---
title: "നാടിന് അഭിമാനമായി ; ലോകത്തെ മികച്ച 5% ശാസ്ത്രജ്ഞരിൽ കോഴിക്കോട് തിക്കോടി സ്വദേശി ഡോ. കെ.കെ. ബിനീഷ്"
english_title: "Kozhikode Scientist Dr KK Bineesh Ranked Among Top 5 Percent Scientists Globally By SciRanking"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378080/kozhikode-dr-kk-bineesh-top-5-percent-scientists-sciranking"
published_at: "2026-08-12T09:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7be98822fd7_kozhikode-dr-kk-bineesh-top-5-percent-scientists-sciranking.jpg"
keywords: ["Dr KK Bineesh", "ZSI", "Marine Biology", "Scientist", "SciRanking 2025"]
---

# നാടിന് അഭിമാനമായി ; ലോകത്തെ മികച്ച 5% ശാസ്ത്രജ്ഞരിൽ കോഴിക്കോട് തിക്കോടി സ്വദേശി ഡോ. കെ.കെ. ബിനീഷ്

> **Lead Summary:** **കോഴിക്കോട്: **ആഗോളതലത്തിൽ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തിക്കോടി സ്വദേശി ഡോ. കെ.കെ. ബിനീഷ് ഇടംപിടിച്ചു. അന്താരാഷ്ട്ര ശാസ്ത്ര റാങ്കിങ് ഏജൻസിയായ സൈറാങ്കിങ് പുറത്തിറക്കിയ 2025ലെ പട്ടികയിൽ ലോകത്തെ മികച്ച അഞ്ച് ശതമാനം ശാസ്ത്രജ്ഞരിലാണ് ഇദ്ദേഹം സ്ഥാനം നേടിയത്.

## Article Content

**കോഴിക്കോട്: **ആഗോളതലത്തിൽ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തിക്കോടി സ്വദേശി ഡോ. കെ.കെ. ബിനീഷ് ഇടംപിടിച്ചു. അന്താരാഷ്ട്ര ശാസ്ത്ര റാങ്കിങ് ഏജൻസിയായ സൈറാങ്കിങ് പുറത്തിറക്കിയ 2025ലെ പട്ടികയിൽ ലോകത്തെ മികച്ച അഞ്ച് ശതമാനം ശാസ്ത്രജ്ഞരിലാണ് ഇദ്ദേഹം സ്ഥാനം നേടിയത്.

പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ചെന്നൈ മറൈൻ ബയോളജി റീജിയണൽ സെന്ററിൽ സയന്റിസ്റ്റാണ് ഡോ. ബിനീഷ്. സമുദ്ര ജൈവ വൈവിധ്യം, മത്സ്യവർഗങ്ങളുടെ ടാക്സോണമി, മോളിക്യുലർ സിസ്റ്റമാറ്റിക്സ്, മത്സ്യസമ്പത്ത് നിരീക്ഷണം, സംരക്ഷണ ജീവശാസ്ത്രം തുടങ്ങിയ മേഖലകളിലെ ഗവേഷണങ്ങൾക്ക് ശ്രദ്ധേയ സംഭാവന നൽകിയിട്ടുണ്ട്.

ഇതുവരെ 28 പുതിയ മത്സ്യവർഗങ്ങളെ കണ്ടെത്തുന്നതിൽ നിർണായക പങ്കുവഹിച്ചു. സമുദ്രജീവികളുടെ വൈവിധ്യവും വർഗീകരണവും സംബന്ധിച്ച ഗവേഷണങ്ങൾ ഇന്ത്യൻ സമുദ്ര ജൈവശാസ്ത്ര മേഖലയ്ക്ക് വലിയ സംഭാവനയാണെന്ന് വിലയിരുത്തപ്പെടുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നിന്ന് സമുദ്ര ജീവശാസ്ത്രത്തിൽ ബിരുദം നേടിയ ബിനീഷ് സി.എം.എഫ്.ആർ.ഐ, എൻ.ബി.എഫ്.ജി.ആർ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് പി.എച്ച്.ഡിയും നേടി.

രണ്ട് പുസ്തകങ്ങളും 210ലധികം ദേശീയ-അന്തർദേശീയ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു.സ്രാവുകളുടെയും തിരണ്ടികളുടെയും സംരക്ഷണവുമായി ബന്ധപ്പെട്ട് ഇരുന്നൂറിലധികം ജീവവർഗങ്ങളുടെ ഐ.യു.സി.എൻ റെഡ് ലിസ്റ്റ് വിലയിരുത്തലിലും നിർണായക പങ്കുവഹിച്ചു.

ഓസ്ട്രേലിയ, അമേരിക്ക, ജപ്പാൻ, യു.കെ, കാനഡ, ഇറാൻ, യു.എ.ഇ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.ബിനീഷിന്റെ ശാസ്ത്രസംഭാവനകളെ ആദരിച്ച് മക്കുലബേറ്റിസ് ബിനീഷി (ഷോർട്ട്ടെയിൽ വിപ്രേ), പാരമുണ്ടിയ ബിനീഷി (ആഴക്കടൽ ലോബ്സ്റ്റർ), പെംഫെറിസ് ബിനീഷി (കൊറൽ റീഫ് മത്സ്യം) എന്നീ സമുദ്രജീവികൾക്ക് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്.കിണറ്റുംകര കുമാരന്റെയും നാരായണിയുടെയും മകനാണ്. പി. സരയുവാണ് ഭാര്യ. മക്കൾ: ദ്രോണ, ഹിമ പാർവതി.

**English Summary:**

Dr. K.K. Bineesh from Thikkodi, Kozhikode has been ranked among the top 5 percent scientists globally in the SciRanking 2025 list. A scientist at the ZSI Chennai Marine Biology Regional Centre, he has made significant contributions in marine biodiversity, fish taxonomy, and conservation. He has discovered 28 new fish species, published over 210 research papers and 2 books, and contributed to IUCN Red List assessments. Three marine species have been named after him in recognition of his work.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378080/kozhikode-dr-kk-bineesh-top-5-percent-scientists-sciranking)