---
title: "ഇനി പുതിയ പായ്ക്കറ്റിൽ; പാൻമസാല ഉൽപ്പന്നങ്ങൾ പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കുന്നതിന് നിരോധനം "
english_title: "FSSAI Bans Plastic Packaging for Pan Masala Products under New Regulations"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378096/fssai-bans-plastic-packaging-pan-masala"
published_at: "2026-08-12T10:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bfab4c0fd7_fssai-bans-plastic-packaging-pan-masala.jpg"
keywords: ["FSSAI", "pan masala", "plastic ban", "packaging regulations"]
---

# ഇനി പുതിയ പായ്ക്കറ്റിൽ; പാൻമസാല ഉൽപ്പന്നങ്ങൾ പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കുന്നതിന് നിരോധനം 

> **Lead Summary:** **ന്യൂഡൽഹി: [**പാൻമസാല ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിൽ കർശന നിയന്ത്രണങ്ങളുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.). ഇനി മുതൽ പാൻമസാലകൾ പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് പുറത്തിറപ്പിച്ചു.

## Article Content

**ന്യൂഡൽഹി: [**പാൻമസാല ഉൽപ്പന്നങ്ങളുടെ പാക്കേജിംഗിൽ കർശന നിയന്ത്രണങ്ങളുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.). ഇനി മുതൽ പാൻമസാലകൾ പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കുന്നത് പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് പുറത്തിറപ്പിച്ചു.

പുതിയ പാക്കേജിങ് നിയമം രാജ്യത്ത് ഉടനടി പ്രാബല്യത്തിൽ വന്നിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച 'ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് (പാക്കേജിങ്) ഭേദഗതി റെഗുലേഷൻസ് 2026' പ്രകാരമാണ് ഈ സുപ്രധാന മാറ്റം നടപ്പിലാക്കിയിരിക്കുന്നത്. 2018-ലെ പാക്കേജിങ് ചട്ടങ്ങളിൽ പാൻമസാലയെ പുതിയൊരു വിഭാഗമായി ഉൾപ്പെടുത്തിയാണ് ഈ ഭേദഗതി കൊണ്ടുവന്നിട്ടുള്ളത്.

എഫ്.എസ്.എസ്.എ.ഐ.യുടെ പുതിയ ഉത്തരവ് പ്രകാരം പാൻമസാല പാക്ക് ചെയ്യാൻ പ്ലാസ്റ്റിക്, അലുമിനിയം ഫോയിൽ, മെറ്റലൈസ്ഡ് ലെയറുകൾ എന്നിവ ഉപയോഗിക്കാൻ പാടില്ല. പകരം പേപ്പർ, പേപ്പർബോർഡ്, സെല്ലുലോസ് അല്ലെങ്കിൽ പ്രകൃതിദത്തമായ മറ്റ് വസ്തുക്കൾ മാത്രമെ പാക്കേജിങ്ങിനായി ഉപയോഗിക്കാവൂ എന്നും, അവ പൂർണ്ണമായും പ്ലാസ്റ്റിക് രഹിതമായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു.

പോളിയെത്തിലീൻ, പോളിപ്രൊപ്പിലീൻ, പോളിയെസ്റ്റർ, പി.വി.സി. തുടങ്ങിയ സിന്തറ്റിക് പോളിമറുകളോ അവയുടെ പാളികളോ അടങ്ങിയ കവറുകൾക്ക് ഈ ഉത്തരവോടെ പൂർണ്ണ വിലക്ക് ബാധകമായി.

പരമ്പരാഗത പ്ലാസ്റ്റിക് കവറുകൾക്ക് പുറമെ, പുറംഭാഗത്ത് പേപ്പറും ഉള്ളിൽ പ്ലാസ്റ്റിക്കോ അലുമിനിയമോ ഉള്ള കോമ്പോസിറ്റ് പാക്കറ്റുകളുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. എന്നാൽ അതേസമയം, ടിൻ, ഗ്ലാസ് കണ്ടെയ്‌നറുകൾ എന്നിവയിൽ പാൻമസാല പായ്ക്ക് ചെയ്ത് വിൽക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ. പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ ഭാഗമായ 2016-ലെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ വ്യവസ്ഥകളും ഇനി പാൻമസാല പാക്കേജിങ്ങിന് ബാധകമായിരിക്കും.

ഈ വർഷം ഏപ്രിൽ 28-നാണ് ഈ ഭേദഗതിയുടെ കരട് വിജ്ഞാപനം എഫ്.എസ്.എസ്.എ.ഐ. പുറപ്പെടുവിച്ചിരുന്നത്. തുടർന്ന് പൊതുജനങ്ങൾക്കും ബന്ധപ്പെട്ട മേഖലയിലുള്ളവർക്കും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനായി 60 ദിവസത്തെ സമയവും അനുവദിച്ചിരുന്നു.

ലഭിച്ച നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേന്ദ്ര സർക്കാരിന്റെ മുൻകൂർ അംഗീകാരത്തോടെയാണ് ഇപ്പോൾ അന്തിമ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പുതിയ നിയന്ത്രണങ്ങൾ രാജ്യത്ത് ഉടനടി നിലവിൽ വന്നിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378096/fssai-bans-plastic-packaging-pan-masala)