---
title: "സഞ്ജു നായകനാകുമോ...? അടുത്ത ഐപിഎല്ലിന് മുന്നേ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി സിഎസ്കെ; ഹസ്സി പരിശീലകനാകുമെന്നും റിപ്പോർട്ട് "
english_title: " CSK Planning Major Changes for Next IPL Season: Hussey as Coach, Sanju as Captain Report"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378179/csk-major-changes-hussey-coach-sanju-captain-ipl"
published_at: "2026-08-12T15:38:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c4693cf33d_csk-major-changes-hussey-coach-sanju-captain-ipl.jpg"
keywords: ["CSK", "IPL", "Michael Hussey", "Sanju Samson"]
---

# സഞ്ജു നായകനാകുമോ...? അടുത്ത ഐപിഎല്ലിന് മുന്നേ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി സിഎസ്കെ; ഹസ്സി പരിശീലകനാകുമെന്നും റിപ്പോർട്ട് 

> **Lead Summary:** ചെന്നൈ: കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് അടുത്ത ഐപിഎൽ സീസണിന് മുൻപ് വലിയ മാറ്റങ്ങൾ നടത്താൻ ഒരുങ്ങുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർകിങ്‌സ്. ടീം മാനേജ്മെന്റ് നിലവിൽ പരിശീലക സ്ഥാനത്തും നായക സ്ഥാനത്തും നിർണായക തീരുമാനങ്ങൾക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

## Article Content

ചെന്നൈ: കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽ നിന്നും പാഠം ഉൾക്കൊണ്ട് അടുത്ത ഐപിഎൽ സീസണിന് മുൻപ് വലിയ മാറ്റങ്ങൾ നടത്താൻ ഒരുങ്ങുകയാണ് മുൻ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർകിങ്‌സ്. ടീം മാനേജ്മെന്റ് നിലവിൽ പരിശീലക സ്ഥാനത്തും നായക സ്ഥാനത്തും നിർണായക തീരുമാനങ്ങൾക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒന്നര ദശാബ്ദത്തിലേറെയായി പരിശീലകൻ ആയിരുന്ന സ്റ്റീഫൻ ഫ്ലെമിങ്ങിനു പകരം മുൻ കളിക്കാരനും ഓസ്‌ട്രേലിയൻ ഇതിഹാസ താരവുമായ മൈക്കൽ ഹസ്സിയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ടീം എന്നാണ് ലഭിക്കുന്ന വിവരം.

ഏറെ നാൾ ടീമിന്റെ പരിശീലകൻ ആയിരുന്ന ഫ്ലെമിംഗ് ഏതാനും ആഴ്ചകൾ മുൻപ് ഇംഗ്ലീഷ് ടെസ്റ്റ് ടീമിന്റെ പരിശീലകനായി ചുമതല ഏറ്റിരുന്നു. ഇതോടെയാണ് സിഎസ്കെയിൽ പരിശീലക സ്ഥാനം ഒഴിവായത്.

ടീമുമായി നേരത്തെ അടുത്ത ബന്ധം പുലർത്തിയിട്ടുള്ള ഹസ്സിയെ പരിശീലകനായി കൊണ്ടുവരുന്നതിലൂടെ ടീമിന്റെ കളി ശൈലിയിലും തന്ത്രങ്ങളിലും പുതുമ കൊണ്ടുവരാനാണ് മാനേജ്മെന്റിന്റെ ലക്ഷ്യം. ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റായും മുൻപ് പ്രവർത്തിച്ചിട്ടുള്ള ഹസ്സിക്ക് സിഎസ്കെയുടെ സംസ്കാരം നന്നായി അറിയാമെന്നതും പരിഗണനയ്ക്ക് കാരണമായിട്ടുണ്ട്.

പരിശീലക റോളിലെ മാറ്റത്തിന് പിന്നാലെ നായകസ്ഥാനത്തും മാറ്റങ്ങൾ സംഭവിക്കും എന്നാണ് സൂചന. നിലവിലെ നായകനായ ഋതുരാജ് ഗെയ്ക്വാദിനു പകരം മലയാളി താരവും മുൻപ് രാജസ്ഥാൻ റോയൽസിനെ നയിച്ച് പരിചയവുമുള്ള സഞ്ജു സാംസണിനെ ടീമിന്റെ നായകൻ ആക്കിയേക്കും എന്നാണ് റിപ്പോർട്ട്.

ഇതിഹാസതാരം എം എസ് ധോണിക്ക് പകരം കഴിഞ്ഞ സീസണിൽ കീപ്പർ റോളിൽ മികച്ച പ്രകടനം കാഴ്ചവച്ച സഞ്ജു ഇത്തവണ നായകപദവിയിലേക്ക് ഉയരുമെന്നാണ് പരക്കെയുള്ള അഭിപ്രായം. ധോണിക്ക് ശേഷം ടീമിനെ നയിക്കാനുള്ള അനുഭവസമ്പത്തും നേതൃപാടവവും സഞ്ജുവിനുണ്ടെന്നാണ് ടീം വിലയിരുത്തുന്നത്.

രാജസ്ഥാൻ റോയൽസിനെ നയിച്ചപ്പോൾ പ്ലേ ഓഫിൽ എത്തിക്കാനും ഫൈനൽ കളിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. ഈ അനുഭവം സിഎസ്കെ പോലൊരു വലിയ ഫ്രാഞ്ചൈസിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ സീസണിൽ പ്രതീക്ഷിച്ച ഫലം നേടാൻ കഴിയാത്തതാണ് ഈ വലിയ അഴിച്ചുപണിക്ക് കാരണമെന്നാണ് വിലയിരുത്തൽ. പരിശീലകൻ, നായകൻ എന്നീ രണ്ട് നിർണായക സ്ഥാനങ്ങളിലും മാറ്റം വരുത്തുന്നതിലൂടെ ടീമിനെ പുനർനിർമ്മിക്കാനാണ് സിഎസ്കെ ലക്ഷ്യമിടുന്നത്.

ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും അടുത്ത ഐപിഎൽ മെഗാ ലേലത്തിന് മുൻപായി ഈ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന.

**English Summary:**

Former champions Chennai Super Kings are planning major changes ahead of the next IPL season following a poor campaign. Reports suggest the team is looking to bring in former player and Australian legend Michael Hussey as head coach in place of Stephen Fleming, who recently took over as England Test coach. There are also indications of a captaincy change, with reports stating that Malayali wicketkeeper-batter Sanju Samson, who previously led Rajasthan Royals, could replace current skipper Ruturaj Gaikwad. Sanju's leadership experience and recent performances are cited as key reasons behind the possible move.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378179/csk-major-changes-hussey-coach-sanju-captain-ipl)