---
title: "പൊലീസിനെ കണ്ടതോടെ ഓടെടാ ഓട്ടം...! വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയ മലപ്പുറം സ്വദേശി പന്നിയങ്കരയിൽ പിടിയിൽ; 3.5 കിലോ കണ്ടെടുത്തു"
english_title: "3.5 Kg Ganja Seized in Kozhikode, One Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378034/kozhikode-panniyankara-ganja-arrest"
published_at: "2026-08-11T20:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b3bb7a4497_kozhikode-panniyankara-ganja-arrest.jpg"
keywords: ["Ganja Arrest", "Drug Arrest", "Drug Arrest Kozhikode", "NDPS"]
---

# പൊലീസിനെ കണ്ടതോടെ ഓടെടാ ഓട്ടം...! വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയ മലപ്പുറം സ്വദേശി പന്നിയങ്കരയിൽ പിടിയിൽ; 3.5 കിലോ കണ്ടെടുത്തു

> **Lead Summary:** കോഴിക്കോട്: പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. മലപ്പുറം കോട്ടപ്പടി സ്വദേശി വെളുത്തേടത്ത് വീട്ടിൽ ജയദാസൻ ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച വൈകുന്നേരം വെസ്റ്റ് മാങ്കാവ് പരിസരത്തുനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

## Article Content

കോഴിക്കോട്: പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാൾ പിടിയിൽ. മലപ്പുറം കോട്ടപ്പടി സ്വദേശി വെളുത്തേടത്ത് വീട്ടിൽ ജയദാസൻ ആണ് പന്നിയങ്കര പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച്ച വൈകുന്നേരം വെസ്റ്റ് മാങ്കാവ് പരിസരത്തുനിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.

പന്നിയങ്കര എസ്‌ഐയും സംഘവും പട്രോളിങ് ഡ്യൂട്ടി ചെയ്ത് വരവേ ഇവിടെ എത്തിയപ്പോൾ പോലീസിനെ കണ്ട് പരിഭ്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ജയദാസൻ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്ന ബിഗ്ഷോപ്പറിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച മൂന്നര കിലോഗ്രാം കഞ്ചാവും കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ത്രാസ്സും പോലീസ് കണ്ടെടുത്തു.

പ്രതി പാളയം, മാങ്കാവ്, രാമനാട്ടുകര എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുകയാണെന്നും മുൻപ് ചക്കുംകടവ് താമസിച്ചിരുന്ന പ്രതി ഇപ്പോൾ രണ്ട് വർഷത്തോളമായി മാങ്കാവിലാണ് താമസമെന്നും പോലീസ് പറഞ്ഞു.

ജയദാസന്റെ പേരിൽ മറ്റ് കേസുകൾ ഉണ്ടോ എന്നതടക്കം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

പന്നിയങ്കര പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ അതുൽ വസന്ത്, സുനിൽ കുമാർ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർമാരായ ഗിരീഷ് കുമാർ, സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർ ബിനീഷ് ഡാൻസഫ് അംഗങ്ങളായ സബ്ബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ അഖിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ സുനോജ്, ലതീഷ്, സരുൺ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

**English Summary:**

A 54-year-old man from Malappuram, Jayadasan, was arrested by Panniyankara Police in West Mankavu with 3.5 kg of ganja intended for sale. Police caught him while he tried to flee during a patrol. He was reportedly selling ganja to migrant workers in Palayam, Mankavu, and Ramanattukara. He was produced in court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378034/kozhikode-panniyankara-ganja-arrest)