---
title: "1.34 കോടിയുടെ ട്രേഡിങ് തട്ടിപ്പ്; ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ ഒളിവിലായിരുന്ന പത്താം പ്രതി കോഴിക്കോട് എയർപോർട്ടിൽ പിടിയിൽ"
english_title: "Kerala: Accused In Rs 1.34 Crore Online Share Trading Scam Arrested At Kozhikode Airport"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377877/thrissur-1-34-crore-share-trading-scam-accused-arrested-kozhikode-airport-"
published_at: "2026-08-11T08:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a9440a0a03_thrissur-1-34-crore-share-trading-scam-accused-arrested-kozhikode-airport.jpg"
keywords: ["Share Trading Scam", "Cyber Crime", "Kozhikode Airport", "Online Fraud"]
---

# 1.34 കോടിയുടെ ട്രേഡിങ് തട്ടിപ്പ്; ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ ഒളിവിലായിരുന്ന പത്താം പ്രതി കോഴിക്കോട് എയർപോർട്ടിൽ പിടിയിൽ

> **Lead Summary:** **തൃശൂർ: ** ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞവീട്ടിൽ സയ്യിദ് സഫ്വാൻ പിടിയിലായത്.

## Article Content

**തൃശൂർ: ** ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് പുതുപ്പാടി കൈതപ്പൊയ്യിൽ സ്വദേശി മലഞ്ഞവീട്ടിൽ സയ്യിദ് സഫ്വാൻ പിടിയിലായത്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.കാളറം കിഴുത്താണി സ്വദേശിയാണ് കേസിലെ പരാതിക്കാരൻ. ഇക്കണോമിക് ടൈംസിൽ കണ്ട ഷെയർ ട്രേഡിങ് പരസ്യത്തിൽ ആകൃഷ്ടനായ ഇയാളെ പ്രതികൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കിയാണ് തട്ടിപ്പ് തുടങ്ങിയത്.

വെബ്സൈറ്റ് ലിങ്കും ട്രേഡിങ് നിർദേശങ്ങളും ഗ്രൂപ്പ് അഡ്മിൻമാർ ദിവസങ്ങളോളം അയച്ചുകൊടുത്തു.2024 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ പരാതിക്കാരൻ തന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് 1,34,50,000 രൂപ കൈമാറി.

എന്നാൽ നിക്ഷേപ തുകയോ ലാഭവിഹിതമോ തിരികെ ലഭിച്ചില്ല. ഈ തുകയിൽ 20 ലക്ഷം രൂപ വയനാട് വൈത്തിരി സ്വദേശി ഏഴാംപ്രതി ഷനൂഥിന്റെ അക്കൗണ്ടിലേക്കാണ് പോയത്. ഷനൂഥിനെ കഴിഞ്ഞ ജൂണിൽ അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ സഫ്വാന്റെ നിർദേശപ്രകാരമാണ് പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്ന് ഷനൂഥ് മൊഴി നൽകി.

സഫ്വാനെ കേസിൽ 10-ാം പ്രതിയായി ചേർത്ത് കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ജാമ്യാപേക്ഷ തള്ളിയ കോടതി 10 ദിവസത്തിനകം ഹാജരാകാൻ ഉത്തരവിട്ടിരുന്നു. കോഴിക്കോട് വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാൻ ശ്രമിക്കവേ അധികൃതർ തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു.

കേസിൽ ഇതുവരെ 10 പ്രതികളെ അറസ്റ്റ് ചെയ്തു.തൃശൂർ റൂറൽ സൈബർ ക്രൈം എസ്.എച്ച്.ഒ. എ. അഷറഫ്, ജി.എസ്.ഐ. പി.എസ്. സുജിത്കുമാർ, ജി.എ.എസ്.ഐ. എ.കെ. മനോജ്, സി.പി.ഒ. പവിത്രൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377877/thrissur-1-34-crore-share-trading-scam-accused-arrested-kozhikode-airport-)