---
title: "ബുദ്ധിമോശം കാണിക്കല്ലേ....! ഓണം സ്പെഷൽ അരി കുക്കറിൽ വെക്കരുതേ, വേവിച്ചാൽ അടിഞ്ഞുപോകും; മുന്നറിയിപ്പുമായി സിവില്‍ സപ്ലൈസ് വകുപ്പ്"
english_title: "Kerala Civil Supplies Warns Not To Cook Onam Special Rice In Cooker"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378119/kerala-onam-special-rice-civil-supplies-warning-"
published_at: "2026-08-12T11:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7c161f945e9_kerala-onam-special-rice-civil-supplies-warning-.jpg"
keywords: ["Kerala Ration", "Onam Special Rice", "Civil Supplies", "Food Department"]
---

# ബുദ്ധിമോശം കാണിക്കല്ലേ....! ഓണം സ്പെഷൽ അരി കുക്കറിൽ വെക്കരുതേ, വേവിച്ചാൽ അടിഞ്ഞുപോകും; മുന്നറിയിപ്പുമായി സിവില്‍ സപ്ലൈസ് വകുപ്പ്

> **Lead Summary:** **കോഴിക്കോട്: **റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഓണം സ്പെഷൽ അരി കുക്കറിൽ വേവിക്കരുതെന്ന് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം. ഒറ്റപ്പുഴുക്ക് അഥവാ സിംഗിൾ ബോയിൽഡ് അരിയായതിനാൽ കുക്കറിൽ അതിവേഗം വെന്ത് അടിഞ്ഞുപോകാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.

## Article Content

**കോഴിക്കോട്: **റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഓണം സ്പെഷൽ അരി കുക്കറിൽ വേവിക്കരുതെന്ന് സിവിൽ സപ്ലൈസ് വകുപ്പിന്റെ നിർദ്ദേശം. ഒറ്റപ്പുഴുക്ക് അഥവാ സിംഗിൾ ബോയിൽഡ് അരിയായതിനാൽ കുക്കറിൽ അതിവേഗം വെന്ത് അടിഞ്ഞുപോകാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്.

ഇക്കാര്യം ഉപഭോക്താക്കളെ അറിയിക്കണമെന്ന് റേഷൻ കട ഉടമകൾക്ക് വാക്കാൽ നിർദ്ദേശം നൽകിയിട്ടുണ്ട്.ഒ.എം.എസ്.എസ്.ആർ സ്കീമിൽ വാങ്ങിയ പുതിയ അരിയാണ് ഓണം സ്പെഷൽ ആയി വിതരണം ചെയ്യുന്നത്. ഗുണമേന്മയുള്ള മികച്ച അരിയാണെന്നും മറ്റുപ്രശ്നങ്ങൾ ഒന്നുമില്ലെന്നും അധികൃതർ പറഞ്ഞു. സാധാരണ ചോറിന് ഇരട്ടപ്പുഴുക്ക് അഥവാ ഡബിൾ ബോയിൽഡ് അരിയാണ് ഉപയോഗിക്കുക.

എന്നാൽ, ഇത്തവണ ഓണം സ്പെഷൽ ആയി വന്നത് ഒറ്റപ്പുഴുക്ക് അരിയായതിനാലാണ് ഈ മുന്നറിയിപ്പ് നൽകിയത്.ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 1,65,932 മെട്രിക് ടൺ അരിയും 24,506 മെട്രിക് ടൺ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചിട്ടുണ്ട്.

നിലവിലുള്ള റേഷൻ ഭക്ഷ്യധാന്യത്തിനു പുറമേ നീല, വെള്ള, പൊതുവിഭാഗം, സ്ഥാപനം കാർഡുകൾക്ക് അധികവിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. പിങ്ക് കാർഡിനു 10.90 രൂപ നിരക്കിൽ 3 കിലോ അരിയും ലഭിക്കും. ഒ.എം.എസ്.എസ്.ആർ സ്കീമിൽ വാങ്ങിയ ഒറ്റപ്പുഴുക്ക് അരിയാണ് ഇങ്ങനെ വിതരണം ചെയ്യുന്നത്.

വിളർച്ച, വളർച്ചക്കുറവ്, വൈറ്റമിൻ ബി കുറവ് എന്നിവയ്ക്കു പരിഹാരമായി സമ്പുഷ്ടീകരിച്ച അരിയാണ് നിലവിൽ റേഷൻകടകളിൽ വിതരണം ചെയ്യുന്നത്. എന്നാൽ, ഓണം സ്പെഷൽ അരി സമ്പുഷ്ടീകരിച്ചതല്ല.അതിനിടെ, ഓണക്കാലത്ത് റേഷൻ അരിയുടെ വില 10.90 രൂപയിൽ നിന്ന് 26 രൂപയായി വർധിപ്പിച്ചുവെന്ന പ്രചാരണം അവാസ്തവമാണെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

ഓരോ കാർഡിനുമുള്ള സാധാരണ റേഷൻ അരിവിഹിതം കുറച്ചിട്ടില്ലെന്നും വില കൂട്ടിയിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കി. കേന്ദ്രസർക്കാറിന്റെ ടൈഡ് ഓവർ വിഹിതം അരി ലഭ്യതയിൽ 2026 ജനുവരി മുതൽ 6,459 മെട്രിക് ടണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടൺ അരി ലഭിച്ചിരുന്നതിന് പകരം ഇപ്പോൾ 26,835 മെട്രിക് ടൺ അരിയും 6,459 മെട്രിക് ടൺ ഗോതമ്പുമാണ് ലഭിക്കുന്നത്.

കഴിഞ്ഞ സർക്കാർ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്. ടൈഡ് ഓവർ വിഹിതത്തിൽ നിന്നാണ് ഉത്സവകാലങ്ങളിൽ സ്പെഷൽ അരി നൽകിയിരുന്നത്. എന്നാൽ, 2025 ഡിസംബറിൽ കഴിഞ്ഞ സർക്കാർ അരി വിഹിതത്തിൽ കുറവ് വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതിനാലാണ് സ്പെഷൽ അരി കൊടുക്കുന്നതിൽ പരിമിതി ഉണ്ടായത്.

കഴിഞ്ഞ സർക്കാർ കേന്ദ്ര സർക്കാറിൽ നിരന്തരം സമ്മർദം ചെലുത്തിയാണ് അരിവിഹിതം വെട്ടിക്കുറച്ചത് എന്നാണ് ഭക്ഷ്യവകുപ്പിന്റെ നിലപാട്. ടൈഡ് ഓവർ വിഹിതത്തിൽ വന്ന കുറവ് പരിഹരിക്കാനാണ് സാധാരണ റേഷൻ വിഹിതത്തിനു പുറമേ നീല, വെള്ള, തവിട്ട് കാർഡുകാർക്ക് 26 രൂപയ്ക്ക് അധികം അരി ലഭ്യമാക്കുന്നത്. ഇതിനായി ഉയർന്ന വിലയ്ക്ക് ഒ.എം.എസ്.എസ് അരി വാങ്ങിയതായും വകുപ്പ് അറിയിച്ചു.

English Summary:

The Kerala Civil Supplies Department has warned consumers not to cook the Onam special rice distributed through ration shops in pressure cookers. The rice, procured under the OMSR scheme, is single-boiled variety and may get overcooked quickly. The department clarified that there is no quality issue and that regular ration quota and price remain unchanged. Additional rice at Rs 26 per kg is being provided to compensate for a reduction in central Tide Over allocation since January 2026.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378119/kerala-onam-special-rice-civil-supplies-warning-)