---
title: "പിതൃസ്മരണയിൽ ഇന്ന് കർക്കടകവാവ്; പ്രധാന കേന്ദ്രങ്ങളിൽ ബലിതർപ്പണം പുരോഗമിക്കുന്നു, ജാഗ്രതാ നിർദേശവുമായി അധികൃതർ"
english_title: "Karkidaka Vavu Bali 2026 Devotees Offer Pitru Tharpanam Across Kerala Rituals Underway"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378068/karkidaka-vavu-bali-rituals-across-kerala-safety-instructions"
published_at: "2026-08-12T07:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bd464712d9_karkidaka-vavu-bali-rituals-across-kerala-safety-instructions.jpg"
keywords: ["Karkidaka Vavu", "Bali Tharpanam", "Aluva Manappuram", "Varkala Papanasam"]
---

# പിതൃസ്മരണയിൽ ഇന്ന് കർക്കടകവാവ്; പ്രധാന കേന്ദ്രങ്ങളിൽ ബലിതർപ്പണം പുരോഗമിക്കുന്നു, ജാഗ്രതാ നിർദേശവുമായി അധികൃതർ

> **Lead Summary:** **തിരുവനന്തപുരം: ** പിതൃസ്മരണയിൽ ഇന്ന് സംസ്ഥാനത്തുടനീളം കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾ നടക്കുകയാണ്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലും തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.

## Article Content

**തിരുവനന്തപുരം: ** പിതൃസ്മരണയിൽ ഇന്ന് സംസ്ഥാനത്തുടനീളം കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾ നടക്കുകയാണ്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വർക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി ഉൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലും തർപ്പണ കേന്ദ്രങ്ങളിലും പുലർച്ചെ മുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ആലുവ മണപ്പുറത്ത് പുലർച്ചെ നാലുമണിയോടെ പിതൃകർമ്മങ്ങൾക്ക് തുടക്കമായി. ഇവിടെ ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതർപ്പണ ചടങ്ങുകൾ നടത്താൻ സൗകര്യമുണ്ടാകും. ബലിയിടുന്നതിനായി ഇന്നലെ സന്ധ്യമുതൽ തന്നെ വൻതോതിൽ ഭക്തർ പ്രധാന കേന്ദ്രങ്ങളിലേക്ക് എത്തിത്തുടങ്ങിയിരുന്നു.

നിലവിൽ പിതൃനമസ്കാരവും അനുബന്ധ പൂജകളും പുരോഗമിക്കുകയാണ്. കർക്കടക വാവിന് ബലിയർപ്പിച്ചാൽ പിതൃക്കൾക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് പ്രബലമായ വിശ്വാസം. തലേദിവസം ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് ഒരിക്കൽ ആചരിച്ചാണ് ഭക്തർ തർപ്പണച്ചടങ്ങുകളിൽ പങ്കെടുക്കുന്നത്. ബലിതർപ്പണത്തിനെത്തുന്നവർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്.

കടൽ പ്രക്ഷുബ്ധമാകുമെന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുള്ളതിനാൽ പോലീസിന്റെയും മറ്റ് സർക്കാർ സംവിധാനങ്ങളുടെയും നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. പ്രധാന സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജലാശയങ്ങളിൽ ഫയർഫോഴ്സ്, പോലീസ്, ലൈഫ് ഗാർഡുകൾ എന്നിവരുടെ നിർദേശങ്ങൾ കർശനമായി അനുസരിക്കണം.

പരിചിതമല്ലാത്തതോ ആഴമുള്ളതോ ആയ ഭാഗങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും, കുട്ടികളെ ഒറ്റയ്ക്ക് വെള്ളത്തിനടുത്തേക്ക് വിടരുതെന്നും മുൻകരുതലുണ്ട്. കൂടാതെ, വയോധികരും ആരോഗ്യപ്രശ്നങ്ങളുള്ളവരും പുലർച്ചെ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്നും ബലിമണ്ഡപങ്ങളിലെ അമിതമായ തിരക്കിൽ പെടാതെ വരിയായി മാത്രം നീങ്ങണമെന്നും നിർദേശത്തിലുണ്ട്.

**English Summary:**

On the auspicious occasion of Karkidaka Vavu, thousands of devotees across Kerala are performing 'Pitru Tharpanam' to pay homage to their ancestors. Major centers including Aluva Manappuram, Varkala Papanasam, Thiruvallam Parasurama Temple, Thirunavaya, and Thirunelli are witnessing heavy rush since early morning. Special KSRTC services have been arranged for pilgrims. Due to warnings of rough seas and strong currents, authorities have issued strict safety guidelines, urging devotees to adhere to instructions from the police, fire force, and life guards while performing the rituals near water bodies.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378068/karkidaka-vavu-bali-rituals-across-kerala-safety-instructions)