---
title: " ഇത്തവണത്തെ താരം..; ഓണസദ്യ കളറാക്കാൻ കിടിലൻ 'പൈനാപ്പിൾ പായസം'"
english_title: "Easy Pineapple Payasam Recipe Kerala Style with Coconut Milk and Jaggery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377732/pineapple-payasam-recipe-kerala-ona-sadhya"
published_at: "2026-08-10T12:38:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79793c75875_pineapple-payasam-recipe-kerala-ona-sadhya.jpg"
keywords: ["Pineapple Payasam", "Onam Recipes", "Payasam Recipe", "KeralaFloods2026"]
---

#  ഇത്തവണത്തെ താരം..; ഓണസദ്യ കളറാക്കാൻ കിടിലൻ 'പൈനാപ്പിൾ പായസം'

> **Lead Summary:** ** **ഈ ഓണത്തിന് സദ്യയുടെ മാറ്റുകൂട്ടാൻ വ്യത്യസ്തമായ ഒരു പായസം പരീക്ഷിച്ചാലോ? തനി നാടൻ രുചിയിൽ തയ്യാറാക്കാവുന്ന ഒരു മലബാർ സ്പെഷ്യൽ പൈനാപ്പിൾ പായസത്തിന്റെ റെസിപ്പി താഴെ നൽകുന്നു.

## Article Content

** **ഈ ഓണത്തിന് സദ്യയുടെ മാറ്റുകൂട്ടാൻ വ്യത്യസ്തമായ ഒരു പായസം പരീക്ഷിച്ചാലോ? തനി നാടൻ രുചിയിൽ തയ്യാറാക്കാവുന്ന ഒരു മലബാർ സ്പെഷ്യൽ പൈനാപ്പിൾ പായസത്തിന്റെ റെസിപ്പി താഴെ നൽകുന്നു.

ആവശ്യമായ ചേരുവകൾ:

പൈനാപ്പിൾ: 1 എണ്ണം (പൊടിയായി അരിഞ്ഞത്)

ശർക്കര: 250 ഗ്രാം (ആവശ്യത്തിന് വെള്ളം ചേർത്ത് ഉരുക്കി അരിച്ചെടുത്തത്)

തേങ്ങ: 1 മുറി (തേങ്ങാപ്പാൽ എടുക്കാൻ - ഒന്നാം പാൽ അരക്കപ്പ്, രണ്ടാം പാൽ 1 കപ്പ്, മൂന്നാം പാൽ 2 കപ്പ്)

നെയ്യ്: 3-4 ടേബിൾസ്പൂൺ

ചെറുനാരങ്ങ നീർ: അര ടീസ്പൂൺ (പൈനാപ്പിളിന്റെ അസിഡിറ്റി ക്രമീകരിക്കാൻ)

തേങ്ങാക്കൊത്ത്: കാൽ കപ്പ്

അണ്ടിപരിപ്പും മുന്തിരിയും: ആവശ്യത്തിന്

ഏലക്കാപ്പൊടി, ചുക്ക് പൊടി: അര ടീസ്പൂൺ വീതം

തയ്യാറാക്കുന്ന വിധം:

 ആദ്യം ഒരു പാനിൽ 2 ടേബിൾസ്പൂൺ നെയ്യ് ഒഴിച്ച്, പൊടിയായി അരിഞ്ഞുവെച്ച പൈനാപ്പിളും അല്പം ചെറുനാരങ്ങ നീരും ചേർത്ത് നന്നായി വഴറ്റുക. പൈനാപ്പിൾ വെന്തുടഞ്ഞു വരുമ്പോൾ ഇതിലേക്ക് ഉരുകി അരിച്ചുവെച്ച ശർക്കരപ്പാനി ഒഴിച്ച് ഇളക്കുക. ഇത് കുറുകി വരുന്നതുവരെ  തിളപ്പിക്കുക.

രണ്ടാം പാലും മൂന്നാം പാലും ചേർക്കുന്നത്: ശർക്കര പാനി പൈനാപ്പിളിൽ നന്നായി പിടിച്ച് കുറുകി വരുമ്പോൾ, എടുത്തു വെച്ചിരിക്കുന്ന മൂന്നാം പാൽ (നല്ല നേർത്ത പാൽ) ഇതിലേക്ക് ഒഴിച്ച് ഇളക്കി തിളപ്പിക്കുക. ഇത് കുറുകി വരുമ്പോൾ രണ്ടാം പാലും ചേർക്കുക.

 പായസം പാകത്തിന് കുറുകി വരുമ്പോൾ ഏലക്കാപ്പൊടിയും ചുക്ക് പൊടിയും ചേർത്ത് നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. തീ ഓഫ് ചെയ്ത ശേഷം ഒന്നാം പാൽ (കട്ടിപ്പാൽ) ചേർത്ത് പതുക്കെ ഇളക്കുക. (ഒന്നാം പാൽ ചേർത്ത ശേഷം പായസം തിളപ്പിക്കരുത്). ഒരു ചെറിയ പാനിൽ ബാക്കി നെയ്യ് ചൂടാക്കി തേങ്ങാക്കൊത്ത്, അണ്ടിപരിപ്പ്, മുന്തിരി എന്നിവ വറുത്തെടുത്ത് പായസത്തിലേക്ക് ചേർക്കുക.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377732/pineapple-payasam-recipe-kerala-ona-sadhya)