---
title: "അച്ഛനായ സന്തോഷത്തിന് മൂന്നുനാൾ ആയുസ്സ്; മകളെയും കൊണ്ട് വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്, വിങ്ങിപ്പൊട്ടി കായക്കൊടി"
english_title: "Kozhikode Man Dies In Jeep Outside Hospital Three Days After Daughter's Birth"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378082/kozhikode-man-dies-jeep-hospital-after-daughter-birth"
published_at: "2026-08-12T09:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7acc13a2d4c_kozhikode-medical-college-jeep-death-vinu-prasad.jpg"
keywords: ["Vinu Prasad Death", "Jeep Death", "Kozhikode Medical College", "Kayakkodi"]
---

# അച്ഛനായ സന്തോഷത്തിന് മൂന്നുനാൾ ആയുസ്സ്; മകളെയും കൊണ്ട് വീട്ടിലേക്ക് പോകാനിരുന്ന വിനു മടങ്ങിയത് ചേതനയറ്റ്, വിങ്ങിപ്പൊട്ടി കായക്കൊടി

> **Lead Summary:** **കോഴിക്കോട്: **അച്ഛനായി എന്ന സന്തോഷത്തിന് വെറും മൂന്നുദിവസംമാത്രം ആയുസ്സ്. ശനിയാഴ്ച രാവിലെ പിറന്ന പെൺകുഞ്ഞിനെ ഒരുനോക്കുകണ്ട് ആശുപത്രിക്ക് പുറത്തേക്കിറങ്ങിയ വിനുപ്രസാദ് പിന്നെ മകളെ കാണാൻ മടങ്ങിയെത്തിയില്ല. ഭാര്യയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോകാൻ കാത്തിരുന്ന കായക്കൊടി സ്വദേശിയായ വിനുവിനെ ചൊവ്വാഴ്ച രാവിലെ ആശുപത്രിക്കുസമീപം നിർത്തിയിട്ട ജീപ്പിൽ ജീവനറ്റ നിലയിലാണ് കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: **അച്ഛനായി എന്ന സന്തോഷത്തിന് വെറും മൂന്നുദിവസംമാത്രം ആയുസ്സ്. ശനിയാഴ്ച രാവിലെ പിറന്ന പെൺകുഞ്ഞിനെ ഒരുനോക്കുകണ്ട് ആശുപത്രിക്ക് പുറത്തേക്കിറങ്ങിയ വിനുപ്രസാദ് പിന്നെ മകളെ കാണാൻ മടങ്ങിയെത്തിയില്ല. ഭാര്യയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോകാൻ കാത്തിരുന്ന കായക്കൊടി സ്വദേശിയായ വിനുവിനെ ചൊവ്വാഴ്ച രാവിലെ ആശുപത്രിക്കുസമീപം നിർത്തിയിട്ട ജീപ്പിൽ ജീവനറ്റ നിലയിലാണ് കണ്ടെത്തിയത്.

ശനിയാഴ്ച രാവിലെയാണ് വിനുവിന്റെ ഭാര്യ അനുസ്മയ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ഒരുനോക്ക് കണ്ടശേഷം ഭാര്യയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോകാനുള്ള കാത്തിരിപ്പിലായിരുന്നു വിനു. കഴിഞ്ഞ മാസം 27-ന് അനുസ്മയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ ആശുപത്രിക്ക് പുറത്ത് വഴിയരികിൽ നിർത്തിയിട്ടിരുന്ന സുഹൃത്ത് സജിത്തിന്റെ ജീപ്പിലായിരുന്നു വിനുവിന്റെ താമസം. ഭക്ഷണവും ഉറക്കവും അടക്കം എല്ലാം ജീപ്പിൽ തന്നെ.

ചൊവ്വാഴ്ച അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്യാനിരിക്കെയാണ് ദാരുണ സംഭവം. തിങ്കളാഴ്ച രാത്രി വിനുവുമായി ഫോണിൽ സംസാരിച്ചിരുന്ന അമ്മ ശോഭയ്ക്ക് ചൊവ്വാഴ്ച രാവിലെ ഫോൺ കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളേജിന് സമീപം നിർത്തിയിട്ട ജീപ്പിനുള്ളിൽ വിനുവിനെ കണ്ടെത്തിയത്.

ഉടൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിന് നേരിയ മഞ്ഞപ്പ് കണ്ടെത്തിയതിനെ തുടർന്ന് രണ്ടുദിവസം കൂടി നിരീക്ഷണത്തിൽ വെച്ച ശേഷമാണ് ചൊവ്വാഴ്ച ഉച്ചയോടെ അനുസ്മയയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്തത്.

അപ്പോഴും ഭർത്താവിന്റെ മരണവിവരം അനുസ്മയ അറിഞ്ഞിരുന്നില്ല. വിനുവിന്റെ സുഹൃത്തും നാട്ടുകാരനുമായ സജിത്ത് അച്ഛന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു. ജീപ്പിന്റെ പിൻഭാഗത്ത് തലയണയ്ക്ക് സമീപം ഛർദിയുടെ അവശിഷ്ടം ഉണ്ടായിരുന്നതായി സജിത്ത് പറഞ്ഞു.

ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് ഫൊറൻസിക് വിഭാഗം ഡോക്ടർ പ്രജിത്തിന്റെ പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനയ്ക്കായി സാംപിളുകൾ ഹിസ്റ്റോപത്തോളജി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കായക്കൊടിയിലെ ജനകീയ ജീപ്പ് ഡ്രൈവർമാരായിരുന്നു വിനുവും സജിത്തും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കായക്കൊടി ഗ്രൗണ്ടിലും കുറ്റ്യാടി പഴയ സ്റ്റാൻഡിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു. രാത്രി 8:30യോടെ വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. അച്ഛൻ: മനോജൻ, സഹോദരൻ: മനുപ്രസാദ്.

**English Summary:**

Vinu Prasad, 30, from Kayakkodi, Kozhikode, died in a jeep outside the Kozhikode Medical College Hospital just three days after his daughter was born. He had been staying in the vehicle since his wife Anusmaya was admitted for delivery on the 27th of last month. His body was found on Tuesday morning after his mother could not reach him on phone. He was declared dead at the hospital. The cause is suspected to be a heart-related illness, with samples sent for histopathology. His wife and newborn were discharged later that day, unaware of his death.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378082/kozhikode-man-dies-jeep-hospital-after-daughter-birth)