---
title: "സ്ഥലം മാറ്റത്തിന് പിന്നാലെ കുഴഞ്ഞുവീണ് മരണം; ഉദ്യോഗസ്ഥയുടെ മരണകാരണം പക്ഷാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്"
english_title: "Health Inspector Deepalekha Dies After Collapse In Chokli, Postmortem Cites Stroke"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/378008/health-inspector-deepalekha-dies-stroke-chokli-panchayat"
published_at: "2026-08-11T17:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7b09cf77f4f_health-inspector-deepalekha-dies-stroke-chokli-panchayat.jpg"
keywords: ["Deepa Lekha Death", "Stroke", "Health Inspector", "Chokli Family Health Centre"]
---

# സ്ഥലം മാറ്റത്തിന് പിന്നാലെ കുഴഞ്ഞുവീണ് മരണം; ഉദ്യോഗസ്ഥയുടെ മരണകാരണം പക്ഷാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

> **Lead Summary:** കണ്ണൂർ : കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച ഹെൽത്ത് ഇൻസ്പെക്ടർ ആർ. ദീപലേഖയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പക്ഷാഘാതമാണ് മരത്തിനു കാരണം എന്നാണ് റിപ്പോർട്ടിലുള്ളത്. തിങ്കളാഴ്ച ചൊക്ലി പഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടറായ ദീപലേഖ കുഴഞ്ഞുവീണത്.

## Article Content

കണ്ണൂർ : കഴിഞ്ഞ ദിവസം കുഴഞ്ഞുവീണ് മരിച്ച ഹെൽത്ത് ഇൻസ്പെക്ടർ ആർ. ദീപലേഖയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. പക്ഷാഘാതമാണ് മരത്തിനു കാരണം എന്നാണ് റിപ്പോർട്ടിലുള്ളത്. തിങ്കളാഴ്ച ചൊക്ലി പഞ്ചായത്തിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിനിടെയാണ് ഹെൽത്ത് ഇൻസ്പെക്ടറായ ദീപലേഖ കുഴഞ്ഞുവീണത്.

അടുത്തിടെ ലഭിച്ച സ്ഥലംമാറ്റ ഉത്തരവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഒപ്പമുള്ളവരുമായി പങ്കുവയ്ക്കുന്നതിനിടെയാണ് ദീപലേഖ പെട്ടെന്ന് കുഴഞ്ഞുവീണത്.

സ്ഥലം മാറ്റത്തിൽ ഉദ്യോഗസ്ഥ മാനസിക സംഘർഷത്തിലായിരുന്നെന്ന് സഹപ്രവർത്തകർ പറഞ്ഞിരുന്നു. മാനസിക സംഘർഷം പക്ഷാഘാതത്തിനു കാരണമാകാമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് സ്വദേശമായ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.

നാലു മാസം മുൻപാണ് ദീപ ഹെൽത്ത് ഇൻസ്‌പെക്ടറായി ചൊക്ലിയിൽ ചുമതല ഏറ്റെടുത്തത്. രണ്ട് മാസം മുൻപ് സംഭവിച്ച ഒരു അപകടത്തിൽ ദീപ ലേഖയ്ക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ ആരോഗ്യസ്ഥിതി മനസ്സിലാക്കാതെ വീണ്ടും സ്ഥലം മാറ്റത്തിനുള്ള അറിയിപ്പ് വന്നതിൽ ദീപ മാനസികമായി ബുദ്ധിമുട്ടിലായിരുന്നെന്ന് സഹപ്രവർത്തകർ പറയുന്നു.

മട്ടന്നൂർ നഗരസഭയിലേക്കാണ് ദീപയെ ആദ്യം സ്ഥലംമാറ്റിയത്. ഇതിനിടെ മട്ടന്നൂരിലേക്കുള്ള സ്ഥലംമാറ്റം തിരുത്തി ചൊക്ലി പഞ്ചായത്തിൽനിന്ന് കുറച്ചു കൂടി അടുത്തുള്ള പിണറായി ഗ്രാമപഞ്ചായത്തിലേക്ക് ദീപയെ മാറ്റി പുതിയ സ്ഥലംമാറ്റ ഉത്തരവ് നൽകിയിരുന്നു. കോഴിക്കോട് വടകര മേപ്പയിൽ 'ശ്രീസ്ഥ'യിൽ താമസിച്ചിരുന്ന ദീപലേഖ നാടകപ്രവർത്തകനും പാനൂർ താലൂക്ക് ആശുപത്രി റിട്ട.ഹെൽത്ത് സൂപ്പർവൈസറുമായ സുരേഷ്ബാബു ശ്രീസ്ഥയുടെ ഭാര്യയാണ്.

ദീപ ലേഖ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ സർവീസ് സംഘടനകൾ ഇന്ന് പ്രതിഷേധിച്ചു. കണ്ണൂർ ജില്ലയിലെ സർക്കാർ ആശുപത്രികളിലും എൻജിഒ യൂണിയൻ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്‌കരിച്ചാണ് പ്രതിഷേധിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/378008/health-inspector-deepalekha-dies-stroke-chokli-panchayat)