---
title: "'വീടുകളിൽ കയറിയ പൊലീസുകാരെ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്, ഭ്രാന്തനു കിട്ടിയാൽ നാട് കത്തിക്കും'; പൊലീസിന് നേരെ ഭീഷണിയുമായി കെ.പി.ഉദയഭാനു"
english_title: "Arjun Ayanki Custody CPM Leader KP Udayabhanu Threatens Police Over Raid"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378062/arjun-ayanki-police-custody-cpm-leader-kp-udayabhanu-threatens-police"
published_at: "2026-08-12T06:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7bc91655e09_arjun-ayanki-police-custody-cpm-leader-kp-udayabhanu-threatens-police.jpg"
keywords: ["Arjun Ayanki", "KP Udayabhanu", "KAAPA", "Kannur Cyber Police"]
---

# 'വീടുകളിൽ കയറിയ പൊലീസുകാരെ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്, ഭ്രാന്തനു കിട്ടിയാൽ നാട് കത്തിക്കും'; പൊലീസിന് നേരെ ഭീഷണിയുമായി കെ.പി.ഉദയഭാനു

> **Lead Summary:** **പത്തനംതിട്ട: **അർജുൻ ആയങ്കിക്കായുള്ള തിരച്ചിലിൽ അർധരാത്രി മല്ലപ്പള്ളി കാട്ടാമലയിലെ വീടുകളിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു. പൊലീസ് തിരച്ചിലിൽ പ്രതിഷേധിച്ച് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**പത്തനംതിട്ട: **അർജുൻ ആയങ്കിക്കായുള്ള തിരച്ചിലിൽ അർധരാത്രി മല്ലപ്പള്ളി കാട്ടാമലയിലെ വീടുകളിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഭീഷണിയുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു. പൊലീസ് തിരച്ചിലിൽ പ്രതിഷേധിച്ച് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കീഴ്‌വായ്പൂര് പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘‘വീടുകളിൽ കയറിയ പൊലീസുകാരെ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്. അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട്. ആ രീതിയിലേക്കു ഞങ്ങളെ ചിന്തിപ്പിക്കരുത്. ഏതെങ്കിലും എരപ്പാളികൾ പറയുന്നതു കേട്ടു പാവപ്പെട്ടവന്റെ വീടു കയറിയാൽ പൊലീസുകാർ വന്നതുപോലെ പോകില്ല. ആ രീതിയിൽ ഞങ്ങൾ പ്രതികരിക്കും’’ – കെ.പി.ഉദയഭാനു പ്രസംഗിച്ചു.

പൊലീസ് ചൂട്ട് പോലെയാണെന്നും വഴിയാത്രക്കാരനു കിട്ടിയാൽ അതു വഴിതെളിക്കും, ഭ്രാന്തനു കിട്ടിയാൽ നാട് കത്തിക്കുമെന്നും സിപിഎം നേതാവ് പരിഹസിച്ചു. മര്യാദയ്ക്ക് പ്രവർത്തിക്കണമെന്നും നിങ്ങളെ ആരും സംരക്ഷിക്കാനുണ്ടാകില്ലെന്നും കെ.പി.ഉദയഭാനു സിപിഎം മാർച്ചിൽ സംസാരിക്കവേ പൊലീസിന് മുന്നറിയിപ്പ് നൽകി.

അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കോടതി മൂന്ന് ദിവസം മാത്രമാണ് അനുവദിച്ചത്. പ്രതിഭാഗത്തിന്റെ എതിർവാദങ്ങൾ കോടതി തള്ളി.

കണ്ണൂർ സൈബർ പൊലീസ് അർജുൻ ആയങ്കിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു ലാപ്ടോപ്പ് പിടിച്ചെടുത്തു. അധിക്ഷേപ പോസ്റ്റുകൾ ഇടാൻ ഉപയോഗിച്ച ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഈ ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. നേരത്തെ ഒരു മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് പൊലീസിനെ പരിഹസിച്ചു കൊണ്ടുള്ള ട്രോളുകളും റീലുകളും പോസ്റ്റ് ചെയ്തത് സുഹൃത്തായ പ്രണവാണെന്ന് അർജുൻ ആയങ്കി മൊഴി നൽകിയതായാണ് വിവരം. പ്രണവ് നിലവിൽ ഒളിവിലാണ്. ഒളിവിൽ കഴിയുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഒന്നിലധികം ആളുകളെ സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിൻമാരാക്കി അർജുൻ ആയങ്കി പോസ്റ്റുകൾ പ്രചരിപ്പിച്ചിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കോതമംഗലം പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ അർജുൻ ആയങ്കിക്കെതിരെ പ്രൊഡക്ഷൻ വാറണ്ടുമായി കോടതിയെ സമീപിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമേ, തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്ന സാഹചര്യത്തിൽ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAAPA) ചുമത്താനുള്ള നടപടികളും പൊലീസ് ആരംഭിച്ചു.

**English Summary:**

Thalassery Chief Judicial Magistrate Court remanded Arjun Ayanki to three days of police custody in a case regarding defaming the Home Minister on social media. During the investigation, Kannur Cyber Police seized a laptop from his home. Meanwhile, CPM State Committee member K.P. Udayabhanu openly threatened the police during a protest march to the Keezhvaipur police station against night raids conducted at Katamala, Mallappally, in search of Ayanki. Police are also initiating steps to invoke KAAPA against Ayanki and seek a production warrant in another case registered in Kothamangalam.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378062/arjun-ayanki-police-custody-cpm-leader-kp-udayabhanu-threatens-police)