---
title: "'ഗുണ്ടകളുടെ അഴിഞ്ഞാട്ടം അനുവദിക്കില്ല, പോറ്റി വളർത്തുന്നവർ മര്യാദയ്ക്ക് ഇരിക്കണം' -ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല"
english_title: "Ramesh Chennithala Warning On Gundas Reel Gundas Kerala Police Action"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377662/ramesh-chennithala-warning-gundas-reel-gundas-kerala-police"
published_at: "2026-08-10T06:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78002c3efba_ramesh-chennithala-goonda-crackdown-arjun-ayanki-arrest.jpg"
keywords: ["Ramesh Chennithala", "Arjun Ayanki", "Kerala Police", "Gundas", "Reel Gundas", "Coastal Police"]
---

# 'ഗുണ്ടകളുടെ അഴിഞ്ഞാട്ടം അനുവദിക്കില്ല, പോറ്റി വളർത്തുന്നവർ മര്യാദയ്ക്ക് ഇരിക്കണം' -ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആളുകൾക്ക് ജീവനും സ്വത്തിനും സുരക്ഷയും സമാധാനവുമാണ് ആവശ്യമെന്നും, ഗുണ്ടകളെയും റീൽ ഗുണ്ടകളെയും പോറ്റി വളർത്തുന്നവർ മര്യാദയ്ക്ക് ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആളുകൾക്ക് ജീവനും സ്വത്തിനും സുരക്ഷയും സമാധാനവുമാണ് ആവശ്യമെന്നും, ഗുണ്ടകളെയും റീൽ ഗുണ്ടകളെയും പോറ്റി വളർത്തുന്നവർ മര്യാദയ്ക്ക് ഇരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അർജുൻ ആയങ്കിയെ കുറിച്ച് പരാതി ലഭിച്ചയുടൻ തന്നെ ക്രൈം-സൈബർ ഐജിമാർക്ക് കൈമാറുകയും നിയമപരമായ നടപടികളിലൂടെയാണ് കേസുകളിൽ മുന്നോട്ട് പോയതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പെട്ടെന്നുള്ള അറസ്റ്റുകൾക്ക് പകരം കോടതിയുടെ പരിഗണനയിൽ നിലനിൽക്കുന്ന തരത്തിൽ കൃത്യമായ അന്വേഷണ നടപടികളാണ് പൊലീസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, തിരുവനന്തപുരത്ത് കടലിൽ കാണാതായ മൂന്ന് പേർക്കായുള്ള തിരച്ചിൽ ശക്തമായി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. കോസ്റ്റ് ഗാർഡ്, നേവി, സ്കൂബ ഡൈവേഴ്സ് എന്നിവർക്കൊപ്പം പ്രാദേശിക മത്സ്യത്തൊഴിലാളികളെയും ഉൾപ്പെടുത്തിയാണ് തിരച്ചിൽ പുരോഗമിക്കുന്നത്.

തുടക്കത്തിൽ അന്വേഷണത്തിലും തിരച്ചിലിലും എന്തെങ്കിലും അപാകതകൾ ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ബാധിക്കപ്പെട്ട കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ തലത്തിൽ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ക്യാബിനറ്റ് യോഗത്തിൽ വിഷയം ഉന്നയിക്കാൻ മന്ത്രി ഷിബു ബേബി ജോണുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോസ്റ്റൽ പൊലീസിനുള്ള പരിമിതമായ സൗകര്യങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ആവശ്യത്തിന് ബോട്ടുകളും വാഹനങ്ങളും ഇല്ലാത്തത് കോസ്റ്റൽ പൊലീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്ന പരാതികൾ ഗൗരവമായി കാണുമെന്നും, ഇത്തരം സംഭവങ്ങൾ അതിലേക്ക് കണ്ണുതുറപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

താൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയ കോസ്റ്റൽ പൊലീസ് ഹെഡ്ക്വാർട്ടേഴ്സിന്റെ നിർമ്മാണം പൂർത്തിയാക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എത്തിക്കാനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377662/ramesh-chennithala-warning-gundas-reel-gundas-kerala-police)