---
title: "അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്; ലാപ്ടോപ്പ് പിടിച്ചെടുത്തു, അമ്മയുടെയും സഹോദരന്‍റെയും മൊഴിയെടുത്തു"
english_title: "Police Raid Arjun Ayanki's House, Seize Laptop; KAAPA Proceedings Initiated in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377798/arjun-ayanki-house-raid-laptop-seized-kaapa-kannur-police"
published_at: "2026-08-10T16:12:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79ac14840be_arjun-ayanki-house-raid-laptop-seized-kaapa-kannur-police.jpg"
keywords: ["Arjun Ayanki", "Cyber Cell", "KAAPA", "Operation Grip"]
---

# അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് റെയ്ഡ്; ലാപ്ടോപ്പ് പിടിച്ചെടുത്തു, അമ്മയുടെയും സഹോദരന്‍റെയും മൊഴിയെടുത്തു

> **Lead Summary:** **കണ്ണൂർ: **അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലാപ്ടോപ്പ് പിടിച്ചെടുത്തു. തുടർനടപടിയുടെ ഭാഗമായി അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ണൂർ സൈബർ എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. നിലവിൽ തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് അർജുൻ ആയങ്കി.

## Article Content

**കണ്ണൂർ: **അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ലാപ്ടോപ്പ് പിടിച്ചെടുത്തു. തുടർനടപടിയുടെ ഭാഗമായി അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തി. കണ്ണൂർ സൈബർ എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. നിലവിൽ തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് അർജുൻ ആയങ്കി.

ഒളിവിലിരുന്ന് വെല്ലുവിളികൾ നടത്തിയ അർജുനെതിരെ കർശന നടപടികളുമായി മുന്നോട്ടുപോവുകയാണ് പൊലീസ്. ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതിനുള്ള നടപടികൾ അതിവേഗത്തിലാക്കിയിട്ടുണ്ട്. 23 ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയുടെ സമഗ്രമായ കേസ് ഹിസ്റ്ററി റിപ്പോർട്ട് വളപട്ടണം എസ്.എച്ച്.ഒ, സിറ്റി പൊലീസ് കമ്മീഷണർ മുഖാന്തിരം കണ്ണൂർ കളക്ടർക്ക് കൈമാറും. കളക്ടറാണ് കാപ്പ ചുമത്തുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കേണ്ടത്.

ഇതിനിടെ, ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ അപവാദ പ്രചാരണം നടത്തിയ കേസിൽ അർജുനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കണ്ണൂർ സൈബർ പൊലീസ് തലശ്ശേരി സി.ജെ.എം കോടതിയിൽ അപേക്ഷ സമർപ്പിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ കണ്ടെടുക്കുന്നതിന് ഈ കസ്റ്റഡി അനിവാര്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

കൂടാതെ, കോതമംഗലം എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തുകയും ഭാര്യയുടെ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്ത കേസിലും അർജുനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ ഊന്നുകൽ പൊലീസ് തയ്യാറെടുക്കുന്നുണ്ട്. ജയിലിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ അറസ്റ്റ് ഈ കേസിൽ രേഖപ്പെടുത്തുന്നതിനൊപ്പം കസ്റ്റഡി അപേക്ഷയും കോടതിയിൽ നൽകും. ഒളിവിൽ കഴിയാനും ഒപ്പമുണ്ടായി യാത്ര ചെയ്യാനും അർജുന് സഹായങ്ങൾ ചെയ്തുകൊടുത്തവർക്കായുള്ള അന്വേഷണവും കണ്ണൂർ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377798/arjun-ayanki-house-raid-laptop-seized-kaapa-kannur-police)