---
title: "കുരുക്ക് മുറുകുന്നു...! അർജുൻ ആയങ്കി ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് പൊലീസ്; ജാമ്യം റദ്ദാക്കാനും കാപ്പ ചുമത്താനും നീക്കം"
english_title: "Police to Seek Cancellation of Arjun Ayanki Bail, KAAPA Action Initiated in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377770/arjun-ayanki-bail-cancellation-kaapa-police-operation-grip-"
published_at: "2026-08-10T14:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7997ba76c76_arjun-ayanki-bail-cancellation-kaapa-police-operation-grip.jpg"
keywords: ["Arjun Ayanki", "KAAPA", "Operation Grip", "Gangster Kerala"]
---

# കുരുക്ക് മുറുകുന്നു...! അർജുൻ ആയങ്കി ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന് പൊലീസ്; ജാമ്യം റദ്ദാക്കാനും കാപ്പ ചുമത്താനും നീക്കം

> **Lead Summary:** **കണ്ണൂർ: ** അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്‌ കർശന നടപടികളിലേക്ക്. എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും, ജാമ്യവ്യവസ്ഥകൾ വ്യാപകമായി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് റൂറൽ എസ്.പി വ്യക്തമാക്കി.

## Article Content

**കണ്ണൂർ: ** അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ്‌ കർശന നടപടികളിലേക്ക്. എറണാകുളത്തെ മൂന്ന് കേസുകളിൽ ഒന്നിൽ ജാമ്യം ലഭിച്ചിരുന്നെങ്കിലും, ജാമ്യവ്യവസ്ഥകൾ വ്യാപകമായി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് റൂറൽ എസ്.പി വ്യക്തമാക്കി.

അർജുനെ ഉടൻ അറസ്റ്റ് ചെയ്ത ശേഷം കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു. ഇതിന് പുറമെ, അർജുൻ ആയങ്കിക്കെതിരെ കാപ്പ  ചുമത്തുന്നതിനുള്ള പ്രാരംഭ നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സമഗ്രമായ കേസ് ഹിസ്റ്ററി റിപ്പോർട്ട് ഈയാഴ്ച തന്നെ കണ്ണൂർ കളക്ടർക്ക് കൈമാറും.

കഴിഞ്ഞ ബുധനാഴ്ചയാണ് അർജുൻ കണ്ണൂരിൽ എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഒളിവിൽ കഴിയാൻ സഹായിച്ചവരെ കണ്ടെത്താനുള്ള ഊർജിത ശ്രമങ്ങൾ തുടരുകയാണ്. അർജുന് ഒളിത്താവളവും സഹായങ്ങളും ഒരുക്കിയത് സുഹൃത്ത് പ്രണവും ബന്ധുവായ കുട്ടനുമാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഇവരെ കണ്ടെത്താനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിനിടയിൽ, അർജുനെ അറസ്റ്റ് ചെയ്യാനുള്ള അപേക്ഷ കോതമംഗലം പൊലീസ് തലശ്ശേരി കോടതിയിൽ സമർപ്പിക്കും. സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള 'ഓപ്പറേഷൻ ഗ്രിപ്പ്' നടപടികൾ ശക്തമായി തുടരുകയാണ്. ഇതിന്റെ ഭാഗമായി സാമൂഹികവിരുദ്ധരെ നിരീക്ഷിക്കുന്നതോടൊപ്പം ഇവർക്ക് ലഭിക്കുന്ന സാമ്പത്തിക സ്രോതസ്സുകളും സഹായങ്ങളും പൊലീസ് അന്വേഷിച്ചു വരുന്നുണ്ട്.

എന്നാൽ ഗുണ്ടകൾക്കെതിരായ നീക്കങ്ങളുടെ വിശദാംശങ്ങൾ ഓരോ ദിവസവും പരസ്യപ്പെടുത്തേണ്ടതില്ലെന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ കർശന നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിൽ രഹസ്യ നീക്കങ്ങളാണ് പൊലീസ് വ്യാപകമായി നടത്തിവരുന്നത്. കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377770/arjun-ayanki-bail-cancellation-kaapa-police-operation-grip-)