---
title: "'ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ ഗത്യന്തരമില്ലാതെ ചെയ്തതാണ്, അല്ലെങ്കിൽ ജനം പ്രതിഷേധവുമായി ഇറങ്ങുമായിരുന്നു' - ഇ.പി. ജയരാജൻ"
english_title: "E P Jayarajan on TG Mohandas Arrest, Says Government Had No Other Option"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377721/ep-jayarajan-tg-mohandas-arrest-arjun-ayanki-response-"
published_at: "2026-08-10T11:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a797108b0aba_ep-jayarajan-tg-mohandas-arrest-arjun-ayanki-response.jpg"
keywords: ["E P Jayarajan", "TG Mohandas Arrest", "Arjun Ayanki", "CPIM"]
---

# 'ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ ഗത്യന്തരമില്ലാതെ ചെയ്തതാണ്, അല്ലെങ്കിൽ ജനം പ്രതിഷേധവുമായി ഇറങ്ങുമായിരുന്നു' - ഇ.പി. ജയരാജൻ

> **Lead Summary:** **കണ്ണൂർ : **ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ ഗത്യന്തരമില്ലാതെ ചെയ്തതാണെന്നും, നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങൾ വലിയ പ്രതിഷേധവുമായി രംഗത്തിറങ്ങുമായിരുന്നുവെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ കണ്ണൂരിൽ വ്യക്തമാക്കി.

## Article Content

**കണ്ണൂർ : **ടി.ജി. മോഹൻദാസിന്റെ അറസ്റ്റ് സർക്കാർ ഗത്യന്തരമില്ലാതെ ചെയ്തതാണെന്നും, നടപടി ഉണ്ടായില്ലെങ്കിൽ ജനങ്ങൾ വലിയ പ്രതിഷേധവുമായി രംഗത്തിറങ്ങുമായിരുന്നുവെന്നും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ കണ്ണൂരിൽ വ്യക്തമാക്കി.

ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയുടെ അറസ്റ്റ് മാധ്യമങ്ങൾ അസാമാന്യ സംഭവമാക്കി മാറ്റിയെന്നും അദ്ദേഹം വിമർശിച്ചു. കേരള പൊലീസ് എക്കാലത്തും ശക്തമാണെന്നും എന്നാൽ നിലവിലെ സ്ഥിതി മാറിയോ എന്ന കാര്യം തനിക്കറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

അർജുൻ ആയങ്കി പാർട്ടിയാണോ എന്ന ചോദ്യത്തിന്, അവൻ പാർട്ടി അല്ലെന്ന് എല്ലാവർക്കും അറിയാമെന്നായിരുന്നു ഇ.പി. ജയരാജന്റെ മറുപടി. നാളെ ആരെങ്കിലും വന്ന് താനാണ് പാർട്ടി എന്ന് അവകാശപ്പെട്ടാൽ എന്തുചെയ്യുമെന്നും, ആ രീതിയിൽ മാത്രം ഈ വിഷയത്തെ കണ്ടാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സോഷ്യൽ മീഡിയയിൽ വരുന്ന കാര്യങ്ങൾക്ക് പിന്നിൽ കൃത്യമായ പ്ലാൻ വർക്കുകൾ നടക്കുന്നുണ്ടെന്നും, പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകൾക്ക് പിന്നിൽ പ്രത്യേക നെറ്റ്‌വർക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ പിന്തുണയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന കണക്കുകളെല്ലാം തെറ്റാണെന്നും ജയരാജൻ പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് സി.പി.എമ്മിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ അർജുൻ ആയങ്കിയെ അനുകൂലിക്കുന്നവർ ഒരിക്കലും പാർട്ടിക്കാർ ആകാൻ ഇടയില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. രാഷ്ട്രീയ രംഗത്തും സോഷ്യൽ മീഡിയയിലും ഒരുപോലെ ചർച്ചയാകുന്ന വിവാദ വിഷയങ്ങളിൽ വ്യക്തമായ നിലപാടാണ് അദ്ദേഹം പങ്കുവെച്ചത്.

അതേസമയം വിവാദമായ വിദ്വേഷ പരാമർശങ്ങളുടെയും കലാപാഹ്വാനത്തിന്റെയും പേരിൽ ആർ.എസ്.എസ് സൈദ്ധാന്തികൻ ടി.ജി മോഹൻദാസിനെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. കൊച്ചി മട്ടാഞ്ചേരിയിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ഒരു മണിക്കൂറോളം നീണ്ട പരിശോധനകൾക്ക് ശേഷമാണ് കസ്റ്റഡിയിലെടുത്തത്.

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന വിവാദ പരാമർശമാണ് പ്രധാനമായും അറസ്റ്റിലേക്ക് നയിച്ചത്. തനിക്ക് അധികാരമോ സാഹചര്യമോ ലഭിക്കുകയാണെങ്കിൽ ഡൽഹിയിലെ ജന്തർ മന്തർ പരിസരത്ത് കർഫ്യൂ പ്രഖ്യാപിക്കുമെന്നും, പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം സമരക്കാരെ വെടിവെക്കുമെന്നും അദ്ദേഹം യൂട്യൂബ് ചാനലിലൂടെ പറഞ്ഞിരുന്നു.

വെടിവെപ്പിൽ മരിക്കുന്നവരുടെ ശവശരീരങ്ങൾ പെറുക്കിയെടുത്ത് ആശുപത്രിയിലെത്തിക്കുമെന്ന അത്യന്തം ക്രൂരമായ പരാമർശവും ഈ വിഡിയോയിലുണ്ടായിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നവർ ക്രിമിനലുകളാണെന്നും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നുമായിരുന്നു ടി.ജി മോഹൻദാസിന്റെ മറ്റൊരു പരാമർശം.

സമരക്കാർക്കിടയിൽ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും, അതിൽ ആർക്കും പരാതിയുണ്ടാകില്ലെന്നും അദ്ദേഹം അധിക്ഷേപിച്ചു. ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ഈ കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377721/ep-jayarajan-tg-mohandas-arrest-arjun-ayanki-response-)