---
title: "'രമേശൻ സാറിന്റെ തൂഫാൻ പൊളിക്കാൻ സതീശൻ സാർ ഇറക്കിവിട്ടവരാണോ?'; യൂത്ത് കോൺഗ്രസ് നേതാക്കൾ ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെ പോസ്റ്റുമായി വി.കെ. സനോജ്"
english_title: "DYFI Leader VK Sanoj Slams VD Satheesan Over Youth Congress Leader MDMA Arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377977/vk-sanoj-criticizes-vd-satheesan-over-youth-congress-leader-arrest"
published_at: "2026-08-11T14:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7aed868bf06_vk-sanoj-criticizes-vd-satheesan-over-youth-congress-leader-arrest.jpg"
keywords: ["VK Sanoj", "VD Satheesan", "Operation Toofan", "Youth Congress", "Kasaragod MDMA Arrest"]
---

# 'രമേശൻ സാറിന്റെ തൂഫാൻ പൊളിക്കാൻ സതീശൻ സാർ ഇറക്കിവിട്ടവരാണോ?'; യൂത്ത് കോൺഗ്രസ് നേതാക്കൾ ലഹരിക്കേസിൽ പിടിയിലായതിന് പിന്നാലെ പോസ്റ്റുമായി വി.കെ. സനോജ്

> **Lead Summary:** **തിരുവനന്തപുരം: **ലഹരിവിരുദ്ധ പരിശോധനയായ 'ഓപ്പറേഷൻ തൂഫാനി'ന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഭാരവാഹി എം.ഡി.എം.എയുമായി പിടിയിലായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.

## Article Content

**തിരുവനന്തപുരം: **ലഹരിവിരുദ്ധ പരിശോധനയായ 'ഓപ്പറേഷൻ തൂഫാനി'ന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് ഭാരവാഹി എം.ഡി.എം.എയുമായി പിടിയിലായ സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷമായ പരിഹാസവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്.

വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററും യൂത്ത് കോൺഗ്രസ് ബൂത്ത് ഭാരവാഹിയുമായ മുഹമ്മദ് ഹുസൈൻ കാസർകോട് വെച്ച് പിടിയിലായ സംഭവത്തോട് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'സതീശൻ സാറിന്റെ പിള്ളേരെ രമേശൻ സാറിന്റെ പോലീസ് കാസർകോട് നിന്ന് എം.ഡി.എം.എയുമായി പിടികൂടിയെന്ന ലേറ്റസ്റ്റ് വാർത്ത' എന്ന് കുറിച്ചുകൊണ്ടാണ് വി.കെ. സനോജ് തൻ്റെ ഫേസ്ബുക്ക് പ്രതികരണം ആരംഭിച്ചത്. 'രമേശൻ സാറിന്റെ തൂഫാൻ പൊളിക്കാൻ സതീശൻ സാർ ഇറക്കിവിട്ടവരാണോ ഇവർ' എന്നും പരിഹാസരൂപേണ സനോജ് തൻ്റെ കുറിപ്പിൽ ചോദിക്കുന്നുണ്ട്.

പോലീസ് നടത്തുന്ന ലഹരിവിരുദ്ധ പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ഓപ്പറേഷൻ തൂഫാനിൽ കോൺഗ്രസ് അനുഭാവിയും ഭാരവാഹിയുമായ വ്യക്തി തന്നെ ലഹരിമരുന്നുമായി പിടിയിലായത് കോൺഗ്രസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വിഷയത്തിൽ ഡിവൈഎഫ്ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ സംഘടനകൾ പ്രതിപക്ഷ നേതാവിനും യൂത്ത് കോൺഗ്രസിനും എതിരെയുള്ള രാഷ്ട്രീയ ആയുധമാക്കി മാറ്റിക്കഴിഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

**സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം**

സതീശന്‍ സാറിന്റെ 'പിള്ളേരെ' രമേശന്‍ സാറിന്റെ പോലീസ് കാസര്‍ഗോഡ് നിന്ന് എംഡിഎംഎയുമായി പിടികൂടിയെന്ന ലേറ്റസ്റ്റ് വാര്‍ത്ത. പിടിയിലായവരില്‍ ഒരാള്‍ സ്വന്തം സോഷ്യല്‍ മീഡിയ പ്രൊഫൈലില്‍ 'വി ഡി സതീശന്റെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍' എന്ന് രേഖപ്പെടുത്തിയിരുന്നയാളാണത്രേ. അതുമാത്രമല്ല, 'ലീഡര്‍ വി ഡി സതീശന്‍' എന്ന ഗ്രൂപ്പിന്റെ അഡ്മിനും, സതീശനെ പ്രമോട്ട് ചെയ്യുന്ന വീഡിയോകള്‍ സ്ഥിരമായി പങ്കുവെക്കുന്നയാളുമാണെന്ന വിവരങ്ങളും പുറത്തുവരുന്നു…! ഇവര്‍ ഒരുമിച്ചുള്ള വീഡിയോകളും പുറത്ത് വരുന്നുണ്ട്.

പിടിയിലായവരില്‍ ഒരാള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ചിത്രങ്ങള്‍ സ്വന്തം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്ന വിവരവും പുറത്തുവരുന്നു.

അറിയേണ്ടത് ചില കാര്യങ്ങളാണ്. രമേശന്‍ സാറിന്റെ 'തൂഫാന്‍' പൊളിക്കാന്‍ സതീശന്‍ സാര്‍ ഇറക്കിവിട്ടവരാണോ ഇവരെ…? രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറം ഇവര്‍ക്ക് നേരത്തേ തന്നെ ഇത്തരം ഇടപാടുകളുണ്ടായിരുന്നോ…? ഇത്രയും അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ഒരാളെക്കുറിച്ച് വി ഡി സതീശന് ഒന്നും അറിയില്ലായിരുന്നോ…?

പോലീസ് പിടികൂടുന്നതിന് മുമ്പ് തന്നെ രണ്ട് ജില്ലകളില്‍ ലഹരി വിതരണം ഇവര്‍ നടത്തിയെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. ഇത് വെറുമൊരു ലഹരിക്കേസ് മാത്രമായി അവസാനിക്കേണ്ട വിഷയമല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്ന ലഹരി മാഫിയാ സംഘത്തിന്റെ അടിവേരുകള്‍ പുറത്തുകൊണ്ട് വരണം.

തിങ്കളാഴ്ചയായിരുന്നു മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഹുസൈന്‍ ലഹരിക്കേസില്‍ പിടിയിലാകുന്നത്. മുഹമ്മദ് ഹുസൈനൊപ്പം എറണാകുളം വെങ്ങോല സ്വദേശികളായ പി എ അബ്ദുള്‍ സലാം, കെ എച്ച് മുഹമ്മദ് ഹുസൈന്‍, പി എ അബ്ബാസ് എന്നിവരും പിടിയിലായിരുന്നു. കാലിക്കടവില്‍ വെച്ച് 139.29 ഗ്രാം എംഡിഎംഎയുമായാണ് സംഘം പിടിയിലാകുന്നത്.

വെങ്ങോല പഞ്ചായത്തിലെ 142-ാം ബൂത്ത് പ്രസിഡന്റായിരുന്നു ഹുസൈന്‍. മുഹമ്മദ് ഹുസൈന്‍ കോണ്‍ഗ്രസിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിലും പങ്കെടുത്തിരുന്നു. മുമ്പ് ഹുസൈന്റെയും സലാമിന്റെയും വീട്ടില്‍ വി ഡി സതീശന്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

**English Summary:**

> DYFI State Secretary V.K. Sanoj took a dig at Opposition Leader V.D. Satheesan following the arrest of Muhammad Hussain, a Youth Congress office-bearer and Satheesan's social media coordinator. Hussain was apprehended in Kasaragod with MDMA during the police's anti-narcotic drive, 'Operation Toofan'. Sanoj posted on Facebook, mocking that "Satheesan Sir's boys were caught with MDMA by Rameshan Sir's police" and questioned if they were sent to disrupt the police operation. The arrest has triggered a political debate in the state.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377977/vk-sanoj-criticizes-vd-satheesan-over-youth-congress-leader-arrest)