---
title: "പ്രണയം നടിച്ച് കെണി, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി, കുടുംബസമേതമെന്ന വ്യാജേന ലഹരിക്കടത്ത്; കോഴിക്കോട് ലഹരി സംഘത്തിൽ കിക്ക് ബോക്സർമാർക്കും പങ്ക്"
english_title: "Kozhikode Drug Racket Linked To Kick Boxers Sakhesh Koombali Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377672/kozhikode-drug-racket-sakhesh-koombali-kick-boxers-arrest"
published_at: "2026-08-10T08:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a793c8a6acf6_kozhikode-drug-racket-sakhesh-koombali-kick-boxers-arrest.jpg"
keywords: ["Kozhikode", "Drug Racket", "Sakhesh Koombali", "Kick Boxers", "Narcotics"]
---

# പ്രണയം നടിച്ച് കെണി, നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി, കുടുംബസമേതമെന്ന വ്യാജേന ലഹരിക്കടത്ത്; കോഴിക്കോട് ലഹരി സംഘത്തിൽ കിക്ക് ബോക്സർമാർക്കും പങ്ക്

> **Lead Summary:** കോഴിക്കോട്: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പിടിയിലായ അന്തർ സംസ്ഥാന ലഹരി സംഘത്തിലെ കണ്ണി സാഖേഷ് കൂമ്പാളിയുടെ കൂട്ടുകച്ചവടക്കാരായി കിക്ക് ബോക്സർമാരും ഉണ്ടെന്ന് കണ്ടെത്തി. ഇതോടെ നഗരത്തിലെയും പരിസരത്തെയും ചില ബോക്സർമാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

## Article Content

കോഴിക്കോട്: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം പിടിയിലായ അന്തർ സംസ്ഥാന ലഹരി സംഘത്തിലെ കണ്ണി സാഖേഷ് കൂമ്പാളിയുടെ കൂട്ടുകച്ചവടക്കാരായി കിക്ക് ബോക്സർമാരും ഉണ്ടെന്ന് കണ്ടെത്തി. ഇതോടെ നഗരത്തിലെയും പരിസരത്തെയും ചില ബോക്സർമാരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി.

തമിഴ് സിനിമയിലെ ‘റോളക്സ്’ എന്ന കഥാപാത്രത്തെ മാതൃകയാക്കി ഡോൺ പ്രതിച്ഛായ സൃഷ്ടിച്ച് സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന സാഖേഷിനൊപ്പം യുവതികൾ ഉൾപ്പെടെ 200-ഓളം പേർ ലഹരി വിൽപ്പനയുടെ കണ്ണികളായി പ്രവർത്തിക്കുന്നതായി പോലീസിന് വിവരം ലഭിച്ചു.

മുക്കം, കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത്, കുഴൽപ്പണ സംഘമാണ് ലഹരി എത്തിക്കുന്നതിന് പണമിറക്കുന്നതെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളെ പരിചയപ്പെട്ട് പ്രണയം നടിച്ച് ലഹരി നൽകുകയും, പിന്നീട് ലോഡ്ജുകളിൽ എത്തിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയുമാണ് സംഘത്തിന്റെ രീതി.

ഇത്തരത്തിൽ കുരുക്കിലാക്കുന്ന പെൺകുട്ടികളെയാണ് പിന്നീട് ലഹരി കടത്തിന് ഉപയോഗിക്കുന്നത്. കുടുംബസമേതം യാത്ര ചെയ്യുന്ന പ്രതീതി ഉണ്ടാക്കിയാണ് യുവതികളോടൊപ്പം കാറുകളിൽ ലഹരി കടത്തുന്നത്. നഗരത്തിലെയും പരിസരത്തെയും സ്വകാര്യ ലോഡ്ജ് നടത്തിപ്പുകാർക്ക് സംഘവുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നു. ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരിയിലെ വനാതിർത്തിക്കടുത്തുള്ള സ്വകാര്യ റിസോർട്ട് വളഞ്ഞാണ് കോഴിക്കോട് എരഞ്ഞിക്കൽ സ്വദേശിയായ സാഖേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആയുധം കാട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെയാണ് കീഴടക്കിയത്.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിനും ലഹരി കടത്തിനും ഉൾപ്പെടെ 19 കേസുകൾ ഇയാളുടെ പേരിലുണ്ട്. ലഹരി സംഘത്തിന്റെ വലയിൽ നിന്ന് രക്ഷപ്പെട്ട ഒരു പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് സംഘത്തെ പിന്തുടർന്നത്. സാഖേഷ് ഒരു ദിവസം 50,000 മുതൽ 75,000 രൂപ വരെ ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പണം നൽകാതെ മുങ്ങുന്നവരെ ബോക്സർമാരെ ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുന്ന രീതിയും ഇയാൾ പിന്തുടരുന്നു. ഒരു ഇടപാടുകാരനെ മർദിക്കുന്നത് വീഡിയോ കോളിലൂടെ കണ്ട് ആർത്തുചിരിക്കുന്ന സാഖേഷിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മർദനമേറ്റ ആളെക്കുറിച്ചുള്ള അന്വേഷണവും പോലീസ് തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377672/kozhikode-drug-racket-sakhesh-koombali-kick-boxers-arrest)