---
title: "പി.എം ശ്രീ പദ്ധതി; യുഡിഎഫ് യോഗത്തിൽ വിയോജിപ്പ് അറിയിക്കാൻ മുസ്ലിം ലീഗ്"
english_title: "Muslim League To Express Dissent Over PM SHRI Scheme In UDF Meeting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377699/muslim-league-dissent-pm-shri-scheme-udf-meeting"
published_at: "2026-08-10T10:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a79621278360_muslim-league-dissent-pm-shri-scheme-udf-meeting.jpg"
keywords: ["PM SHRI", "Muslim League", "UDF", "Kerala Government", "Central Government", "Education"]
---

# പി.എം ശ്രീ പദ്ധതി; യുഡിഎഫ് യോഗത്തിൽ വിയോജിപ്പ് അറിയിക്കാൻ മുസ്ലിം ലീഗ്

> **Lead Summary:** **മലപ്പുറം: **പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍. വരുന്ന യുഡിഎഫ് യോഗത്തില്‍ മുസ്ലീം ലീഗന്റെ പിഎം ശ്രീ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാനാണിപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം.

## Article Content

**മലപ്പുറം: **പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയെന്നാണ് ലീഗ് വിലയിരുത്തല്‍. വരുന്ന യുഡിഎഫ് യോഗത്തില്‍ മുസ്ലീം ലീഗന്റെ പിഎം ശ്രീ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കാനാണിപ്പോള്‍ നേതൃത്വത്തിന്റെ തീരുമാനം.

പിഎം ശ്രീയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അണികള്‍ക്കിടയിലടക്കം അത് കടുത്ത അതൃപ്തിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, പി എം ശ്രീയില്‍ മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തി വിഷയം കൂടുതല്‍ വഷളാക്കേണ്ട എന്ന നിലപാടിലാണ് യുഡിഎഫ്. കേന്ദ്രത്തിന്റെ ഇടപെടല്‍ സിലബസില്‍ ഉണ്ടായാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.

പിഎം ശ്രീ ധാരണാപത്രത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്മാറാന്‍ കഴിയില്ലെന്നായിരുന്നു നേരത്തെ യുഡിഎഫ് വാദം. സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകാനും തീരുമാനിച്ചിരുന്നു. പദ്ധതിക്കായി ഇരുന്നൂറോളം സ്‌കൂളുകള്‍ തിരഞ്ഞെടുക്കാനായിരുന്നു ആലോചന. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പി എം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച ലീഗ് നേതാക്കന്മാര്‍ക്കെതിരെ ഈ തീരുമാനത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്നാണ് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിന്റെ മറുപടി. പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ നഷ്ടമാകും. ധാരണാപത്രം ഒപ്പിട്ട ശേഷം സംസ്ഥാനം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി മറുപടി നല്‍കി. പിവി അബ്ദുല്‍ വഹാബ് എംപിയുടെ ചോദ്യത്തിനായിരുന്നു മറുപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377699/muslim-league-dissent-pm-shri-scheme-udf-meeting)