---
title: "അർജുൻ ആയങ്കിയുടെ ഒളിവുജീവിതം സിനിമാ സ്റ്റൈൽ...! പൊലീസിനെ കബളിപ്പിക്കാൻ മൂന്ന് കാറുകൾ, എല്ലാത്തിനും ഒപ്പം നിന്നത് സുഹൃത്തുക്കൾ"
english_title: "Arjun Ayanki Hid in Kannur With Help of 6 Friends, Used Multiple Cars to Evade Police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377730/arjun-ayanki-kannur-hideout-friends-help-police-"
published_at: "2026-08-10T12:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79757040b91_arjun-ayanki-kannur-hideout-friends-help-police.jpg"
keywords: ["Arjun Ayanki", "Hideout Case", "Criminal Case", "Ramesh Chennithala"]
---

# അർജുൻ ആയങ്കിയുടെ ഒളിവുജീവിതം സിനിമാ സ്റ്റൈൽ...! പൊലീസിനെ കബളിപ്പിക്കാൻ മൂന്ന് കാറുകൾ, എല്ലാത്തിനും ഒപ്പം നിന്നത് സുഹൃത്തുക്കൾ

> **Lead Summary:** **കണ്ണൂർ : **കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിക്ക് സഹായവുമായി സുഹൃത്തുക്കൾ രംഗത്തുണ്ടായിരുന്നതായി പൊലീസിന്റെ കണ്ടെത്തൽ. ജിതിൻ എന്ന കുട്ടൻ, സുഭാഷ്, പ്രണവ്, സുജിൻ, രാഹുൽ തുടങ്ങിയവരാണ് അർജുന് ഒളിത്താവളങ്ങളും വാഹനങ്ങളും ഒരുക്കി നൽകിയത്.

## Article Content

**കണ്ണൂർ : **കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന അർജുൻ ആയങ്കിക്ക് സഹായവുമായി സുഹൃത്തുക്കൾ രംഗത്തുണ്ടായിരുന്നതായി പൊലീസിന്റെ കണ്ടെത്തൽ. ജിതിൻ എന്ന കുട്ടൻ, സുഭാഷ്, പ്രണവ്, സുജിൻ, രാഹുൽ തുടങ്ങിയവരാണ് അർജുന് ഒളിത്താവളങ്ങളും വാഹനങ്ങളും ഒരുക്കി നൽകിയത്.

കണ്ണൂരിൽ പൊലീസ് അന്വേഷണം ശക്തമാക്കിയതിനിടയിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് അർജുൻ കണ്ണൂരിലെത്തിയത്. അഴീക്കോട് സ്വദേശികളായ ജിതിനും സുഭാഷുമാണ് അർജുന് ആദ്യഘട്ടത്തിൽ ഒളിത്താവളം ഒരുക്കിയത്. തുടർന്ന് വ്യാഴാഴ്ച പകൽ മട്ടന്നൂരിലെത്തിയ അർജുൻ, സുഹൃത്തായ പ്രണവിന്റെ ജോലിസ്ഥലത്തിന് സമീപം കാറിനുള്ളിൽ മണിക്കൂറുകളോളം ചിലവഴിച്ചെങ്കിലും പുറത്തിറങ്ങിയില്ല.

വ്യാഴാഴ്ച രാത്രി തളിപ്പറമ്പിലെത്തിയ ഇയാൾ അവിടെ സുഹൃത്തായ സുജിന്റെ സഹായത്തോടെ മുറിയെടുത്തു. ശനിയാഴ്ച തളിപ്പറമ്പിൽ ഓട്ടോറിക്ഷയിൽ കറങ്ങിയ അർജുൻ, ചുടലയിൽ വെച്ച് രാഹുൽ എന്ന സുഹൃത്തിന്റെ ചുവന്ന നെക്സോൺ കാറിലാണ് കണ്ണൂരിലേക്ക് എത്തിയത്.

പൊലീസിനെ കബളിപ്പിക്കുന്നതിന്റെ ഭാഗമായി അർജുൻ മൂന്നിലധികം കാറുകൾ മാറിമാറി ഉപയോഗിച്ചു. ഇതിനിടയിൽ സ്ഥിരമായി ഉപയോഗിക്കുന്ന പ്രണവിന്റെ കാർ പൊലീസ് നിരീക്ഷണം തെറ്റിക്കാൻ നഗരത്തിലൂടെ വെറുതെ ഓടിക്കുകയും ചെയ്തിരുന്നു.

അർജുൻ ആയങ്കിയുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലയിൽ മാത്രം പൊലീസ് 30 പേരെ ചോദ്യം ചെയ്തതായി റിപ്പോർട്ട്. ലഭിച്ച 25 രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചത്.

അതേസമയം, അർജുൻ ആയങ്കിയുടെ അറസ്റ്റിന് പിന്നാലെ പത്തനംതിട്ടയിൽ വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയെ സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം ശക്തമായി വിമർശിച്ചു. മല്ലപ്പള്ളി കാട്ടാമലയിൽ സിപിഐഎം ലോക്കൽ സെക്രട്ടറിയുടെ വീടടക്കം കേന്ദ്രീകരിച്ചായിരുന്നു അർജുനുവേണ്ടി പൊലീസ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377730/arjun-ayanki-kannur-hideout-friends-help-police-)