---
title: "ഫൗൾ വിളിക്കാതെ റഫറിയുടെ വീഴ്ച, റിങ്ങിന് പുറത്തേക്ക് മാറിയിട്ടും എതിരാളിയുടെ ക്രൂരത; തായ്‌കോണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാർഥി വെന്റിലേറ്ററിൽ തുടരുന്നു"
english_title: "Thrissur Student Critical After Illegal Kick in CBSE South Zone Taekwondo Match"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377890/thrissur-student-critical-taekwondo-foul-cbse-chandrapur"
published_at: "2026-08-11T09:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a9fae380e2_thrissur-student-critical-taekwondo-foul-cbse-chandrapur.jpg"
keywords: ["Taekwondo Accident", "CBSE South Zone", "Sports Safety", "Aster Medcity"]
---

# ഫൗൾ വിളിക്കാതെ റഫറിയുടെ വീഴ്ച, റിങ്ങിന് പുറത്തേക്ക് മാറിയിട്ടും എതിരാളിയുടെ ക്രൂരത; തായ്‌കോണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാർഥി വെന്റിലേറ്ററിൽ തുടരുന്നു

> **Lead Summary:** **പെരുമ്പിലാവ് (തൃശൂർ): (https://truevisionnews.com**/) തായ്‌കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി വെന്റിലേറ്ററിൽ തുടരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂൾ പ്ലസ് ടു വിദ്യാർഥി ഫായിസ് അബ്ദുൽ ജലാലിനാണ് പരിക്കേറ്റത്.

## Article Content

**പെരുമ്പിലാവ് (തൃശൂർ): (https://truevisionnews.com**/) തായ്‌കോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി വെന്റിലേറ്ററിൽ തുടരുന്നു. മഹാരാഷ്ട്രയിലെ ചന്ദ്രപുരിൽ നടന്ന സിബിഎസ്ഇ സൗത്ത് സോൺ തയ്ക്വാൻഡോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ പെരുമ്പിലാവ് അൻസാർ ഇംഗ്ലിഷ് സ്കൂൾ പ്ലസ് ടു വിദ്യാർഥി ഫായിസ് അബ്ദുൽ ജലാലിനാണ് പരിക്കേറ്റത്.

മതിലകം കൂളിമുട്ടം വള്ളത്തുപടി അബ്ദുൽ ജലാലിന്റെ മകനാണ് ഫായിസ്. എറണാകുളം ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ കഴിയുന്ന ഫായിസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

ചന്ദ്രപുർ സൻസ്കാർ ഭാരതി പബ്ലിക് സ്കൂളിൽ ഓഗസ്റ്റ് 3ന് നടന്ന അണ്ടർ 19 വിഭാഗം മത്സരത്തിനിടയിലാണ് ഈ ദാരുണ സംഭവം. മത്സരത്തിനിടെ എതിരാളി ഫായിസിന്റെ അടിവയറ്റിൽ ചവിട്ടിയതിനെത്തുടർന്ന് കടുത്ത വേദന അനുഭവിച്ച ഫായിസ്, മത്സരം നിർത്താൻ റഫറിയോട് സിഗ്നൽ നൽകി റിങ്ങിനു പുറത്തേക്ക് നീങ്ങിയിരുന്നു.

എന്നാൽ ഫൗൾ വിളിക്കാനോ മത്സരം തടയാനോ റഫറി തയാറായില്ല. ഇതിനിടെ, റിങ്ങിൽ നിന്നു പിന്മാറിയ ഫായിസിന്റെ മുഖത്തേക്ക് എതിരാളി വീണ്ടും ശക്തമായി തൊഴിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഫായിസ് ഉടൻ തന്നെ തളർന്നു വീഴുകയായിരുന്നു. ഉടൻ തന്നെ ചന്ദ്രപുരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലച്ചോറിൽ കടുത്ത രക്തസ്രാവമുണ്ടായതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

തുടർന്ന് ഓഗസ്റ്റ് 9ന് വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിലാണ് കൊച്ചിയിലെത്തിച്ചത്. തയ്ക്വാൻഡോ ഫെഡറേഷന്റെയും സിബിഎസ്ഇയുടെയും മത്സര നിയമങ്ങൾ പൂർണ്ണമായും കാറ്റിൽപറത്തിയാണ് റഫറിയും സംഘാടകരും പെരുമാറിയതെന്ന് ഫായിസിന്റെ കുടുംബം ആരോപിക്കുന്നു.

ചട്ടലംഘനം നടന്നിട്ടും മത്സരം തടയാത്ത റഫറിക്കെതിരെയും എതിരാളിക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സിബിഎസ്ഇ ചെയർമാനും റീജനൽ ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്. വിദേശത്തായിരുന്ന ഫായിസ് കഴിഞ്ഞ വർഷമാണ് അൻസാർ സ്കൂളിൽ പഠനത്തിനായി ചേർന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377890/thrissur-student-critical-taekwondo-foul-cbse-chandrapur)