---
title: "ഐസ്‌ക്രീം കപ്പുകളിലാക്കി എലിവിഷം കഴിച്ചു, ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടെന്ന് മരണമൊഴി; ആശാലതയുടെ മരണത്തിൽ അന്വേഷണം "
english_title: "Kasargod Collectorate Clerk Ashalatha Suicide: ADM To Probe Death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377854/kasargod-collectorate-clerk-ashalatha-death-adm-probe"
published_at: "2026-08-10T22:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7a0a979b221_kasargod-collectorate-clerk-ashalatha-death-adm-probe.jpg"
keywords: ["Ashalatha Suicide", "Suicide", "Kasargod Collectorate Clerk", "Probe Death"]
---

# ഐസ്‌ക്രീം കപ്പുകളിലാക്കി എലിവിഷം കഴിച്ചു, ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടെന്ന് മരണമൊഴി; ആശാലതയുടെ മരണത്തിൽ അന്വേഷണം 

> **Lead Summary:** കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ മരണത്തിൽ എ.ഡി.എം അന്വേഷണം നടത്തും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ഈ മാസം 7-ന് കളക്ടറേറ്റ് പരിസരത്ത് വച്ചാണ് ആശാലത എലിവിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.

## Article Content

കാസർകോട്: കാസർകോട് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ മരണത്തിൽ എ.ഡി.എം അന്വേഷണം നടത്തും. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. ഈ മാസം 7-ന് കളക്ടറേറ്റ് പരിസരത്ത് വച്ചാണ് ആശാലത എലിവിഷം കഴിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.

എൻഡോസൾഫാൻ സെല്ലിലെ യു.ഡി ക്ലർക്കായ ആശാലത വെള്ളിയാഴ്ച രാവിലെ പതിവുപോലെ ജോലിക്കെത്തിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം 2.30-ഓടെ ചെങ്കള സഹകരണ ആശുപത്രിയിൽ കാർ ഓടിച്ചെത്തിയ ആശാലത താൻ വിഷം കഴിച്ചതായി അധികൃതരെ അറിയിച്ചു.

> പ്രാഥമിക ചികിത്സയ്ക്ക് ശേഷം ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് പിന്നീട് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ആശുപത്രിയിൽ വച്ച് പൊലീസ് മൊഴിയെടുത്തു. "ഓഫീസിലും വീട്ടിലും ഒറ്റപ്പെട്ടതാണ് മാനസികമായി തളർത്തിയത്" എന്നാണ് മരണ മൊഴിയിൽ പറഞ്ഞിരിക്കുന്നത്.

മൂന്ന് ഐസ്ക്രീം കപ്പുകളിലാക്കിയാണ് വിഷം കഴിച്ചതെന്നും മൊഴിയിൽ പറയുന്നു. ഗൾഫിൽ ജോലി ചെയ്യുന്ന ഭർത്താവ് വിവരമറിഞ്ഞ് ആശുപത്രിയിലെത്തി. 9, 3 ക്ലാസുകളിൽ പഠിക്കുന്ന രണ്ട് മക്കളുണ്ട്. വിദ്യാനഗർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലിസംബന്ധമായോ വ്യക്തിപരമായോ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377854/kasargod-collectorate-clerk-ashalatha-death-adm-probe)