---
title: "ഇഴഞ്ഞെത്തി ജീവനെടുത്തു! ഹോസ്റ്റലിൽ കിടന്നുറങ്ങിയ മൂന്ന് ആദിവാസി പെൺകുട്ടികൾ പാമ്പുകടിയേറ്റ് മരിച്ചു, ഒരാളുടെ നില ഗുരുതരം"
english_title: "Three Tribal Girls Die Of Snake Bite In Maharashtra Gadchiroli Residential School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377839/gadchiroli-snake-bite-three-students-die-residential-school"
published_at: "2026-08-10T20:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79e93f444e6_gadchiroli-snake-bite-three-students-die-residential-school.jpg"
keywords: ["Snake Bite", "Tribal Students", "Residential School", "Student Death", "Ashish Jaiswal"]
---

# ഇഴഞ്ഞെത്തി ജീവനെടുത്തു! ഹോസ്റ്റലിൽ കിടന്നുറങ്ങിയ മൂന്ന് ആദിവാസി പെൺകുട്ടികൾ പാമ്പുകടിയേറ്റ് മരിച്ചു, ഒരാളുടെ നില ഗുരുതരം

> **Lead Summary:** **ഗഡ്ചിരോളി: **മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ പാമ്പുകടിയേറ്റ് മൂന്ന് ആദിവാസി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. 8, 12, 14 വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ജപ്തലായ് ഗ്രാമത്തിലെ പ്രൈമറി സെക്കൻഡറി റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ആറ് വിദ്യാർഥിനികൾക്കാണ് പാമ്പുകടിയേറ്റത്.

## Article Content

**ഗഡ്ചിരോളി: **മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ പാമ്പുകടിയേറ്റ് മൂന്ന് ആദിവാസി വിദ്യാർഥിനികൾക്ക് ദാരുണാന്ത്യം. 8, 12, 14 വയസ്സുള്ള പെൺകുട്ടികളാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ജപ്തലായ് ഗ്രാമത്തിലെ പ്രൈമറി സെക്കൻഡറി റെസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ നിലത്ത് കിടന്ന് ഉറങ്ങുകയായിരുന്ന ആറ് വിദ്യാർഥിനികൾക്കാണ് പാമ്പുകടിയേറ്റത്.

കടിയേറ്റതിനെ തുടർന്ന് വിദ്യാർഥിനികൾ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ആദ്യം ഗ്രാമത്തിലെ ആശുപത്രിയിലും പിന്നീട് ഗഡ്ചിരോളി ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ചികിത്സയിലിരിക്കെ മൂന്ന് വിദ്യാർഥിനികൾ മരണപ്പെട്ടു. മറ്റ് മൂന്നുപേർ ഇപ്പോഴും ചികിത്സയിലാണ്. പരിക്കേറ്റവരുടെ പ്രായം 11 നും 14 നും ഇടയിലാണ്.

ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെയും ഗഡ്ചിരോളി പൊലീസിന്റെയും സഹായത്തോടെ എയർലിഫ്റ്റ് ചെയ്ത് നാഗ്പൂരിലെ ജി.എം.സി ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മെഡിക്കൽ സംഘം ബാക്കിയുള്ളവരെയും നിരീക്ഷിച്ച് വരികയാണ്.

സംഭവത്തിൽ രക്ഷാകർത്താക്കളും നാട്ടുകാരും സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ഹോസ്റ്റലിലെ സുരക്ഷാ വീഴ്ചയാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രധാന ആരോപണം. സംഭവത്തിൽ ദുഖം രേഖപ്പെടുത്തിയ ജില്ലാ കളക്ടർ അവിഷ്യന്ത് പാണ്ഡ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.

ട്രൈബൽ ഡെവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റിൽ നിന്നുള്ള സംഘം സ്ഥലം സന്ദർശിച്ച് പരിശോധന നടത്തും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗഡ്ചിരോളി ജില്ലയുടെ ചുമതലയുള്ള മന്ത്രി ആഷിഷ് ജയ്സ്വാൾ വിദ്യാർഥിനികളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377839/gadchiroli-snake-bite-three-students-die-residential-school)