---
title: "മണിക്കൂറുകളോളം നീണ്ട നെഞ്ചിടിപ്പ്! ട്രെയിനിൽ ബോംബെന്ന് വ്യാജ സന്ദേശം നൽകി പൊലീസിനെ വട്ടം കറക്കി; ബങ്കളം സ്വദേശി പിടിയിൽ "
english_title: "Bomb Hoax On Trains In Kasaragod, Man Arrested In Kanhangad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378257/kanhangad-train-bomb-hoax-man-arrested"
published_at: "2026-08-13T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d4a33b1b35_kanhangad-train-bomb-hoax-man-arrested.jpg"
keywords: ["Kasaragod", "Bomb Hoax", "Train", "Kerala Police"]
---

# മണിക്കൂറുകളോളം നീണ്ട നെഞ്ചിടിപ്പ്! ട്രെയിനിൽ ബോംബെന്ന് വ്യാജ സന്ദേശം നൽകി പൊലീസിനെ വട്ടം കറക്കി; ബങ്കളം സ്വദേശി പിടിയിൽ 

> **Lead Summary:** **കാഞ്ഞങ്ങാട്: ** ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകി പൊലീസിനെയും സുരക്ഷാ സേനയെയും യാത്രക്കാരെയും മണിക്കൂറുകളോളം വട്ടം കറക്കിയ സംഭവത്തിൽ പ്രതി പിടിയിലായി. ബങ്കളം സ്വദേശി പി.വി. രതീഷ് ആണ് ഹോസ്ദുർഗ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു ഈ ഭീഷണി സന്ദേശം പ്രചരിപ്പിക്കപ്പെട്ടത്.

## Article Content

**കാഞ്ഞങ്ങാട്: ** ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകി പൊലീസിനെയും സുരക്ഷാ സേനയെയും യാത്രക്കാരെയും മണിക്കൂറുകളോളം വട്ടം കറക്കിയ സംഭവത്തിൽ പ്രതി പിടിയിലായി. ബങ്കളം സ്വദേശി പി.വി. രതീഷ് ആണ് ഹോസ്ദുർഗ് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു ഈ ഭീഷണി സന്ദേശം പ്രചരിപ്പിക്കപ്പെട്ടത്.

ഹോസ്ദുർഗ്, കാസർകോട് പൊലീസ് സ്റ്റേഷനുകളിലേക്കും കാസർകോട് റെയിൽവേ പൊലീസിലേക്കും എമർജൻസി നമ്പറായ 112 വഴിയാണ് ട്രെയിനിൽ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സന്ദേശം വന്നത് കാഞ്ഞങ്ങാട് ഭാഗത്തു നിന്നാണെന്ന് സൂചന ലഭിക്കുകയും, പിന്നീട് ലൊക്കേഷൻ മാവുങ്കാലിലേക്ക് മാറുകയും ചെയ്തു.

കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.വി. അനിൽ കുമാർ, സിഐ കെ. ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ നീക്കത്തിനൊടുവിൽ മാവുങ്കാൽ മേൽപ്പാലത്തിനടിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നേത്രാവതി എക്സ്പ്രസ്, മലബാർ എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് എന്നിവയിൽ വിവിധ സ്റ്റേഷനുകളിൽ വെച്ച് കർശന പരിശോധന നടത്തിയാണ് സന്ദേശം വ്യാജമാണെന്ന് ഉറപ്പാക്കിയത്.

മണിക്കൂറുകൾ നീണ്ട പരിശോധനകൾക്കൊടുവിൽ ട്രെയിനുകളിൽ നിന്നും ബോംബോ മറ്റ് സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല. എന്നാൽ, ജാർഖണ്ഡ് സ്വദേശികളായ രണ്ട് സ്ത്രീകൾ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചുവെന്നും, അവരുടെ കയ്യിൽ ബോംബ് ഉണ്ടെന്ന് സംശയിച്ചാണ് താൻ ഇത്തരത്തിൽ വിവരം അറിയിച്ചതെന്നുമാണ് പിടിയിലായ രതീഷ് പൊലീസിന് നൽകിയ മൊഴി. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

English Summary:

A 42-year-old man from Bangalam, P.V. Ratheesh was arrested in Kanhangad, Kasaragod for sending a hoax message claiming a bomb was planted on trains. The message received via 112 on Wednesday night triggered searches on Netravati, Malabar and Parasuram Express trains. No explosives were found. Police said Ratheesh claimed he suspected two women from Jharkhand at Kanhangad station. Kasaragod DySP M.V. Anil Kumar led the operation that traced the call to Mavunkal.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378257/kanhangad-train-bomb-hoax-man-arrested)