---
title: "വിവാഹത്തിന് നാളുകൾ മാത്രം ബാക്കി, വീഡിയോ കോളിന് ശേഷം സംഭവിച്ചതെന്ത്? പ്രതിശ്രുത വധൂവരന്മാരുടെ മരണത്തിൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം"
english_title: "Engaged Couple Found Dead In Karnataka And Kochi, Police To Examine Phones"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378282/kannur-engaged-couple-death-police-investigation-phones"
published_at: "2026-08-13T12:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d66699fed4_kannur-engaged-couple-death-police-investigation-phones.jpg"
keywords: ["Engaged Couple Death", "Amal Suicide", "Anusree Suicide", "Suicide Case"]
---

# വിവാഹത്തിന് നാളുകൾ മാത്രം ബാക്കി, വീഡിയോ കോളിന് ശേഷം സംഭവിച്ചതെന്ത്? പ്രതിശ്രുത വധൂവരന്മാരുടെ മരണത്തിൽ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം

> **Lead Summary:** **കണ്ണൂർ: **പ്രതിശ്രുത വധൂവരന്മാരെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പരിശോധനയ്ക്ക് പോലീസ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

## Article Content

**കണ്ണൂർ: **പ്രതിശ്രുത വധൂവരന്മാരെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ പരിശോധനയ്ക്ക് പോലീസ്. ഇരുവരുടെയും മൊബൈൽ ഫോണുകൾ വിശദ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

രണ്ടുമാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ പി. അനുശ്രീ (25), വി. അമൽ (26) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും വിവാഹം ഡിസംബർ 26-ന് നടക്കാനിരിക്കുകയായിരുന്നു. കാസർകോട് പൂച്ചക്കാട് സ്വദേശിനിയാണ് അനുശ്രീ. ഇരിട്ടി വിളമന അമ്പലത്തട്ട് സ്വദേശിയാണ് അമൽ. ഇരുവരും സ്റ്റേറ്റ് ബാങ്ക് ഉദ്യോഗസ്ഥരാണ്.

അനുശ്രീ കർണാടകയിലെ ഹുൻസൂരിലും അമൽ എറണാകുളത്തുമാണ് ജോലി ചെയ്തിരുന്നത്. അനുശ്രീയെ ഹുൻസൂരിലെ താമസസ്ഥലത്തും അമലിനെ എറണാകുളത്തെ ഹോട്ടൽമുറിയിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീഡിയോ കോളിന് പിന്നാലെയായിരുന്നു ഇരുവരുടെയും മരണമെന്ന് പൊലീസ് പറയുന്നു.

ചൊവ്വാഴ്ച രാത്രി വരെ അനുശ്രീ ബാങ്കിൽ ജോലി ചെയ്തിരുന്നു. ഇതിന് ശേഷമായിരുന്നു സംഭവം. ഈ സമയം അനുശ്രീയുമായി ഫോണിൽ സംസാരിച്ചെന്നും ആ സമയം അമൽ വിളിച്ച കാര്യം പറഞ്ഞിരുന്നുവെന്നും അനുശ്രീയുടെ സഹോദരി പോലീസിനോട് പറഞ്ഞു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് കുടുംബവും പറയുന്നു.

രാവിലെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും അനുശ്രീ ഫോൺ എടുത്തില്ല. തുടർന്ന് അയൽവാസികളെ വിവരം അറിയിച്ചു. അയൽവാസികൾ ചെന്ന് നോക്കിയപ്പോഴാണ് അനുശ്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഹുൻസൂർ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച വൈകീട്ടോടെ പൂച്ചക്കാട്ടെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.

അമൽ പാലാരിവട്ടത്താണ് താമസിച്ചിരുന്നത്. അനുശ്രീ മരിച്ചതറിഞ്ഞ അമൽ ബുധനാഴ്ച രാവിലെ 8.45-ഓടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്തു. ശേഷം തന്റെ ലൊക്കേഷൻ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തു. എന്താണ് സംഭവമെന്ന് ചോദിച്ച് സുഹൃത്തുക്കൾ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് അന്വേഷിച്ചെത്തിയ സുഹൃത്തുക്കൾ വാതിൽ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് അമലിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

എറണാകുളം നോർത്ത് പോലീസ് ഇൻക്വസ്റ്റ് നടത്തിയശേഷം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച പോസ്റ്റ്‌മോർട്ടം നടക്കും. അനുശ്രീയുടെ അച്ഛൻ കെ. ചന്ദ്രൻ നീലേശ്വരത്തെ മലബാർ ഗ്യാസ് ഡിസ്ട്രിബ്യൂഷൻ ഏജൻസിയിലെ ജീവനക്കാരനാണ്. അമ്മ റീന. സഹോദരി ശ്രീലക്ഷ്മി. അമലിന്റെ അച്ഛൻ സുധാകരൻ. അമ്മ എ. അനിത. സഹോദരി നക്ഷത്ര.

**ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
**

**English Summary:**

An engaged couple, P. Anusree, 25, from Kasaragod and V. Amal, 26, from Iritty, were found dead hours apart in Hunsur, Karnataka and Kochi. Both were SBI employees and were to marry on December 26. Police said the deaths occurred after a video call and that both mobile phones will be examined. Anusree was found at her residence and Amal in a lodge near Ernakulam North station. Inquests were conducted and postmortem procedures are underway.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378282/kannur-engaged-couple-death-police-investigation-phones)