---
title: "'ഭരണം മാറിയതിനു ശേഷം ഓഫീസിലെ പരിപാടികളിൽ നിന്ന് മാറ്റി, രാഷ്ട്രീയം നോക്കി നോട്ടപ്പുള്ളിയാക്കി'; ആശാലതയുടെ മരണത്തിൽ ആരോപണങ്ങളുമായി കുടുംബം"
english_title: "Kasaragod Collectorate Staff Ashalatha Suicide: Family Alleges Work Stress and Transfer Pressure"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377943/kasaragod-collectorate-clerk-ashalatha-suicide-family-allegation"
published_at: "2026-08-11T13:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a0a979b221_kasargod-collectorate-clerk-ashalatha-death-adm-probe.jpg"
keywords: ["Ashalatha Death", "Kasargod Suicide Case", "Collectorate Staff Suicide", "Ashalatha Suicide"]
---

# 'ഭരണം മാറിയതിനു ശേഷം ഓഫീസിലെ പരിപാടികളിൽ നിന്ന് മാറ്റി, രാഷ്ട്രീയം നോക്കി നോട്ടപ്പുള്ളിയാക്കി'; ആശാലതയുടെ മരണത്തിൽ ആരോപണങ്ങളുമായി കുടുംബം

> **Lead Summary:** **കാസർകോട്: ** കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഓഫീസിലെ രാഷ്ട്രീയപരമായ ഒറ്റപ്പെടുത്തലും സ്ഥലംമാറ്റവും കാരണം ആശാലത കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ഇതിനെ സാധൂകരിക്കുന്ന ആശാലതയുടെ നിർണായക ശബ്ദരേഖയും പുറത്തുവന്നു.

## Article Content

**കാസർകോട്: ** കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഓഫീസിലെ രാഷ്ട്രീയപരമായ ഒറ്റപ്പെടുത്തലും സ്ഥലംമാറ്റവും കാരണം ആശാലത കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ഇതിനെ സാധൂകരിക്കുന്ന ആശാലതയുടെ നിർണായക ശബ്ദരേഖയും പുറത്തുവന്നു.

ജൂലൈ 18-ന് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് ആശാലത അയച്ച ശബ്ദസന്ദേശത്തിൽ, ഓഫീസിലെയും വീട്ടിലെയും പ്രശ്നങ്ങൾ കാരണം താൻ കടുത്ത മാനസിക-ശരീരിക ബുദ്ധിമുട്ടുകൾ നേരിടുകയാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഭരണം മാറിയതിനു ശേഷം ഓഫീസിലെ പരിപാടികളിൽ നിന്ന് തന്നെ മാറ്റിനിർത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തിരുന്നതായി ആശാലത പറഞ്ഞിരുന്നതായി ഭർത്താവ് അജയൻ വ്യക്തമാക്കി.

രാഷ്ട്രീയം നോക്കി ആശാലതയെ നോട്ടപ്പുള്ളിയാക്കിയെന്ന് സഹോദരൻ വിജയ് കുമാറും ആരോപിച്ചു. എൻ.ജി.ഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗമായിരുന്ന ആശാലതയെ അടുത്തിടെയാണ് എസ്റ്റാബ്ലിഷ്‌മെന്റ് സെക്ഷനിൽ നിന്ന് എൻഡോസൾഫാൻ സെല്ലിലേക്ക് മാറ്റിയത്.

ഈ മാസം ഏഴിനാണ് വിഷം ഉള്ളിൽച്ചെന്ന് ചികിത്സയിലിരിക്കെ ആശാലത മരണപ്പെട്ടത്. ഓഫീസിലെയും വീട്ടിലെയും മാനസിക സമ്മർദ്ദമാണ് ജീവനൊടുക്കാൻ കാരണമെന്ന് പോലീസിന് നൽകിയ മരണമൊഴിയിലും ഉണ്ടായിരുന്നു. സംഭവത്തിൽ എ.ഡി.എമ്മിനോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശിച്ചിട്ടുണ്ട്.

റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടിയെടുക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാറും അറിയിച്ചു. അതേസമയം, കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ സ്ഥലംമാറ്റ ഉത്തരവ് വന്നതിന് പിന്നാലെ ഹെൽത്ത് ഇൻസ്‌പെക്ടറായ ദീപലേഖ കുഴഞ്ഞുവീണു മരിച്ച സംഭവവും ജീവനക്കാരുടെ സ്ഥലംമാറ്റത്തിലെ മാനസിക സമ്മർദ്ദങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377943/kasaragod-collectorate-clerk-ashalatha-suicide-family-allegation)