---
title: "'ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞ വിരൽ എഐ സർജറിയിലൂടെ ചേർത്ത് തന്നിട്ടുണ്ട്'; അർജുൻ ആയങ്കിക്കൊപ്പം വ്യാജചിത്രം, നിയമനടപടിയെന്ന് പി ജയരാജന്‍"
english_title: "P Jayarajan Legal Action Against Fake AI Photo With Arjun Ayanki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377667/p-jayarajan-legal-action-fake-ai-photo-arjun-ayanki"
published_at: "2026-08-10T06:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a792815d8f80_p-jayarajan-legal-action-fake-ai-photo-arjun-ayanki.jpg"
keywords: ["P Jayarajan", "Arjun Ayanki", "AI Fake Image", "Cyber Defamation", "CPM", "Instagram"]
---

# 'ആർഎസ്എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞ വിരൽ എഐ സർജറിയിലൂടെ ചേർത്ത് തന്നിട്ടുണ്ട്'; അർജുൻ ആയങ്കിക്കൊപ്പം വ്യാജചിത്രം, നിയമനടപടിയെന്ന് പി ജയരാജന്‍

> **Lead Summary:** **കൊച്ചി: **തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പി. ജയരാജൻ ചേർത്തുപിടിച്ച് നിൽക്കുന്ന എ.ഐ നിർമിത ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചരണം നടന്നത്.

## Article Content

**കൊച്ചി: **തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ. ക്രിമിനൽ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പി. ജയരാജൻ ചേർത്തുപിടിച്ച് നിൽക്കുന്ന എ.ഐ നിർമിത ചിത്രം ഉപയോഗിച്ചാണ് വ്യാജപ്രചരണം നടന്നത്.

എന്നാൽ ആർ.എസ്.എസ് ആക്രമണത്തിൽ നഷ്ടപ്പെട്ട ഇടതുകയ്യിലെ പെരുവിരൽ എ.ഐ ഉപയോഗിച്ച് നിർമിച്ച ചിത്രത്തിൽ തിരികെ വന്നതാണ് വ്യാജപ്രചാരകർക്ക് സംഭവിച്ച വലിയ അബദ്ധമെന്ന് പി. ജയരാജൻ ചൂണ്ടിക്കാട്ടി. 27 വർഷം മുൻപ് ഒരു തിരുവോണ നാളിൽ ആർ.എസ്.എസ് ക്രിമിനലുകൾ വെട്ടിയരിഞ്ഞതാണ് തന്റെ കയ്യിലെ പെരുവിരൽ എന്ന് അദ്ദേഹം ഓർമിപ്പിച്ചു.

> "ഇപ്പോൾ ചിലർ എഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ അടക്കം ചേർത്ത് തന്നിട്ടുണ്ട്" എന്ന് പി. ജയരാജൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വ്യാജപ്രചരണത്തിന് ഉപയോഗിച്ച ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചു. 'ട്രിവാൻഡ്രം വൈബ്സ്' അടക്കമുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിൽ നിന്നാണ് ചിത്രം പ്രചരിച്ചതെന്ന് ജയരാജൻ പങ്കുവെച്ച സ്ക്രീൻഷോട്ടിൽ വ്യക്തമാണ്.

അർജുൻ ആയങ്കിയെ ക്രിമിനൽ ആക്കിയത് പി. ജയരാജൻ ആണെന്ന് മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ് ആരോപണം ഉന്നയിച്ചിരുന്നു. സിപിഐഎം നേരത്തെ തന്നെ ഈ പ്രചരണത്തെ തള്ളി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വ്യാജപ്രചരണത്തിനെതിരെ പി. ജയരാജൻ നേരിട്ട് നിയമനടപടികളുമായി മുന്നോട്ട് വന്നിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377667/p-jayarajan-legal-action-fake-ai-photo-arjun-ayanki)