---
title: "മെസ്സി വരുമെന്നത് കോടികളുടെ തട്ടിപ്പോ? എൽ.ഡി.എഫ് സർക്കാരിനും സ്പോൺസർക്കുമെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് "
english_title: "Kerala Sports Minister Calls For Deeper Probe Into Lionel Messi Visit Deal And 126 Crore Transaction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377959/kerala-sports-minister-oj-joseph-messi-visit-probe-126-crore"
published_at: "2026-08-11T14:03:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7adefcab7ff_kerala-sports-minister-oj-joseph-messi-visit-probe-126-crore.jpg"
keywords: ["Lionel Messi", "Sports Scam", "Anto Augustin", "N Prasanth", "O J Janeesh"]
---

# മെസ്സി വരുമെന്നത് കോടികളുടെ തട്ടിപ്പോ? എൽ.ഡി.എഫ് സർക്കാരിനും സ്പോൺസർക്കുമെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് 

> **Lead Summary:** **കൊച്ചി: **ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെയും സ്‌പോൺസർ ആന്റോ അഗസ്റ്റിന്റെയും വാഗ്ദാനത്തിലും അതിനു പിന്നിലെ സാമ്പത്തിക ഇടപാടുകളിലും കൂടുതൽ അന്വേഷണം വേണമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് .

## Article Content

**കൊച്ചി: **ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന മുൻ എൽ.ഡി.എഫ് സർക്കാരിന്റെയും സ്‌പോൺസർ ആന്റോ അഗസ്റ്റിന്റെയും വാഗ്ദാനത്തിലും അതിനു പിന്നിലെ സാമ്പത്തിക ഇടപാടുകളിലും കൂടുതൽ അന്വേഷണം വേണമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ് .

മെസ്സിയെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ സർക്കാരും സ്‌പോൺസറും ചേർന്ന് തട്ടിപ്പ് നടത്തിയോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വിഷയത്തിൽ കായിക വകുപ്പ് തയ്യാറാക്കി സർക്കാരിന് കൈമാറിയ അന്വേഷണ റിപ്പോർട്ട് രഹസ്യ സ്വഭാവത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്.

ഇത് സംബന്ധിച്ച് കൂടുതൽ സർക്കാർ തല ചർച്ചകൾക്ക് ശേഷം മാത്രമേ വിശദാംശങ്ങൾ പുറത്തുവിടാൻ കഴിയൂ എന്നും അദ്ദേഹം അറിയിച്ചു. ചില കാര്യങ്ങളിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് ബോധ്യമായിട്ടുണ്ട്. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമേ ഏതൊരു പ്രമുഖ താരത്തിനും ഇവിടെ മത്സരിക്കാൻ സാധിക്കൂ.

മുൻപുണ്ടായ നടപടികളിൽ സർക്കാർ ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മെസ്സിയെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയത് കായിക മന്ത്രിക്ക് ലഭിച്ച ഒരു ഇ-മെയിലിൽ നിന്നാണ്. എന്നാൽ ഒരു സർക്കാർ നടപടിക്രമം ഇത്തരത്തിൽ തുടങ്ങുന്നത് ശരിയാണോ എന്നതിൽ സംശയമുണ്ട്.

മെസ്സിയെ കൊണ്ടുവരുന്നതിനേക്കാൾ പ്രധാനം കേരളത്തിൽ നിന്ന് പുതിയ മെസ്സിമാരെ വാർത്തെടുക്കുക എന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മെസ്സിയെ കൊണ്ടുവരാനെന്ന പേരിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കോടികളുടെ തട്ടിപ്പ് നടന്നതായാണ് കായിക വകുപ്പിന്റെ കണ്ടെത്തൽ. അർജന്റീന ഫുട്‌ബോൾ അസോസിയേഷന് 126 കോടി രൂപ നൽകിയെന്ന് സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി അവകാശപ്പെട്ടിരുന്നെങ്കിലും പണമടച്ചതിന്റെയോ ടീം കൈപ്പറ്റിയതിന്റെയോ ഒരു രേഖയും ഹാജരാക്കിയിട്ടില്ല.

വിദേശനാണ്യ വിനിമയ ചട്ടലംഘനവും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് വിജിലൻസിനും കേന്ദ്ര ഏജൻസികൾക്കും അന്വേഷണത്തിന് ശുപാർശ ചെയ്യുന്ന റിപ്പോർട്ട് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് കായിക വകുപ്പിന് കൈമാറിയിട്ടുണ്ട്. തുടർനടപടിക്കായി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി.

**English Summary:**

Kerala Sports Minister OJ Joseph has called for a deeper probe into the deal to bring footballer Lionel Messi to Kerala. He was responding to questions on alleged irregularities by the previous LDF government and sponsor Anto Augustin. As per the Sports Department report submitted by Special Secretary N. Prasanth, there was no record of payment of 126 crore claimed to have been given to AFA by sponsor Reporter Broadcasting Company. The report, which recommends vigilance and central agency probe into FEMA violations and money laundering, has been forwarded to the Chief Minister

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377959/kerala-sports-minister-oj-joseph-messi-visit-probe-126-crore)