---
title: " പിന്നീട് എങ്ങോട്ട് പോയി? താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവം; ബെംഗളൂരു ബസ് സ്റ്റാൻഡിൽ മാസ്‌ക് ധരിച്ചെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്"
english_title: "Tanur Youth Imthiyas Missing in Bengaluru; CCTV Footage From Satellite Bus Stand Released"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377815/tanur-imthiyas-missing-bengaluru-satellite-bus-stand-cctv-"
published_at: "2026-08-10T17:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79be322c03a_tanur-imthiyas-missing-bengaluru-satellite-bus-stand-cctv-.jpg"
keywords: ["Imthiyas Missing", "Kerala Youth Missing", "Kerala Missing Case"]
---

#  പിന്നീട് എങ്ങോട്ട് പോയി? താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവം; ബെംഗളൂരു ബസ് സ്റ്റാൻഡിൽ മാസ്‌ക് ധരിച്ചെത്തിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** **മലപ്പുറം: **താനൂർ സ്വദേശിയായ ഇംതിയാസിനെ കാണാതായ സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നുവെങ്കിലും, ഇപ്പോൾ ഇംതിയാസ് ബെംഗളൂരുവിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

## Article Content

**മലപ്പുറം: **താനൂർ സ്വദേശിയായ ഇംതിയാസിനെ കാണാതായ സംഭവത്തിൽ നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ യുവാവിനെ കാണാനില്ലായിരുന്നുവെങ്കിലും, ഇപ്പോൾ ഇംതിയാസ് ബെംഗളൂരുവിൽ എത്തിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 8:20-ഓടെ ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റാൻഡിൽ ഇംതിയാസ് വന്നിറങ്ങുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം യുവാവ് വാഷ്‌റൂം ഉപയോഗിക്കുകയും തുടർന്ന് പുറത്തെ കസേരയിൽ വന്നിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

എന്നാൽ, ഇതിനുശേഷം ബസ് സ്റ്റാൻഡിന് പുറത്തേക്ക് പോയ ഇംതിയാസിനെക്കുറിച്ചുള്ള മറ്റ് സിസിടിവി ദൃശ്യങ്ങളോ വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് കുടുംബം വ്യക്തമാക്കി. അലർജിയുടെ പ്രശ്നങ്ങളുള്ളതിനാൽ ഇംതിയാസ് മാസ്‌ക് ധരിക്കാറുണ്ടെന്നും കുടുംബാംഗങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

നഴ്സിങ് പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങാൻ വേണ്ടിയാണ് ഇംതിയാസ് ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്. ബെംഗളൂരുവിൽ എത്തിയ ഉടൻ തന്നെ അദ്ദേഹം വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. അന്വേഷണത്തിന്റെ ഭാഗമായി, സർട്ടിഫിക്കറ്റ് വാങ്ങാൻ ഇംതിയാസ് കോളേജിൽ എത്തിയിട്ടില്ലെന്ന് കോളേജ് അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്.

കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ലെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും കുടുംബം ഗുരുതരമായ ആരോപണം ഉന്നയിക്കുന്നുണ്ട്. നിലവിൽ ബെംഗളൂരു പൊലീസും താനൂർ സ്റ്റേഷനിൽ നിന്നുള്ള പ്രത്യേക ഉദ്യോഗസ്ഥനും ഇംതിയാസിന്റെ സുഹൃത്തുക്കളും ചേർന്നാണ് യുവാവിനായി ഊർജിതമായ തിരച്ചിൽ നടത്തിവരുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377815/tanur-imthiyas-missing-bengaluru-satellite-bus-stand-cctv-)