---
title: "വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമര്‍ശക്കേസ്; ടിജി മോഹൻദാസ് കസ്റ്റഡിയിൽ, ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തിക്കും"
english_title: "RSS Leader TG Mohandas Taken Into Custody Over Delhi Students Remark"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/377643/kochi-tg-mohandas-arrested-delhi-students-remark-cyber-crime"
published_at: "2026-08-09T18:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a78805bd17ec_kochi-tg-mohandas-arrested-delhi-students-remark-cyber-crime.jpg"
keywords: ["TG Mohandas", "Cyber Crime Police", "TG Mohandas Hate Speech Case", "Delhi  Student Protest"]
---

# വിദ്യാർത്ഥികൾക്കെതിരായ വിദ്വേഷ പരാമര്‍ശക്കേസ്; ടിജി മോഹൻദാസ് കസ്റ്റഡിയിൽ, ഇന്ന് രാത്രി തിരുവനന്തപുരത്ത് എത്തിക്കും

> **Lead Summary:** കൊച്ചി: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അല്പസമയം മുമ്പ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിൽ എത്തിയ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് നടപടി സ്വീകരിച്ചത്.

## Article Content

കൊച്ചി: ദില്ലിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച സംഭവത്തിൽ ആർഎസ്എസ് നേതാവ് ടിജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അല്പസമയം മുമ്പ് എറണാകുളം മട്ടാഞ്ചേരിയിലുള്ള വീട്ടിൽ എത്തിയ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് നടപടി സ്വീകരിച്ചത്.

കേസെടുത്ത് പതിനൊന്നാം ദിവസമാണ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. തുടർന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കും എന്നാണ് പൊലീസ് അറിയിച്ചത്.

ദില്ലിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വെടിവെച്ച് കൊല്ലണമെന്നായിരുന്നു ടിജി മോഹൻദാസിന്റെ വിവാദ പ്രസ്താവന. ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ ഹീനമായ പരാമർശങ്ങൾ നടത്തിയെന്നാണ് കേസ്.

അശ്ലീലവും അധിക്ഷേപവും നിറച്ച വീഡിയോകൾ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ച് ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. ഇതിനെതിരെ സംസ്ഥാന വ്യാപകമായി വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

ഇതേതുടർന്ന് ആദ്യം പരാതി നൽകിയത് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ ആണ്. പിന്നാലെ നിരവധി സംഘടനകളും വ്യക്തികളും പരാതി നൽകി.സൈബർ സെൽ ഓപ്പറേഷൻസ് ഐജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയെങ്കിലും കേസെടുക്കാൻ വന്ന കാലതാമസം വലിയ ചർച്ചയായി.

പരാതികൾ ലഭിച്ച് മൂന്നാം ദിവസമാണ് ഒടുവിൽ കേസെടുത്തത്.ജൂലൈ 29നാണ് കലാപാഹ്വാനത്തിന് കേസെടുത്തത്. ഐടി ആക്ട്, ബിഎൻഎസ് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.

സോഷ്യൽ മീഡിയയിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും സമൂഹത്തിൽ ഭിന്നതയുണ്ടാക്കുകയും ചെയ്തെന്നാണ് പ്രധാന ആരോപണം. അറസ്റ്റിന് ശേഷം കൂടുതൽ ചോദ്യം ചെയ്യലും തെളിവ് ശേഖരണവും നടത്തുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/377643/kochi-tg-mohandas-arrested-delhi-students-remark-cyber-crime)