---
title: "'ആയങ്കിക്ക് ഒരു നിയമവും, രാഹുലിനു മറ്റൊരു നിയമവും പാടില്ല; പീഡനക്കേസ് പ്രതിക്ക് ആഭ്യന്തരമന്ത്രിയുടെ ഓഫിസിൽ എന്താണ് കാര്യം?'- ഫെയ്സ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരി"
english_title: "Akash Thillankeri Slams Rahul Mankootathil Over Home Minister Office Visit"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377648/kannur-akash-thillankeri-rahul-mankootathil-facebook-post"
published_at: "2026-08-09T20:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7892c763501_kannur-akash-thillankeri-rahul-mankootathil-facebook-post.jpg"
keywords: ["Arjun Ayanki Arrest", "Akash Thillankeri", "Rahul Mankootathil", "Facebook Post"]
---

# 'ആയങ്കിക്ക് ഒരു നിയമവും, രാഹുലിനു മറ്റൊരു നിയമവും പാടില്ല; പീഡനക്കേസ് പ്രതിക്ക് ആഭ്യന്തരമന്ത്രിയുടെ ഓഫിസിൽ എന്താണ് കാര്യം?'- ഫെയ്സ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരി

> **Lead Summary:** കണ്ണൂർ: സംസ്ഥാനത്ത് രണ്ട് തരം നിയമമുണ്ടോ, അർജുൻ ആയങ്കിക്ക് ഒരു നിയമവും രാഹുൽ മാങ്കൂട്ടത്തിലിന് മറ്റൊരു നിയമവും. ചോദ്യവുമായി ആകാശ് തില്ലങ്കേരി.

## Article Content

കണ്ണൂർ: സംസ്ഥാനത്ത് രണ്ട് തരം നിയമമുണ്ടോ, അർജുൻ ആയങ്കിക്ക് ഒരു നിയമവും രാഹുൽ മാങ്കൂട്ടത്തിലിന് മറ്റൊരു നിയമവും. ചോദ്യവുമായി ആകാശ് തില്ലങ്കേരി.

അർജുൻ ആയങ്കിയുടെ അറസ്റ്റിനു പിന്നാലെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരി രംഗത്തെത്തി.അർജുന്റെ അറസ്റ്റിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ പ്രശംസിച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആകാശ് തില്ലങ്കേരിയുടെ വിമർശനം.

മൂന്ന് പീഡന കേസുകളിൽ പ്രതി ചേർക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനു സംസ്ഥാന ആഭ്യന്തര വകുപ്പിൽ എന്താണ് കാര്യമെന്നാണ് ആകാശിന്റെ ചോദ്യം. ആഭ്യന്തര മന്ത്രിയുടെ ഓഫിസിൽ രാഹുലിനൊപ്പം നിൽക്കുന്ന ഫോട്ടോ കെ.എം. ഹാരിസ് എന്ന കോൺഗ്രസ് നേതാവ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.

ഇതിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് ആകാശ് തില്ലങ്കേരിയുടെ ചോദ്യം. പീഡന കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി ഐപിഎസിനെ കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കാനായുള്ള ചരടുവലികൾ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയെന്നും ആരോപണമുണ്ട്.

**ആകാശ് തില്ലങ്കേരിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം**

***മൂന്ന് പീഡന കേസുകളിൽ പ്രതി ചേർക്കപ്പെട്ട,അതിന്റെ പേരിൽ ഇത്തവണ പാലക്കാട് സീറ്റ് നിഷേധിക്കപ്പെട്ട,കോൺഗ്രസ് പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കിയിട്ടുള്ള രാഹുൽ മാങ്കൂട്ടത്തിൽ എന്ന പെർവെർട്ടിനു സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഓഫിസിൽ എന്താണ് കാര്യം?***

***സ്വന്തം ജില്ലയായ പത്തനംതിട്ടയിൽ പ്രളയജലം വന്ന് നിറഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് ക്യാംപ് ചെയ്ത് താൻ പ്രതിയാക്കപ്പെട്ടിട്ടുള്ള കേസുകളിലെ അന്വേഷണ ഉദ്യോഗസ്ഥയായ പൂങ്കുഴലി ഐപിഎസിനെ കേസ് അന്വേഷണ ചുമതലയിൽ നിന്ന് ഒഴിവാക്കാനായുള്ള ചരടുവലികൾ നടത്തുകയായിരുന്നു ഇയാൾ എന്നാണറിവ്. അടുത്തിടെയായി ആഭ്യന്തരമന്ത്രിയുടെ ഓഫിസിലെ സ്ഥിരം സന്ദർശകനാണത്രേ ഇദ്ദേഹം.***

***ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത് എറണാകുളം ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവായ കെ.എം.ഹാരിസാണ്. അടുത്ത തവണ ആഭ്യന്തര വകുപ്പ് മന്ത്രി മാധ്യമങ്ങളെ കാണുമ്പോൾ ഇതും കൂടി നിങ്ങൾ അദ്ദേഹത്തോടൊന്ന് ചോദിക്കണേ മാധ്യമപ്രവർത്തകരേ. നിയമം എല്ലാവർക്കും തുല്യമായിരിക്കണം. ആയങ്കിക്ക് ഒരു നിയമവും, രാഹുലിനു മറ്റൊരു നിയമവും എന്നത് പാടില്ല. അതായത്, രണ്ടും കൂടി ഒരുമിച്ചു വേണ്ടാ...***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377648/kannur-akash-thillankeri-rahul-mankootathil-facebook-post)