---
title: "അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ച, തളിപ്പറമ്പിലെ ലോഡ്ജിൽ രണ്ട് ദിവസം തങ്ങി, സഹായത്തിന് ഒപ്പം സുഹൃത്തും ബന്ധുവുമെന്ന് പൊലീസ് "
english_title: "Kerala Police To Invoke KAPA Against Arjun Ayanki Operation Grip Continues"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377666/kapa-action-arjun-ayanki-operation-grip-kerala-police"
published_at: "2026-08-10T06:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7839a1e4a02_arjun-ayanki-pranav-social-media-posts-two-associates-arrested.jpg"
keywords: ["Arjun Ayanki", "KAPA", "Operation Grip", "Kerala Police", "Ramesh Chennithala", "Gundas"]
---

# അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ച, തളിപ്പറമ്പിലെ ലോഡ്ജിൽ രണ്ട് ദിവസം തങ്ങി, സഹായത്തിന് ഒപ്പം സുഹൃത്തും ബന്ധുവുമെന്ന് പൊലീസ് 

> **Lead Summary:** **കണ്ണൂർ: **പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

## Article Content

**കണ്ണൂർ: **പൊലീസിനെ വെല്ലുവിളിച്ച അർജുൻ ആയങ്കി കണ്ണൂരിൽ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തൽ. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നൽകിയത് എന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അതേസമയം, അർജുൻ ആയെങ്കിക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ പൊലീസ് ഈ ആഴ്ചക്കുള്ളിൽ നൽകും. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ മുഖേന കണ്ണൂർ ജില്ലാ കളക്ടർക്കാണ് കേസ് ഹിസ്റ്ററി റിപ്പോർട്ട്‌ നൽകുക. ജില്ലാ കളക്ടർ ആകും റിപ്പോർട്ടിന്മേൽ അന്തിമ തീരുമാനം എടുക്കുന്നത്.

ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷൻ ഗ്രിപ്പ് സംസ്ഥാനത്ത് തുടരുകയാണ്. ഗുണ്ടകളെ നിരീക്ഷിക്കുന്നതോടൊപ്പം ഇവർക്കുള്ള സാമ്പത്തിക സഹായവും പൊലിസ് പരിശോധിക്കുകയാണ്. ഗുണ്ടകള്‍ക്കെതിരായ നടപടിയെ കുറിച്ച് വിശദാംശങ്ങള്‍ ഓരോ ദിവസവും പുറത്തേക്ക് വിടേണ്ടതില്ലെന്നാണ് ജില്ലാ പൊലിസ് മേധാവിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. രഹസ്യമായി നീക്കങ്ങള്‍ നടത്തണെമെന്നാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി നിർദേശം നൽകിയിരിക്കുന്നത്.

സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആളുകൾക്ക് ജീവനും സ്വത്തിനും സുരക്ഷയും സമാധാനവുമാണ് ആവശ്യമെന്നും, ഗുണ്ടകളെയും റീൽ ഗുണ്ടകളെയും പോറ്റി വളർത്തുന്നവർ മര്യാദയ്ക്ക് ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അർജുൻ ആയങ്കിയെ കുറിച്ച് പരാതി ലഭിച്ചയുടൻ തന്നെ ക്രൈം-സൈബർ ഐജിമാർക്ക് കൈമാറുകയും നിയമപരമായ നടപടികളിലൂടെയാണ് കേസുകളിൽ മുന്നോട്ട് പോയതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പെട്ടെന്നുള്ള അറസ്റ്റുകൾക്ക് പകരം കോടതിയുടെ പരിഗണനയിൽ നിലനിൽക്കുന്ന തരത്തിൽ കൃത്യമായ അന്വേഷണ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377666/kapa-action-arjun-ayanki-operation-grip-kerala-police)