---
title: "ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ വീണ്ടും മഴ കനക്കും; കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്"
english_title: " Heavy Rain Forecast in Kerala: Yellow Alert for Kasaragod and Kannur Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378234/kerala-heavy-rain-yellow-alert-kasaragod-kannur-august-13"
published_at: "2026-08-13T06:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7d13701410b_kerala-heavy-rain-yellow-alert-kasaragod-kannur-august-13.jpg"
keywords: ["Kerala Rain", "Yellow Alert", "Sea Warning", "IMD"]
---

# ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദം; ഇന്നുമുതൽ വീണ്ടും മഴ കനക്കും; കാസർകോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും മഴ കനക്കും. കാസർകോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബംഗാൾ ഉൾക്കടലിന് മുകളിലെ ന്യൂനമർദത്തെ തുടർന്നാണ് കേരളത്തിൽ മഴ ശക്തമാകുന്നത്.

കഴിഞ്ഞയാഴ്ച്ച കേരളത്തിൽ മഴ സജീവമായിരുന്നു. അതിന് ശേഷം മഴമുന്നറിയിപ്പുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യൂനമർദം രൂപപ്പെട്ടതോടെ വീണ്ടും മഴയ്ക്ക് സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ), എറണാകുളം (മുനമ്പം മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന്(13/08/2026) രാവിലെ 02.30 വരെ 1.0 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും.

ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.**

English Summary:**

Kerala is set to witness heavy rains from today due to a low pressure area over the Bay of Bengal. The IMD has issued a Yellow Alert for Kasaragod and Kannur districts, indicating 64.5mm to 115.5mm of rain in 24 hours. The National Centre for Ocean Information Services has also warned of high waves ranging from 1.0 to 1.6 meters along the coasts of Thiruvananthapuram, Kollam, Alappuzha, Ernakulam and Thrissur till 02:30 AM on 13/08/2026 due to rough sea conditions. Fishermen and coastal residents have been advised to avoid venturing into the sea and beach tourism activities.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378234/kerala-heavy-rain-yellow-alert-kasaragod-kannur-august-13)