---
title: "299 രൂപ മുതൽ ഓണക്കിറ്റുകൾ; ഓണച്ചെലവ് കുറയ്ക്കാൻ സപ്ലൈകോ മെഗാട്രേഡ് ഫെയർ കോഴിക്കോട്"
english_title: "Supplyco Onam 2026 Mega Trade Fair Inaugurated In Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377835/supplyco-onam-2026-mega-trade-fair-inaugurated-kozhikode"
published_at: "2026-08-10T20:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79e1f2e16aa_supplyco-onam-2026-mega-trade-fair-inaugurated-kozhikode.jpg"
keywords: ["Supplyco Onam 2026", "Mega Trade Fair", "PK Kunhalikutty", "Onam Kit"]
---

# 299 രൂപ മുതൽ ഓണക്കിറ്റുകൾ; ഓണച്ചെലവ് കുറയ്ക്കാൻ സപ്ലൈകോ മെഗാട്രേഡ് ഫെയർ കോഴിക്കോട്

> **Lead Summary:** **കോഴിക്കോട്: ** ഓണക്കാലത്തെ അധികച്ചെലവ് നേരിടാൻ സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോയുടെ ഓണം 2026 മെഗാട്രേഡ് ഫെയറിന് കോഴിക്കോട് തുടക്കമായി. വ്യവസായം, വിവരസാങ്കേതിക, നിർമ്മിത ബുദ്ധി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് മുന്നിൽ ജില്ലാതല ഉദ്ഘാടനവും ആദ്യ വിൽപനയും നിർവഹിച്ചു.

## Article Content

**കോഴിക്കോട്: ** ഓണക്കാലത്തെ അധികച്ചെലവ് നേരിടാൻ സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോയുടെ ഓണം 2026 മെഗാട്രേഡ് ഫെയറിന് കോഴിക്കോട് തുടക്കമായി. വ്യവസായം, വിവരസാങ്കേതിക, നിർമ്മിത ബുദ്ധി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് ബീച്ചിലെ ഓപ്പൺ സ്റ്റേജിന് മുന്നിൽ ജില്ലാതല ഉദ്ഘാടനവും ആദ്യ വിൽപനയും നിർവഹിച്ചു.

നിത്യോപയോഗ വസ്തുക്കൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനൊപ്പം മികച്ച ഷോപ്പിംഗ് അനുഭവം കൂടി നൽകുന്ന വിധത്തിലാണ് ഇത്തവണത്തെ ഫെയർ ഒരുക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 4000 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ ജർമൻ ഹാങ്കർ സ്ട്രക്ചറിൽ എയർകണ്ടീഷൻഡ് സൗകര്യത്തോടെയാണ് സ്റ്റാളുകൾ.

മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‌വെയറുകൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, ഓട്ടോമൊബൈൽസ് തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. സ്വകാര്യ, സർക്കാർ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 25 വരെ രാവിലെ 10 മുതൽ രാത്രി 9 വരെയാണ് മെഗാട്രേഡ് ഫെയർ പ്രവർത്തിക്കുക.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലും സമാന ഫെയറുകൾ സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ മറ്റ് 11 ജില്ലകളിലും ഓഗസ്റ്റ് 14 മുതൽ 25 വരെ ജില്ലാ ഫെയറുകളും എല്ലാ നിയോജക മണ്ഡലങ്ങളിലും ഓഗസ്റ്റ് 21 മുതൽ 25 വരെ സപ്ലൈകോ ഫെയറുകളും നടക്കും. ഓണസദ്യയ്ക്ക് ആവശ്യമായ സാധനങ്ങൾ ഉൾപ്പെടുത്തിയ പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കി.

21 ഇനങ്ങൾ അടങ്ങിയ അത്തം കിറ്റ് 1000 രൂപയ്ക്ക്. 25 ഇനങ്ങൾ അടങ്ങിയ ഉത്രാടം കിറ്റ് 1500 രൂപയ്ക്കും, 30 ഇനങ്ങൾ അടങ്ങിയ തിരുവോണം പ്രീമിയം കിറ്റ് 2000 രൂപയ്ക്കും ലഭിക്കും. പുട്ടുപൊടി, പായസക്കൂട്ട്, ശബരി മസാലകൾ ഉൾപ്പെടെ 9 ഇനങ്ങൾ അടങ്ങിയ ശബരി സിഗ്നേച്ചർ കിറ്റ് 299 രൂപയ്ക്കുമുണ്ട്.

500, 1000 രൂപയുടെ ഓണം ഗിഫ്റ്റ് കാർഡുകളും സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാണ്.ചടങ്ങിൽ അഡ്വ. ഫൈസൽ ബാബു എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ഒ. സദാശിവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, സപ്ലൈകോ എം.ഡി വി.എം ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377835/supplyco-onam-2026-mega-trade-fair-inaugurated-kozhikode)