---
title: "ഇൻസ്റ്റഗ്രാമിൽ പ്രണയക്കണി! 14 വയസുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ചു, ക്രൂരതയ്ക്ക് ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി; തളിപ്പറമ്പ് സ്വദേശി പോക്‌സോ കേസിൽ അറസ്റ്റിൽ"
english_title: "Kerala POCSO Case: Man Arrested For Sexually Abusing Two 14 Year Old Girls Via Instagram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377867/potencode-pocso-case-instagram-arrest-14-year-old-girls"
published_at: "2026-08-11T07:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a830babeaa_potencode-pocso-case-instagram-arrest-14-year-old-girls.jpg"
keywords: ["POCSO", "Instagram", "Child Abuse", "Online Grooming"]
---

# ഇൻസ്റ്റഗ്രാമിൽ പ്രണയക്കണി! 14 വയസുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ചു, ക്രൂരതയ്ക്ക് ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണി; തളിപ്പറമ്പ് സ്വദേശി പോക്‌സോ കേസിൽ അറസ്റ്റിൽ

> **Lead Summary:** **പോത്തൻകോട് (തിരുവനന്തപുരം): **ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് ഒരേ ക്ലാസിലെ 14 വയസുള്ള രണ്ട് പെൺകുട്ടികളെ ഒരേ ദിവസം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ.വി. അനുരാജ് ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്.

## Article Content

**പോത്തൻകോട് (തിരുവനന്തപുരം): **ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച് ഒരേ ക്ലാസിലെ 14 വയസുള്ള രണ്ട് പെൺകുട്ടികളെ ഒരേ ദിവസം ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ.വി. അനുരാജ് ആണ് പോത്തൻകോട് പൊലീസിന്റെ പിടിയിലായത്.

പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. തളിപ്പറമ്പ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നേരത്തെ രണ്ട് പോക്സോ കേസുകൾ കൂടി നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി ആദ്യം ഒരു പെൺകുട്ടിയുമായി പരിചയം സ്ഥാപിച്ചത്.

പിന്നീട് അതേ ക്ലാസിലെ മറ്റൊരു പെൺകുട്ടിയുമായും അടുപ്പത്തിലായി. ഇരുവരുമായും ഒരേ സമയം അടുപ്പം പുലർത്തിയിരുന്ന കാര്യം പെൺകുട്ടികൾക്ക് അറിയില്ലായിരുന്നു. നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടും സ്വകാര്യ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പ്രതി പെൺകുട്ടികളെ വീട്ടിലെത്തിച്ചത്.

കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിൽ നിന്ന് പോത്തൻകോട് എത്തിയ പ്രതി ആദ്യ പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചു. പിന്നീട് നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി അതേ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി രണ്ടാമത്തെ പെൺകുട്ടിയെയും വിളിച്ചുവരുത്തി പീഡിപ്പിച്ചു.

നാട്ടിലേക്ക് മടങ്ങിയ പ്രതി ഇവരുടെ ക്ലാസിലെ മറ്റൊരു കുട്ടിയെ കൂടി വലയിലാക്കാൻ ശ്രമിച്ചതോടെയാണ് പെൺകുട്ടികൾ വിവരം വീട്ടിൽ പറയുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തത്. കണ്ണൂരിൽ നിന്ന് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377867/potencode-pocso-case-instagram-arrest-14-year-old-girls)