---
title: "കേരളത്തിൽ പരക്കെ മഴ സാധ്യത...! ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത; അടുത്ത ദിവസങ്ങളിൽ മഴ ശക്തമായേക്കും "
english_title: "Kerala Weather Update: New Low Pressure Area in Bay of Bengal, Rain Till August 14"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377765/kerala-weather-rain-low-pressure-bay-of-bengal-august-2026-new-"
published_at: "2026-08-10T14:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7993598bcbd_kerala-weather-rain-low-pressure-bay-of-bengal-august-2026.jpg"
keywords: ["Kerala Weather", "Rain Alert", "Monsoon 2026", "Kerala Rain"]
---

# കേരളത്തിൽ പരക്കെ മഴ സാധ്യത...! ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത; അടുത്ത ദിവസങ്ങളിൽ മഴ ശക്തമായേക്കും 

> **Lead Summary:** **തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത രൂപപ്പെടുന്നു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കുമായി ഒരു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ആഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം: **ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത രൂപപ്പെടുന്നു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കുമായി ഒരു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ആഗസ്റ്റ് 12ഓടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിനുപുറമേ, മധ്യപ്രദേശിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദവും നിലവിലുണ്ട്. സംസ്ഥാനത്ത് 2026 ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത 3 മണിക്കൂറിനുള്ളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനുമാണ് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ നാല് ജില്ലകളിലെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ ചൊവ്വാഴ്ച രാത്രി 11.30 വരെ ശക്തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഈ പ്രദേശങ്ങളിൽ 1.0 മീറ്റർ മുതൽ 1.6 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചേക്കാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള പ്രദേശം.

കൊല്ലം: ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള തീരങ്ങൾ.

ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള ഭാഗങ്ങൾ.

തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെയുള്ള തീരപ്രദേശങ്ങൾ.

ഇതിനുപുറമെ, കന്യാകുമാരി തീരത്തും ഇതേ കാലയളവിൽ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കടലാക്രമണത്തിന് പുറമെ തീരശോഷണത്തിനും സാധ്യതയുള്ളതിനാൽ തീരവാസികൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള അപകടസാധ്യതയുള്ള മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിൽ ഇറക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. ഔദ്യോഗിക മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരങ്ങളും കടലിലിറങ്ങിയുള്ള വിനോദങ്ങളും കർശനമായി നിരോധിച്ചിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377765/kerala-weather-rain-low-pressure-bay-of-bengal-august-2026-new-)