---
title: "പണം വാങ്ങി വഞ്ചിച്ചെന്ന് ആത്മഹത്യ കുറിപ്പ്; തലശ്ശേരിയിലെ ബിജെപി നേതാവിന്റെ മരണത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ"
english_title: "Youth Congress Suspends Vaisakh S Darshan Over Suicide Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378185/youth-congress-suspends-vaisakh-s-darshan-new"
published_at: "2026-08-12T15:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c4c66ddeef_youth-congress-suspends-vaisakh-s-darshan-new.jpg"
keywords: ["Youth Congress", "Vaisakh S Darshan", "BJP leader suicide", "Kerala politics"]
---

# പണം വാങ്ങി വഞ്ചിച്ചെന്ന് ആത്മഹത്യ കുറിപ്പ്; തലശ്ശേരിയിലെ ബിജെപി നേതാവിന്റെ മരണത്തിൽ യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ

> **Lead Summary:** **കണ്ണൂർ: **ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദർശനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ദർശനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

## Article Content

**കണ്ണൂർ: **ബിജെപി പ്രാദേശിക നേതാവ് ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായതിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ് ദർശനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിയാണ് ദർശനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ആളുകളിൽ നിന്നും പണം വാങ്ങി വൈശാഖിനു നൽകിയിരുന്നതായി രതീശൻ അവസാനമായി എഴുതിയ കുറിപ്പിൽ വ്യക്തമായ പരാമർശം ഉണ്ടായിരുന്നു. പണം വാങ്ങി വൈശാഖ് വഞ്ചിച്ചതാണ് മരണ കാരണമെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

ഈ മാസം മൂന്നിനാണ് തലശ്ശേരിയിലെ ഓഫീസ് മുറിയിൽ രതീശനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രതീശന് പണം നൽകിയ ഉദ്യോഗാർത്ഥികൾ ജോലി ലഭിക്കാതിരുന്നതോടെ കടുത്ത സമ്മർദം ചെലുത്താൻ തുടങ്ങി. പണം വാങ്ങിയ വൈശാഖ് ജോലി നൽകാതെ കബളിപ്പിച്ചുവെന്നും, അതിനാലാണ് ജീവനൊടുക്കുന്നത് എന്നുമാണ് കുറിപ്പിലുള്ളത്.

തിരുവനന്തപുരത്തു നിന്നാണ് എറണാകുളം സ്വദേശിയായ വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ ആത്മഹത്യ പ്രേരണാ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ പണം നൽകിയ മറ്റ് ഉദ്യോഗാർത്ഥികൾ കൂടി പരാതിയുമായി രംഗത്തു വന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ കുറ്റങ്ങൾ ചുമത്താനാണ് പൊലീസിന്റെ നീക്കം.

English Summary:

The Congress party has suspended Youth Congress State Vice President Vaisakh S Darshan following his arrest in connection with the suicide of a local BJP leader, Ratheesan. A suicide note left by Ratheesan alleged that Vaisakh cheated him after taking money promising railway jobs, leading to immense pressure. Police arrested Vaisakh from Thiruvananthapuram on charges of abetment to suicide, and further charges may follow if more victims come forward.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378185/youth-congress-suspends-vaisakh-s-darshan-new)