---
title: "ഗൂഗിൾ മാപ്പ് ചതിച്ചു, വിവാഹസൽക്കാരത്തിന് പോകുന്നതിനിടെ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം "
english_title: "19-Year-Old Dies in Scooter Accident in Malappuram While Going to Wedding, Google Maps"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377746/malappuram-kuttippuram-scooter-accident-youth-dies-wedding-new"
published_at: "2026-08-10T13:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a798439699a3_malappuram-kuttippuram-scooter-accident-youth-dies-wedding-new.jpg"
keywords: ["Malappuram Accident", "Scooter Accident", "Road Accident Kerala", "Google Maps Accident"]
---

# ഗൂഗിൾ മാപ്പ് ചതിച്ചു, വിവാഹസൽക്കാരത്തിന് പോകുന്നതിനിടെ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **മലപ്പുറം: **വിവാഹസൽക്കാരത്തിന് പോകവെ ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്ത യുവാവ് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു മരിച്ചു. പൊന്നാനി പുറത്തൂർ തൃത്തല്ലൂർ കുന്നുങ്ങൽ കുളത്ത് അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് റിഷാൽ ആണ് മരിച്ചത്.

## Article Content

**മലപ്പുറം: **വിവാഹസൽക്കാരത്തിന് പോകവെ ഗൂഗിൾ മാപ്പ് നോക്കി യാത്രചെയ്ത യുവാവ് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു മരിച്ചു. പൊന്നാനി പുറത്തൂർ തൃത്തല്ലൂർ കുന്നുങ്ങൽ കുളത്ത് അബ്ദുൽ റസാഖിന്റെ മകൻ മുഹമ്മദ് റിഷാൽ ആണ് മരിച്ചത്.

കുറ്റിപ്പുറം കൊളക്കാട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പുറപ്പെട്ടതായിരുന്നു റിഷാൽ. വഴി കൃത്യമായി അറിയാത്തതിനാൽ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു യാത്ര. ഇതിനിടയിൽ കൊളക്കാട് ഇറക്കം ഇറങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ റിഷാലിനെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. എന്നാൽ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് അപകടസ്ഥലം കൃത്യമായി ചൂണ്ടിക്കാണിക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനത്തിനും അന്വേഷണത്തിനും പ്രയാസം സൃഷ്ടിച്ചു.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ രാത്രി വൈകിയാണ് പൊലീസ് യഥാർത്ഥ അപകടസ്ഥലം കണ്ടെത്തിയത്. സക്കീനയാണ് മാതാവ്. റിഫാനിയ, റസൽ എന്നിവർ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377746/malappuram-kuttippuram-scooter-accident-youth-dies-wedding-new)