് കത്തെഴുതിവെച്ച് നാടുവിട്ട 17കാരനായ വിദ്യാർത്ഥിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്‌. പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായ ശിവസൂര്യയെ യാണ് കഴിഞ്ഞ അഞ്ച് ദിവസമായി കാണാത്തത്.

## Article Content

**കണ്ണൂർ : ** ‘ഞാൻ കാശിക്ക് പോകുന്നു’ എന്ന് കത്തെഴുതിവെച്ച് നാടുവിട്ട 17കാരനായ വിദ്യാർത്ഥിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്‌. പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശിയും ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിയുമായ ശിവസൂര്യയെ യാണ് കഴിഞ്ഞ അഞ്ച് ദിവസമായി കാണാത്തത്.

> “ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടൊപ്പം” എന്നാണ് വീട്ടിൽ കണ്ടെത്തിയ കത്തിൽ എഴുതിയിരിക്കുന്നത്. മൊബൈൽ ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടർന്നാണ് വിദ്യാർത്ഥി വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. ശിവസൂര്യയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങിവെച്ചിരുന്നതായി അച്ഛൻ ജിഗീഷ് പറഞ്ഞു. വീടുവിടുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.

കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ പ്രത്യേക നിർദ്ദേശപ്രകാരം തലശേരി എ എസ് പി ഡോ. നന്ദു ഗോപന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്. രൂപസാദൃശ്യമുള്ള ഒരാളെ പാലക്കാട് കേന്ദ്രീകരിച്ച് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചു.

സമഗ്ര അന്വേഷണം നടത്തണമെന്നും കൂടുതൽ മേഖലകളിൽ തിരച്ചിൽ നടത്തി കുട്ടിയെ കണ്ടെത്തണമെന്നും ചൊക്ലി രാമവിലാസം സ്കൂൾ പി ടി എ യോഗം ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് പഞ്ചായത്ത് പ്രസിഡന്റും സ്കൂൾ പി ടി എ പ്രസിഡന്റുമായ എൻ. അനൂപ് യോഗത്തിൽ പറഞ്ഞു.യോഗത്തിൽ പ്രിൻസിപ്പൽ പ്രശാന്ത്, പ്രധാനാധ്യാപിക സ്മിത, ഡെപ്യൂട്ടി എച്ച് എം ഉദയകുമാർ, മദർ പി ടി എ പ്രസിഡന്റ് ഹാജിറ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

English Summary:

> A 17-year-old Plus Two student, Shivasurya from Peringathur, Panur, went missing 5 days ago after leaving a note saying "I am going to Kashi". Police suspect he left home after his mobile game was restricted. A special squad led by Thalasseri ASP Dr. Nandu Gopan has been formed under Kannur City Police Commissioner’s orders. The search has been extended outside the state after leads in Palakkad yielded no results. The school PTA has demanded an intensified investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378315/panur-missing-student-shivasurya-search-on)