---
title: "കർക്കിടക വാവ് മറക്കല്ലേ...; ആലുവയിൽ ഗതാഗതം തകിടം മറിയും! പൊലീസ് ഏർപ്പെടുത്തിയ പുതിയ റൂട്ടുകളും നിയന്ത്രണങ്ങളും അറിയാം"
english_title: "Aluva Traffic Restrictions for Karkkidaka Vavu 2026: One-way Route to Manappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377813/aluva-traffic-restrictions-karkkidaka-vavu-manappuram-new"
published_at: "2026-08-10T17:14:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79bd7ca9bf3_tanur-imthiyas-missing-bengaluru-satellite-bus-stand-cctv-.jpg"
keywords: ["Aluva Traffic", "Karkkidaka Vavu", "Kerala Police", "Aluva Bus Route"]
---

# കർക്കിടക വാവ് മറക്കല്ലേ...; ആലുവയിൽ ഗതാഗതം തകിടം മറിയും! പൊലീസ് ഏർപ്പെടുത്തിയ പുതിയ റൂട്ടുകളും നിയന്ത്രണങ്ങളും അറിയാം

> **Lead Summary:** കൊച്ചി: കർക്കിടക വാവിനോടനുബന്ധിച്ച് ആലുവ ടൗണിലും പരിസര പ്രദേശങ്ങളിലും പൊലീസ് പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബുധനാഴ്ച വെളുപ്പിന് ഒരു മണി മുതൽ പകൽ രണ്ട് മണിവരെയാണ് ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കുന്നത്.

## Article Content

കൊച്ചി: കർക്കിടക വാവിനോടനുബന്ധിച്ച് ആലുവ ടൗണിലും പരിസര പ്രദേശങ്ങളിലും പൊലീസ് പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബുധനാഴ്ച വെളുപ്പിന് ഒരു മണി മുതൽ പകൽ രണ്ട് മണിവരെയാണ് ഈ നിയന്ത്രണങ്ങൾ ബാധകമായിരിക്കുന്നത്.

ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി മണപ്പുറത്തേക്ക് വരുന്ന എല്ലാ വാഹനങ്ങളും സെമിനാരിപ്പടിയിൽനിന്ന് ജിസിഡിഎ റോഡ് വഴി ആയുർവേദ ആശുപത്രിക്ക് മുന്നിലൂടെ മണപ്പുറത്തേക്ക് പോകണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, മണപ്പുറം ഭാഗത്തുനിന്ന് തിരിച്ചുപോകുന്ന എല്ലാ വാഹനങ്ങളും ഓൾഡ് ദേശം റോഡ് വഴി നേരെ പറവൂർ കവലയിൽ എത്തേണ്ടതാണ്.

ഈ രണ്ട് റൂട്ടുകളിലും കർശനമായി വൺവേ ട്രാഫിക് ആയിരിക്കും നടപ്പിലാക്കുക. തോട്ടയ്ക്കാട്ടുക്കര ജങ്ഷനിൽനിന്ന് മണപ്പുറത്തേക്ക് യാതൊരുവിധ വാഹന ഗതാഗതവും അനുവദിക്കുന്നതല്ല. വരാപ്പുഴ, എടയാർ ഭാഗങ്ങളിൽനിന്ന് വരുന്ന ബസുകൾ തോട്ടയ്ക്കാട്ടുക്കര കവലയിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ്, അവിടെ ആളുകളെ ഇറക്കിയ ശേഷം പറവൂർ കവല - യു.സി. കോളേജ് - കടുങ്ങല്ലൂർ വഴി തിരികെ പോകേണ്ടതാണ്.

അങ്കമാലി ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകൾ പറവൂർ കവലയ്ക്ക് സമീപമുള്ള ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ യാത്ര അവസാനിപ്പിച്ച് അവിടെനിന്ന് തിരികെ പോകണം. എറണാകുളം ഭാഗത്തുനിന്ന് ദേശീയപാത വഴി ആലുവയിലേക്ക് എത്തുന്ന പ്രൈവറ്റ് ബസുകൾ പുളിഞ്ചോട് ജങ്ഷനിൽനിന്ന് കാരോത്തുകുഴി ജങ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ എത്തണം.

തുടർന്ന്, പ്രൈവറ്റ് സ്റ്റാൻഡിൽനിന്ന് തിരികെ എറണാകുളം ഭാഗത്തേക്ക് പോകുന്ന പ്രൈവറ്റ് ബസുകൾ ബാങ്ക് കവല ബൈപാസ് വഴി മടങ്ങി പോകേണ്ടതാണെന്നും അധികൃതർ അറിയിച്ചു.

എറണാകുളത്തുനിന്ന് എൻ.എച്ച്. വഴി വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ:

പുളിഞ്ചോട് നിന്ന് വലത്തോട്ട് തിരിഞ്ഞ് കാരോത്തുകുഴി കവല വഴി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തണം. തിരികെ എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസുകൾ കാരോത്തുകുഴി ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.

ആലുവ - അങ്കമാലി, പെരുമ്പാവൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ:

ആലുവാ ഭാഗത്തുനിന്ന് അങ്കമാലിയിലേക്ക് പോകുന്ന ബസുകൾ കാരോത്തുകുഴി ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് പ്രൈവറ്റ് സ്റ്റാൻഡ്, ബാങ്ക് കവല, ബൈപാസ് വഴി പോകണം.

പെരുമ്പാവൂർ ഭാഗത്തേക്കുള്ള ബസുകൾ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് പമ്പ്, മാതാ ജങ്ഷൻ വഴി സർവീസ് നടത്തണം.

പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ പമ്പ് ജങ്ഷൻ വഴി ആലുവ മഹാത്മഗാന്ധി ടൗൺ ഹാളിന് മുൻവശമുള്ള താൽക്കാലിക സ്റ്റാൻഡിൽ എത്തി അവിടെ നിന്ന് മടങ്ങി പോകണം.

പെരുമ്പാവൂർ ഭാഗത്തുനിന്ന് വരുന്ന പ്രൈവറ്റ് ബസുകൾ:

റെയിൽവേ സ്ക്വയർ, കാരോത്തുകുഴി വഴി പ്രൈവറ്റ് സ്റ്റാൻഡിൽ പ്രവേശിക്കണം. തിരികെ പെരുമ്പാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ പ്രൈവറ്റ് സ്റ്റാൻഡിൽനിന്ന് ബാങ്ക് കവല, ബൈപാസ് സർവീസ് റോഡ് വഴി പുളിഞ്ചോട് കവലയിലെത്തി; തുടർന്ന് കാരോത്തുകുഴി കവല, ആശുപത്രി ജങ്ഷൻ, ഐ.എം.എ ജങ്ഷൻ, പവർ ഹൗസ് ജങ്ഷൻ വഴി സർവീസ് നടത്തേണ്ടതാണ്.

ഗതാഗത നിയന്ത്രണങ്ങളും പാർക്കിങ് നിരോധനവും:

ബാങ്ക് കവല മുതൽ മഹാത്മഗാന്ധി ടൗൺ ഹാൾ റോഡ് വരെ സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ യാതൊരുവിധ ഗതാഗതവും അനുവദിക്കുന്നതല്ല. കൂടാതെ, ഹൈവേകളിലും പ്രാന്തപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി റോഡ് സൈഡിലും ദേശീയപാതയുടെ ഇരുവശങ്ങളിലും യാതൊരുവിധ പാർക്കിങ്ങും അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377813/aluva-traffic-restrictions-karkkidaka-vavu-manappuram-new)