---
title: "അടച്ചുതീർത്ത വായ്പ കുടിശ്ശികയെന്ന്  സിബിൽ സ്കോർ ;  രേഖകൾ തിരുത്താൻ എച്ച്‌ഡിഎഫ്‌സി ബാങ്കിന് ഉപഭോക്തൃ കമീഷൻ ഉത്തരവ്"
english_title: "Kollam Consumer Commission Orders HDFC Bank to Correct CIBIL Records Within 30 Days"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378076/kollam-consumer-commission-hdfc-bank-cibil-correction-order"
published_at: "2026-08-12T08:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7be514e74af_kollam-consumer-commission-hdfc-bank-cibil-correction-order.jpg"
keywords: ["HDFC Bank", "Consumer Commission", "CIBIL Score", "Isaac Itticherry"]
---

# അടച്ചുതീർത്ത വായ്പ കുടിശ്ശികയെന്ന്  സിബിൽ സ്കോർ ;  രേഖകൾ തിരുത്താൻ എച്ച്‌ഡിഎഫ്‌സി ബാങ്കിന് ഉപഭോക്തൃ കമീഷൻ ഉത്തരവ്

> **Lead Summary:** **കൊല്ലം: ** പൂർണമായി അടച്ചുതീർത്ത വായ്പയെ വർഷങ്ങളോളം കുടിശ്ശികയായി രേഖപ്പെടുത്തി സിബിൽ സ്കോർ കുറച്ച സംഭവത്തിൽ, 30 ദിവസത്തിനകം രേഖകൾ തിരുത്തി നൽകാൻ എച്ച്‌ഡിഎഫ്‌സി ബാങ്കിന് കൊല്ലം ജില്ലാ ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു. പരാതിക്കാരന് 50,000 രൂപ നഷ്ടപരിഹാരം നൽകാനും കമീഷൻ നിർദേശിച്ചു.

## Article Content

**കൊല്ലം: ** പൂർണമായി അടച്ചുതീർത്ത വായ്പയെ വർഷങ്ങളോളം കുടിശ്ശികയായി രേഖപ്പെടുത്തി സിബിൽ സ്കോർ കുറച്ച സംഭവത്തിൽ, 30 ദിവസത്തിനകം രേഖകൾ തിരുത്തി നൽകാൻ എച്ച്‌ഡിഎഫ്‌സി ബാങ്കിന് കൊല്ലം ജില്ലാ ഉപഭോക്തൃ കമീഷൻ ഉത്തരവിട്ടു. പരാതിക്കാരന് 50,000 രൂപ നഷ്ടപരിഹാരം നൽകാനും കമീഷൻ നിർദേശിച്ചു.

മുഖത്തല ആലുംമൂട് സ്വദേശി ഐസക് ഇട്ടിച്ചെറിയ സമർപ്പിച്ച പരാതിയിലാണ് കമീഷൻ പ്രസിഡന്റ് എസ് കെ ശ്രീലയും അംഗം സ്റ്റാൻലി ഹാരോൾഡും ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

പരാതിക്കാരന്റെ നിലപാട് അനുസരിച്ച്, ബിസിനസ് ആവശ്യത്തിനായി 2007-ൽ സെഞ്ചൂറിയൻ ബാങ്കിൽനിന്ന് ടൂവീലർ വാങ്ങുന്നതിനായി ഐസക് വായ്പ എടുത്തിരുന്നു. വായ്പ തിരിച്ചടവിനായി ഭാര്യയും ഗ്യാരന്ററുമായ ബീന പണിക്കരുടെ 1725 രൂപ വീതമുള്ള ചെക്കുകൾ ബാങ്കിന് കൈമാറിയതായും പരാതിയിൽ പറയുന്നു.

2008-ൽ ഗ്യാരന്റിയായി നൽകിയ രണ്ട് ചെക്കുകൾ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതർ അറിയിച്ചതിനെ തുടർന്ന്, ആ രണ്ട് തവണകളുടെ തുക പണമായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതിക്കാരൻ കമീഷനെ അറിയിച്ചു. ബാങ്ക് അധികൃതരുടെ നിർദേശപ്രകാരം തുക പണമായി അടച്ചതായും, തുടർന്ന് 2009-ൽ വായ്പ പൂർണമായും അടച്ചുതീർത്ത് അക്കൗണ്ട് ക്ലോസ് ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു.

2023-ൽ ബിസിനസ് ആവശ്യത്തിനായി പഞ്ചാബ് ആൻഡ് സിൻഡ് ബാങ്കിനെ സമീപിച്ചപ്പോൾ, കുറഞ്ഞ സിബിൽ സ്കോർ ചൂണ്ടിക്കാട്ടി വായ്പ അനുവദിച്ചില്ലെന്ന് പരാതിക്കാരൻ പറയുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2009-ൽ അടച്ചുതീർത്ത വായ്പയിൽ കുടിശ്ശിക ഉണ്ടായിരുന്നതായി സെഞ്ചൂറിയൻ ബാങ്കിന്റെ പിൻഗാമിയായ എച്ച്‌ഡിഎഫ്‌സി ബാങ്ക്, ക്രെഡിറ്റ് വിവര ഏജൻസിയായ ട്രാൻസ്‌ യൂണിയൻ സിബിലിന് റിപ്പോർട്ട് ചെയ്തതായി അറിഞ്ഞതെന്ന് പരാതിയിൽ പറയുന്നു.

ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് ഐസക് ജില്ലാ ഉപഭോക്തൃ കമീഷനെ സമീപിച്ചത്. കേസ് പരിഗണിച്ച കമീഷൻ, വിധിയുടെ പകർപ്പ് ലഭിച്ച് 30 ദിവസത്തിനകം രേഖകൾ ഭേദഗതി ചെയ്ത്, വിവരം ട്രാൻസ്‌ യൂണിയൻ സിബിലിന് കൈമാറണമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്കിനോട് നിർദേശിച്ചു.

പരാതിക്കാരനുവേണ്ടി അഭിഭാഷകരായ മനോജ് ശ്രീധർ, സാജൻ സേവ്യർ, ടി കെ ജയകുമാരി, ദേവലക്ഷ്മി മനോജ്, സൂര്യ രാജ് എന്നിവർ കമീഷനിൽ ഹാജരായി.

**English Summary:**

The Kollam District Consumer Commission has ordered HDFC Bank to correct records within 30 days and pay Rs 50,000 compensation to Isaac Itticherry of Alummood, Mukhathala. The complainant alleged that although a two-wheeler loan taken from Centurion Bank in 2007 was fully repaid in 2009, HDFC Bank, the successor, reported it as having dues to TransUnion CIBIL, leading to a low credit score and loan rejection in 2023. The bench of President S K Sreela and member Stanley Harold directed the bank to amend records and inform CIBIL.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378076/kollam-consumer-commission-hdfc-bank-cibil-correction-order)