---
title: "പി.എസ്.സി തട്ടിപ്പിൽ കനലായി ജാർഖണ്ഡ്! പിന്മാറാതെ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തമാകുന്നു; പ്രഖ്യാപിച്ച ബി.ജെ.പി ബന്ദ് ആരംഭിച്ചു "
english_title: "Jharkhand JPSC JSSC Exam Scam Protest BJP Bandh Rahul Gandhi Reaction"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377880/jharkhand-psc-exam-scam-protest-laptycharget-bjp-bandh"
published_at: "2026-08-11T08:52:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a96d4b000f_jharkhand-psc-exam-scam-protest-laptycharget-bjp-bandh.jpg"
keywords: ["Jharkhand JPSC scam", "JSSC exam protest Ranchi", "BJP Jharkhand bandh", "Rahul Gandhi on student protest"]
---

# പി.എസ്.സി തട്ടിപ്പിൽ കനലായി ജാർഖണ്ഡ്! പിന്മാറാതെ വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തമാകുന്നു; പ്രഖ്യാപിച്ച ബി.ജെ.പി ബന്ദ് ആരംഭിച്ചു 

> **Lead Summary:** റാഞ്ചി:**[ **ജാർഖണ്ഡിലെ പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ നിയമസഭാ മാർച്ചിലെ പൊലീസ് ലാത്തിച്ചാർജിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് രാവിലെ 8 മണി മുതൽ ആരംഭിച്ചു. തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ബി.ജെ.പി തീരുമാനം. പരീക്ഷാ ക്രമക്കേടിനെതിരെ നിരാഹാര സമരം നടത്തി ആരോഗ്യനില വഷളായ വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

റാഞ്ചി:**[ **ജാർഖണ്ഡിലെ പി.എസ്.സി പരീക്ഷാ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ നിയമസഭാ മാർച്ചിലെ പൊലീസ് ലാത്തിച്ചാർജിൽ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് രാവിലെ 8 മണി മുതൽ ആരംഭിച്ചു. തലസ്ഥാനമായ റാഞ്ചിയിലടക്കം വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ബി.ജെ.പി തീരുമാനം. പരീക്ഷാ ക്രമക്കേടിനെതിരെ നിരാഹാര സമരം നടത്തി ആരോഗ്യനില വഷളായ വിദ്യാർത്ഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയെ ആശുപത്രിയിലേക്ക് മാറ്റി.

തിങ്കളാഴ്ച നടന്ന നിയമസഭാ മാർച്ചിൽ പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു. സംഭവത്തിൽ നിരവധി വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് തിങ്കളാഴ്ച നിയമസഭ താൽക്കാലികമായി പിരിഞ്ഞിരുന്നു.

 വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നരനായാട്ടാണ് നടത്തിയതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. ബി.ജെ.പി വിദ്യാർത്ഥി സമരം ഹൈജാക്ക് ചെയ്യുകയാണെന്ന് മന്ത്രി സുദിവ്യ കുമാർ ആരോപിച്ചു. സർക്കാരിന്റെ നിർദേശങ്ങൾ വിദ്യാർത്ഥികൾ അംഗീകരിച്ചതാണെന്നും ബി.ജെ.പി അവരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾക്കെതിരെ പൊലീസിനെ ഉപയോഗിക്കുന്നത് തെറ്റാണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും ചർച്ചകളിലൂടെ വേണം പരിഹാരം കാണാനെന്നും അദ്ദേഹം വ്യക്തമാക്കി. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെയാണ് സമരം.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ റദ്ദാക്കുക. പരീക്ഷാ ക്രമക്കേടുകൾ സി.ബി.ഐ അന്വേഷിക്കുക. റിക്രൂട്ട്‌മെന്റ് നടപടികൾ പരിഷ്കരിക്കുക. മൂന്ന് പരീക്ഷകൾ റദ്ദാക്കാമെന്ന സർക്കാരിന്റെ വാഗ്ദാനം തള്ളിയ വിദ്യാർത്ഥികൾ, സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377880/jharkhand-psc-exam-scam-protest-laptycharget-bjp-bandh)