---
title: "കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്; നിക്ഷേപമായി വാങ്ങിയ 100 പവൻ സ്വർണം മുൻ ഡയറക്ടർ വിറ്റതായി കണ്ടെത്തൽ"
english_title: "Kadathanad Labour Society Scam: Former Director Sold 100 Sovereigns Of Gold Taken As Deposit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378144/kadathanad-labour-society-scam-former-director-sold-gold"
published_at: "2026-08-12T13:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a36b46818d_vatakara.jpg"
keywords: ["Ibrahim Haji Suicide", "Kadathanad Labour Society", "Investment Fraud", "Gold Scam"]
---

# കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്; നിക്ഷേപമായി വാങ്ങിയ 100 പവൻ സ്വർണം മുൻ ഡയറക്ടർ വിറ്റതായി കണ്ടെത്തൽ

> **Lead Summary:** **കോഴിക്കോട്: ** കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ റെനീഷ് നിക്ഷേപമായി വാങ്ങിയ സ്വർണം വിറ്റതായി കണ്ടെത്തി. നിക്ഷേപമായി ലഭിച്ച 100 പവൻ സ്വർണമാണ് ഇയാൾ വിറ്റതെന്ന് പോലീസ് പറഞ്ഞു. 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് സ്വർണ നിക്ഷേപം വാങ്ങിയത്. ആദ്യം പണയം വെച്ച സ്വർണം പിന്നീട് വിറ്റഴിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

## Article Content

**കോഴിക്കോട്: ** കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപ തട്ടിപ്പ് കേസിൽ മുൻ ഡയറക്ടർ റെനീഷ് നിക്ഷേപമായി വാങ്ങിയ സ്വർണം വിറ്റതായി കണ്ടെത്തി. നിക്ഷേപമായി ലഭിച്ച 100 പവൻ സ്വർണമാണ് ഇയാൾ വിറ്റതെന്ന് പോലീസ് പറഞ്ഞു. 18 ശതമാനം പലിശ വാഗ്ദാനം ചെയ്താണ് സ്വർണ നിക്ഷേപം വാങ്ങിയത്. ആദ്യം പണയം വെച്ച സ്വർണം പിന്നീട് വിറ്റഴിക്കുകയായിരുന്നു എന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ഒരു കുടുംബത്തിലെ പലരുടേതുമായി ചേർത്താണ് 100 പവൻ സ്വർണം നിക്ഷേപമായി സ്വീകരിച്ചത്. ഈ സ്വർണം സഹകരണ സംഘത്തിന്റെ അക്കൗണ്ടിൽ എത്തിക്കാതെ റെനീഷ് മറ്റൊരു ബാങ്കിന്റെ അക്കൗണ്ടിലേക്ക് മാറ്റി പണയപ്പെടുത്തി. പിന്നീട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റിയ ശേഷം അവിടെ നിന്ന് ജ്വല്ലറിയിൽ കൊണ്ടുപോയി വിറ്റതായാണ് കണ്ടെത്തൽ.

ഇബ്രാഹിം ഹാജി എന്ന നിക്ഷേപകൻ തീ കൊളുത്തി ജീവനൊടുക്കിയതോടെയാണ് കടത്തനാട് ലേബർ സൊസൈറ്റിയിലെ തട്ടിപ്പ് പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ ഒന്നൊന്നായി പുറത്തുവന്നത്.കഴിഞ്ഞ മാസമാണ് റെനീഷിനെ ഇടുക്കിയിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

റിമാൻഡിന് ശേഷം പോലീസ് കസ്റ്റഡിയിൽ വിട്ട് നടത്തിയ ചോദ്യംചെയ്യലിലാണ് സ്വർണം വിറ്റ വിവരം വ്യക്തമായത്. ഓഡിറ്റിൽ 2 കോടി 18 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതുവരെ കണ്ടെത്തിയതിനേക്കാൾ കൂടുതൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. റെനീഷ് അടക്കം 3 പ്രതികളും നിലവിൽ റിമാൻഡിൽ തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ പരിശോധിച്ചും നിക്ഷേപകരുടെ മൊഴി രേഖപ്പെടുത്തിയും അന്വേഷണം പുരോഗമിക്കുകയാണ്.

**English Summary:**

In the Kadathanad Labour Society investment fraud case in Kozhikode, police have found that former director Renish sold 100 sovereigns of gold taken as deposits. The gold, collected by promising 18% interest, was first pledged in another bank and later sold through a private finance firm. The scam came to light after investor Ibrahim Haji died by suicide. An audit found fraud of Rs 2.18 crore, but police now suspect the amount is higher. Renish and two others remain in remand.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378144/kadathanad-labour-society-scam-former-director-sold-gold)